അട്ടപ്പാടിയിലെ ശിശു മരണത്തെക്കുറിച്ച് പഠിക്കാൻ സംസ്ഥാനത്ത് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നു

അട്ടപ്പാടിയിലെ ശിശു മരണത്തെകുറിച്ച് പഠിക്കാൻ സംസ്ഥാനത്ത് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നു. കൊൽക്കത്തയിൽ നിന്നുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ ആന്ത്രപ്പോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഫീൽഡ് സ്റ്റേഷൻ കേരളത്തിൽ തുടങ്ങും.

പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍റെ അഭ്യർത്ഥന പ്രകാരമാണ് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. അട്ടപ്പാടിയിലെ ശിശു മരണത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സ്ഥാപനം ആന്ത്രപ്പോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പഠനം നടത്തും. വയനാട്ടിൽ ഫീൽഡ് സ്റ്റേഷൻ സ്ഥാപിക്കും

വയനാട് ചെതലയത്തുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രൈബൽ റിസർച്ച് സെന്‍ററിലാണ് ഫീൽഡ് സ്റ്റേഷൻ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിയത്. ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായാൽ ഉടൻ പ്രവർത്തനമാരംഭിക്കും.

കേന്ദ്രം സ്ഥാപിക്കുന്നതിനും പഠനം നടത്തുന്നതിനുമുള്ള മുഴുവൻ ചെലവും ആന്ത്രപ്പോളജിക്കൽ ഇൻസ്റ്റ്യറ്റ്യൂട്ട് തന്നെയാണ് വഹിക്കുക. അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ ശിശു മരണം കൂടുന്നത് പോഷകാഹാര കുറവുമൂലമാണെന്നായിരുന്നു ആദ്യ നിഗമനം.

പോഷകാഹാര കുറവ് പരിഹരിച്ചിട്ടും ശിശു മരണം തുടർന്ന സാഹചര്യത്തിലാണ് ജനിതക രോഗ സാധ്യതയെകുറിച്ച് പഠിക്കാൻ സർക്കാർ ആലോചിച്ചതെന്ന് വകുപ്പ് മന്ത്രി എകെ ബാലൻ പറഞ്ഞു.

ഡബ്ല്യുടിഒ, ഡർബൻ കോണ്‍ഫറൻസുകളിൽ ഇന്ത്യയിലെ ആദിമ മനുഷ്യരെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന കേന്ദ്ര സർക്കാർ സ്ഥാപനമാണ് ആന്ത്രപ്പോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ. ജൂലായിയിൽ മന്ത്രി നേരിട്ട് സന്ദർശിച്ചാണ് ഫീൽഡ് സ്റ്റേഷൻ കേരളത്തിൽ സ്ഥാപിക്കാൻ അഭ്യർത്ഥിച്ചത്.

പ്രളയം കാരണം തുടർ നടപടികൾ വൈകിയെങ്കിലും ഈ വർഷം തന്നെ സ്ഥാപിക്കാനാവുമെന്നാണ് വകുപ്പിന്‍റെ പ്രതീക്ഷ. അട്ടപ്പാടിയിലെ ശിശു മരണത്തിന് കാരണമായ ജനിതക വൈകല്യങ്ങളെ കുറിച്ച് പഠിക്കുന്നതിനൊപ്പം വയനാട്ടിലെ സിക്കിൾ സെൽ അനീമിയയെ കുറിച്ചും പഠനം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here