ഒയോ റൂംസിന്റെ ചൂഷണത്തിനെതിരെ ബജറ്റ് ഹോട്ടലുകൾ

മുംബൈ : ഇന്ത്യയില്‍ ബജറ്റ് ഹോട്ടല്‍ മുറികള്‍ ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ലഭ്യമാക്കി ഹോസ്പിറ്റാലിറ്റി ബിസിനസില്‍ വിപ്ലവകരമായ മാറ്റം വരുത്തിയ ‘ഒയോ’ ഒരു ഹോട്ടല്‍ മുറി പോലും സ്വന്തമായി ഇല്ലാതെയാണ് വാടകയ്ക്ക് നല്‍കുന്ന ബിസിനസിലേക്ക് കടന്നത്.

കുറഞ്ഞകാലം കൊണ്ടുതന്നെ വിരൽത്തുമ്പിൽ ഹോട്ടല്‍ മുറികൾ തിരഞ്ഞെടുക്കാവുന്ന ആപ്പുകള്‍ക്കിടയില്‍ ഓയോ താരമായി മാറുകയായിരുന്നു. എന്നാൽ ഹോട്ടലുകളുടെ നിയന്ത്രണങ്ങൾ കൈപ്പിടിയിലായപ്പോൾ കരാറുകൾ ലംഘിച്ച് തങ്ങളെ ചൂഷണം ചെയ്യുകയാണെന്ന പരാതിയുമായാണ് മുംബൈയിലെ ബജറ്റ് ഹോട്ടൽസ് അസോസിയേഷൻ രംഗത്തെത്തിയിരിക്കുന്നത്.

ഒയോ റൂംസ് പ്രവർത്തിക്കുന്നതുമൂലം തങ്ങൾക്ക് വൻ സാമ്പത്തിക ബാധ്യതയാണുണ്ടാകുന്നതെന്ന് പരാതിപ്പെട്ടു. മുംബൈയിൽ പ്രത്യേകം വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അസോസിയേഷൻ ഭാരവാഹികൾ. ഓൺലൈൻ ബുക്കിങ് നടത്തുന്ന ഒയോ റൂംസിനെതിരേയാണ് ഇവർ പരാതി ഉയർത്തിയത്.

തുടക്കത്തിൽ ഒയോ റൂംസ് കരാർ പ്രകാരം തന്നെയാണ് വ്യാപാരം നടത്തിയിരുന്നതെന്നും എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ നേരത്തേ പറഞ്ഞുറപ്പിച്ച വ്യവസ്ഥകളിൽ നിന്നെല്ലാം മാറി അവർ തീരുമാനിക്കുന്ന വ്യവസ്ഥകൾ ചെറുകിട ബജറ്റ് ഹോട്ടലുകൾക്ക് മേൽ അടിച്ചേൽപ്പിക്കുകയാണെന്നുമാണ് ഇവർ പരാതിപ്പെടുന്നത്. ഇതുകാരണം നല്ല നിലയിൽ പ്രവർത്തിച്ചുവന്ന ഹോട്ടൽ പോലും സാമ്പത്തിക പ്രശ്നത്തിൽപ്പെട്ട അവസ്ഥയിലാണെന്നും അവർ പറഞ്ഞു.

‘മുംബൈയിൽ ബജറ്റ് ഹോട്ടൽ അസോസിയേഷനിൽ 250-ഓളം അംഗങ്ങളാണുള്ളത്. ഇതിൽ നൂറോളം പേർ മലയാളി ഹോട്ടലുടമകളാണ്. ഇവിടെ മാത്രം ഒയോ റൂംസ് 10 മുതൽ 15 കോടി രൂപ വരെ കുടിശ്ശിക വരുത്തിയിരിക്കയാണ്.

ഈ അവസ്ഥയിൽ എങ്ങനെ മുന്നോട്ടുപോകുമെന്നാണ് ഇവരെല്ലാം ചോദിക്കുന്നത്. ചിലരുടെ ഹോട്ടലുകൾ പിടിച്ചെടുക്കാൻ വരെ ഒയോ പദ്ധതി തയ്യാറാക്കുന്നുവെന്നും പരാതിയുണ്ട്.

മുംബൈയിൽ മാത്രമല്ല രാജ്യത്തെല്ലായിടത്തും ഒയോ ഇതേ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നാണ് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞതാണെന്നാണ് ഇവർ പറയുന്നത്. ഒയോ റൂംസിന്റെ ചൂഷണത്തിനെതിരെ അഖിലേന്ത്യാടിസ്ഥാനത്തിൽ തന്നെ ഒത്തുകൂടാൻ ബജറ്റ് ഹോട്ടൽ അസോസിയേഷൻ തീരുമാനിച്ചിരിക്കയാണ്’.- അസോസിയേഷൻ പ്രസിഡന്റ് അഷ്‌റഫലി എസ്.വി. പറഞ്ഞു.

നിലവില്‍ രാജ്യത്തൊട്ടാകെ ഒയോയിലൂടെ 1,80,000 ഹോട്ടല്‍ മുറികള്‍ ലഭ്യമാണ്. കൂടാതെ വിപുലീകരണത്തിൽ ഭാഗമായി ഒയോയുടെ സേവനം അപ്പാര്‍ട്ടുമെന്‍റ് മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുവാൻ പദ്ധതിയിട്ടിരിക്കുന്ന സമയത്താണ് പരാതിയുമായി ഹോട്ടൽ വ്യവസായികൾ രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ തന്നെ 10 മുതൽ 15 ലക്ഷം വരെ ഒയോ റൂംസിൽനിന്ന്‌ ലഭിക്കാനുള്ള ഹോട്ടലുകൾ ഒട്ടേറെയാണ്. നേരത്തേകരാറിൽ പറഞ്ഞ തുക തരാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ പിന്നീട് വില പേശുന്നതും തരുന്ന തുക കുറയ്ക്കുന്നതെന്നും അസോസിയേഷൻ ട്രഷറർ ഷാഹുൽ ഹമീദ് പറഞ്ഞു.

ഇത്തരം പ്രവർത്തികൾക്കെതിരേ രാജ്യവ്യാപകമായി നടപടി സ്വീകരിക്കാനും അസോസിയേഷന്റെ പ്രവർത്തനമണ്ഡലം വിപുലീകരിക്കാനും തീരുമാനിച്ചിരിക്കയാണെന്നും ഭാരവാഹികൾ പറഞ്ഞു.

അതേസമയം പലതവണ ശ്രമിച്ചിട്ടും ഇതേ കുറിച്ച് പ്രതികരിക്കാൻ ഒയോ റൂംസ് പ്രതിനിധികൾ തയ്യാറായില്ല. റിതേഷ് അഗർവാൾ എന്ന യുവ സംരംഭകൻ തുടക്കമിട്ട ഓൺലൈൻ സംരംഭത്തിന് വലിയ സ്വീകാര്യതയായിരുന്നു തുടക്കത്തിൽ ലഭിച്ചിരുന്നത്.

അസോസിയേഷൻ ഭാരവാഹികളായ പി.വി. സിദ്ദിഖ്, കെ.എം. ജലീൽ, അഫ്‌സൽ പി., യു.എം.കെ. അബ്ദുള്ള, സി.എം. അൻസാർ, മുഹമ്മദ് പടന്ന എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News