ശബരിമലയിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് സുപ്രീം കോടതി ഉന്നതാധികാര സമിതിയുടെ ശുപാര്‍ശ

ശബരിമലയിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് സുപ്രീം കോടതി ഉന്നതാധികാര സമിതിയുടെ ശുപാര്‍ശ. ശബരിമല സന്ദര്‍ശിച്ച് ഉന്നതാധികാര സമിതി സെക്രട്ടറി അമര്‍നാഥ് ഷെട്ടി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് ശുപാര്‍ശയുള്ളത്.

സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് കോടതി നാളെ പരിഗണിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചുള്ള ഇടക്കാല ഉത്തരവ് ഉടന്‍ വേണമെന്ന് സമിതി കോടതിയോട് ആവശ്യപ്പെടും.

ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന് കണ്ടെത്തിയ സുപ്രീംകോടതി ഉന്നതാധികാര സമിതി ഇവിടുത്തെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് ശുപാര്‍ശ ചെയ്തു. ഉന്നതാധികാര സമിതിയുടെ കണ്ടെത്തലുകള്‍ അടങ്ങിയ ഇടക്കാല റിപ്പോര്‍ട്ടിലാണ് ശുപാര്‍ശയുള്ളത്.

ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ വന ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണം, മാസ്റ്റര്‍ പ്ലാന്‍ തയ്യാറാകുന്നത് വരെ കുടിവെള്ള വിതരണം, ശൗചാലയങ്ങള്‍ എന്നിവയുടെ നിര്‍മാണം മാത്രം അനുവദിക്കുക, പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കാനോ, അറ്റകുറ്റ പണി നടത്താനോ ഇപ്പോള്‍ അനുമതി നല്‍കരുത്, പമ്പയില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് എതിരെ നടപടി വേണം, ഉന്നതാധികാര സമിതി നിര്‍ദേശങ്ങള്‍ ഇവയാണ്.

ഇക്കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് ഇടക്കാല ഉത്തരവ് വേണമെന്ന് ഉന്നതാധികാര സമിതി സുപ്രീംകോടതിയോട് ആവശ്യപ്പെടും. ഇടക്കാല റിപ്പോര്‍ട്ട് സുപ്രീംകോടതി നാളെ പരിഗണിക്കും. എന്നാല്‍ ഇടക്കാല റിപ്പോര്‍ട്ടിന് മറുപടി നല്കാന്‍ ദേവസ്വം ബോര്‍ഡിന് നാല് ആഴ്ചത്തെ സമയം സുപ്രീം കോടതി നല്‍കിയേക്കും. വാദങ്ങള്‍ അറിയിക്കാന്‍ ബോര്‍ഡ് നേരത്തെ സാവകാശം തേടിയ പശ്ചാത്തലത്തിലാണിത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here