നവകേരളപ്പിറവി; ആവര്‍ത്തിക്കുന്ന നീതി നിഷേധങ്ങള്‍ അവസാനിക്കാത്ത പോരാട്ടങ്ങള്‍

പുതിയ കേരളം പിറന്നതിന്റെ 62ാം ആണ്ടില്‍ വീണ്ടമൊരിക്കല്‍ക്കൂടി അക്ഷരാര്‍ഥത്തില്‍ നവ കേരള നിര്‍മ്മിതിയുടെ പടിവാതില്‍ക്കലാണ് നമ്മള്‍. നമ്മുടെ പരിസ്ഥിതിയോ പൂര്‍വ്വകാല ചരിത്രത്തിന്റെ തനിയാവര്‍ത്തനത്തിലും.

നവോത്ഥാന കേരളത്തിന്റെ നാള്‍ വഴികളൊക്കെയും സംഭവഭഹുലമായിരുന്നു. പൗരോഹിത്യത്തോടും അധികാരിവര്‍ഗത്തോടും പടവെട്ടിയാണ് നമ്മുടെ പൂര്‍വ്വികര്‍ നവോത്ഥാന കേരളം സാധ്യമാക്കിയത്.

അന്ധമായ ജാതി വിവേചനത്തോടും പൗരോഹിത്യത്തിന്റെ ഗര്‍വ്വിനോടും പട്ടിണിയോടും പടവെട്ടിയാണ് നവോത്ഥാന നായകര്‍ പുതുകേരളം പണിതതെങ്കില്‍ ഇവയുടെയൊക്കെ തന്നെ 21ാം നൂട്ടാണ്ടിലെ പുതു തലമുറക്കാര്‍ക്കെതിരെയാണ് പുതിയകാലത്തെ നമ്മുടെ പോരാട്ടം.

മറന്നു പോകരുതാത്ത നമ്മുടെ ചരിത്രങ്ങളില്‍ മാറുമറക്കല്‍ സമരവും, ഗുരുവായൂര്‍ സത്യാഗ്രഹവും, പാലിയം സമരവും, കല്ലുമാല സമരവും, പട്ടിണി മാര്‍ച്ചും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഏടുകളുണ്ട്.

ഏതുകാലത്തും നിലനില്‍ക്കുന്ന വ്യവസ്ഥിതിക്കെതിരായ സമരത്തെ കുത്സിത മുറകളുപയോഗിച്ച് തന്നെയാണ് ആ കാലത്തെ പൗരോഹിത്യം നേരിടുക കാരണം അടിയേല്‍ക്കുന്നത് അവരുടെ പത്തിക്കാണല്ലോ.

ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഷയങ്ങള്‍ മേല്‍പറഞ്ഞ നവോത്ഥാന വിരുദ്ധ സമരങ്ങളുടെ തനിയാവര്‍ത്തനം തന്നെയാണ്.

അഥസ്ഥിതന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരത്തെ അവര്‍ക്കിടയില്‍ നിന്ന് തന്നെ എതിര്‍പ്പുയര്‍ത്തിക്കൊണ്ടുവന്ന് ചെറുക്കുക എന്ന ആ പഴയകാലത്തിന്റെ പ്രതിരോധം തന്നെയാണ് ഇവിടെയും അവര്‍ പ്രയോഗിക്കുന്നത്.

ഇങ്ങനെ ഉദാഹരണങ്ങളേറെ മാറുമറയ്ക്കല്‍ സമരത്തിലും, അവര്‍ണരുടെ ക്ഷേത്ര പ്രവേശനത്തിലും, സതിക്കെതിരായ സമരത്തിലും അങ്ങനെ മാറ്റമടയാളപ്പെടുത്തിയ പോരാട്ടങ്ങളിലൊക്കെയും അതത് കാലത്തെ ജനവികാരം നോക്കിയാണ് നവോത്ഥാന നായകര്‍ തീരുമാനമെടുത്തിരുന്നതെങ്കില്‍ ഈ ജനത ഇന്നും പതിറ്റാണ്ടുകള്‍ പിന്നിലായി പോയേനെ.

താല്‍ക്കാലികമായ സ്വീകാര്യതയ്ക്കപ്പുറം യുക്തിഭദ്രമല്ലാത്ത അത്തരം കോലാഹലങ്ങളെ പഴയ കാലത്തെന്നല്ല പുതിയ കാലത്തും സമൂഹം ഏറ്റെടുക്കില്ല.

അവരുടെ ഭീഷണിക്കുമുന്നില്‍ നിലപാടുകള്‍ അടിയറവച്ചവരെയല്ല അടിപതറാതെ ഒരു ജനതയെ മുന്നോട്ട് നയച്ചിവരെയാണ് കാലം നവോത്ഥാന നായകരെന്ന് വിളിച്ചത്.

മാറുമറയ്ക്കാതിരിക്കാന്‍ തെരുവിലിറങ്ങിയവരുടെ പുതിയ തലമുറക്കാരാരും ഇന്ന് അതെ ആവശ്യമുന്നയിച്ച് തെരുവിലിറങ്ങുന്നില്ല,

തങ്ങളുടെ ക്ഷേത്ര പ്രവേശനം ദൈവ കോപമാണെന്ന പൗരോഹിത്യത്തിന്റെ ജല്‍പ്പനങ്ങളെ ഏറ്റുപറഞ്ഞവരുടെ പുതുതലമുറ ഇന്ന് ശ്രീകോവിലിനുള്ളില്‍ പ്രവേശിച്ച് അതേ ദൈവത്തെ സേവിക്കുന്നു.

മറക്കാതിരിക്കാന്‍ ഇന്ന് തെരുവിലുള്ളവരോട് ഒരു കാര്യം നിങ്ങളുടെ കൊച്ചുമക്കളും നിങ്ങള്‍ എതിര്‍ത്തവരുടെ വഴിയെ തന്നെയാവും നടക്കുക അതാണ് ചരിത്രം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News