ആരാണ് പൊതുജനം; റിസര്‍വ്വ് ബാങ്കിന്‍റെ അധികാരത്തിലും കേന്ദ്ര സര്‍ക്കാര്‍ കൈകടത്തുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കാന്‍

സ്വതന്ത്ര ഇന്ത്യയുടെ എറ്റവും വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് റിസര്‍വ് ബാങ്ക് ഇന്ന് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.

രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ റിസര്‍വ് ബാങ്കിന്‍റെ അധികാരത്തില്‍പോലും കൈകടത്താനുള്ള മോഡി സര്‍ക്കാറിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുകയാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ പോലും ഇന്ത്യന്‍ ഭരണകൂടം ഇതിന് മുന്നെ ഒരിക്കല്‍പോലും പ്രയോഗിക്കാതിരുന്ന അധികാരമാണ് മോഡി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് ആനുകൂല്യം നല്‍കാന്‍ പ്രയോഗിക്കുന്നത്.

കേന്ദ്ര സര്‍ക്കാറിന് വ‍ഴങ്ങാന്‍ ക‍ഴിയില്ലെങ്കില്‍ ഉര്‍ജിത് പട്ടേല്‍ രാജിവയ്ക്കണം എന്ന സംഘപരിവാര്‍ സാമ്പത്തിക സംഘടനയുടെ സ്ഥാപക നേതാവിന്‍റെ ഭീഷണി പട്ടേലിന്‍റെ പിന്‍ഗാമി ആരാകുമെന്ന് സൂചന നല്‍കുന്നുണ്ട്.

കേന്ദ്ര സര്‍ക്കാറിന്‍റെ അമിതാധികാര പ്രയോഗത്തെ കുറിച്ച് ഡിവൈഎഫ്എെ അഖിലേന്ത്യാ പ്രസിഡണ്ട് പിഎ മുഹമ്മദ് റിയാസ് എ‍ഴുതിയ കുറിപ്പ്.

“ഇനി റിസർവ്വ് ബാങ്കും കൊള്ളയടിക്കാം: അഭിനവ രാജ്യ സ്നേഹികളുടെ പുതിയ പാക്കേജ്.”

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ് റിസർവ് ബാങ്ക്.ഗവർണർ രാജിക്കൊരുങ്ങുന്നു… കേന്ദ്ര ധനമന്ത്രി തന്നെ നേരിട്ടിറങ്ങി റിസർവ് ബാങ്കിനെതിരായ കടുത്ത ആക്രമണത്തിന് നേതൃത്വം കൊടുക്കുന്നു…. RBl ആക്ടിലെ കർശന വകുപ്പുകൾ എടുത്ത് പ്രയോഗത്തിനൊരുങ്ങുന്നു…. ഇതൊക്കെ എന്തിന് വേണ്ടി എന്ന് ചോദിച്ചാൽ ഉത്തരം ലളിതം. കോർപ്പറേറ്റുകൾക്ക് പച്ച പരവതാനി വിരിക്കാൻ, കോർപ്പറേറ്റ് കടങ്ങൾ ഏത് വിധേനയും എഴുതിത്തള്ളാൻ !!

ഇന്ത്യ ആരുടേത് എന്ന ചോദ്യത്തിന് ഗാന്ധി പറഞ്ഞ ഉത്തരം “ദരിദ്ര നാരായണൻമാരുടേത് ” എന്നായിരുന്നു. “To wipe out the tears from the eyes of the commonmen” ഇങ്ങനെ ലക്ഷ്യമിട്ട രാഷ്ട്രപിതാവിന്റെ രാജ്യത്തിന്റെ ഇന്നത്തെ ഗതിയാണിത്.

RBl ആക്ടിലെ 7-ാം വകുപ്പ് സർക്കാർ പ്രയോഗിക്കാനിറങ്ങുന്നു, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി . പൊതു ജനതാത്പര്യാർത്ഥംRBl നയങ്ങളിൽ കൈകടത്താനുള്ള കേന്ദ്ര സർക്കാറിന്റെ അധികാരമാണ് ഏഴാം വകുപ്പ്. ഇവിടെയും ഒരു ചോദ്യമുയരുന്നു ആരാണ് പൊതുജനം? കേന്ദ്ര ഭരണക്കാരുടെ ദൃഷ്ടിയിൽ 130 കോടി ജനതയെക്കാൾ പ്രധാനമാണ് രാജ്യത്തെ ശതകോടീശ്വരർ…. കേന്ദ്ര ഭരണക്കാരുടെ പൊതുജന താത്പര്യം എന്നാൽ കോർപ്പറേറ്റ് വിടുപണി എന്നേ അർത്ഥമാക്കേണ്ടതുള്ളൂ.

2008 മുതൽ 2014 വരെ RBl വകതിരിവില്ലാതെ വായ്പ നൽകിയതാണ് പ്രതിസന്ധിക്ക് കാരണം എന്നാണ് കേന്ദ്ര ധനമന്ത്രിയുടെ കണ്ടെത്തൽ. അത് UPA സർക്കാറിന്റെ തലയിൽ വെക്കാനുള്ള സൂത്രമാണെന്ന് ആർക്കാണ് അറിയാത്തത്? പ്രതിസന്ധിക്ക് നവ സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ നടത്തിപ്പുകാരായ UPA യും NDA യും ഒരേ പോലെ ഉത്തരവാദികൾ ആണ്.

പ്രധാന പൊതുമേഖല ബാങ്കുകൾ കോർപ്പറേറ്റുകൾക്ക് നൽകുന്ന വായ്പ തിരിച്ചടക്കാത്തത് 4 ലക്ഷം കോടിയിൽ അധികമാണ്. ഇവയൊക്കെ NPA (Non performing Asset) എന്ന ഓമനപ്പേരിട്ട് എഴുതിത്തള്ളാൻ വഴി കണ്ടെത്തിയവർ സംരക്ഷിക്കുന്ന താത്പര്യങ്ങൾ ആരുടേത് എന്നറിയാൻ സാമ്പത്തിക ശാസ്ത്രത്തിൽ അഗാധ പാണ്ഡിത്യമൊന്നും വേണമെന്നില്ല. സാമാന്യയുക്തി തന്നെ ധാരാളം.ഇവർ തന്നെയായിരുന്നു മിനിമം ബാലൻസ് ഇല്ലാത്ത സാധാരണക്കാരന്റെ അക്കൗണ്ടിൽ നിന്ന് പിഴ ഈടാക്കാനുള്ള തീരുമാനവും എടുത്തത്.സാധാരണക്കാരന്റെ കണ്ണീരൊപ്പുകയല്ല, കണ്ണ് കുത്തിപ്പൊട്ടിക്കുന്ന നയങ്ങൾ’

കോർപ്പറേറ്റ് കടങ്ങൾ തിരിച്ച് കിട്ടാതെ വന്നപ്പോൾ മോദിയുടെ ഇഷ്ടക്കാരനായ ഊർജിത് പട്ടേൽ എന്ന റിസർവ് ബാങ്ക് ഗവർണർക്ക് വരെ കോർപറേറ്റ് കടങ്ങൾക്ക് ചില നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന ഉത്തരവ് ഇറക്കേണ്ടി വന്നു.കൂടാതെ 2018 ഫെബ്രുവരി മാസം RBlനോട്ടിഫിക്കേഷനിൽ വലിയ തുകകൾ തിരിച്ചടക്കാത്ത കമ്പനികളെ Bank Rept ആയി പ്രഖ്യാപിച്ച് നിയമ നടപടികൾ ആരംഭിക്കാൻ തീരുമാനിച്ചും അരുൺ ജെയ്റ്റ്ലിയെ ക്ഷുഭിതനാക്കി എന്നത് ഉറപ്പ്.അദാനി, എസ്സാർ, ടാറ്റാ ,റിലയൻസ് എന്നിവരൊക്കെ പൊതുമേഖല ബാങ്കുകളിൽ നിന്നെടുത്ത 1 ലക്ഷം കോടിയിൽ അധികം രൂപയുടെ വായ്പ തിരിച്ചടയ്ക്കാൻ ഉള്ളപ്പോൾ എങ്ങനെ ജയ്റ്റ്ലി ഉറഞ്ഞു തുള്ളാതിരിക്കും !!

ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ എത്തി നിൽക്കുന്ന സന്ദർഭമായിട്ടും നോട്ട് നിരോധനവുംGST യും ഉണ്ടാക്കിയ സാമ്പത്തിക തകർച്ച പുറത്തറിയാതിരിക്കാനാണ് കേന്ദ്രം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇനി കേന്ദ്രം ലക്ഷ്യമിടുന്നത് RBlയുടെ കരുതൽ ധനമായ 2.5 ലക്ഷം കോടിയാണ്. അതുകൂടി “കേന്ദ്ര സർക്കാറിന്റെ കണ്ണിലെ പൊതുജനമായ ” കോർപ്പറേറ്റുകൾക്കായി തുറന്ന് കൊടുത്താലേ ഇവർക്ക് സമാധാനമാവൂ.1991ലും 2008ലും ഉണ്ടായ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ പോലും നാം വിനിയോഗിക്കാത്ത ആ കരുതൽ ധനം കൂടി കോർപ്പറേറ്റുകൾക്കായി കുത്തി ചോർത്തി കൊടുക്കണം. നോട്ട് നിരോധന സമയത്ത് വരെ RBl യുടെ അധികാരങ്ങളിൽ കേന്ദ്രം കൈകടത്തിയപ്പോൾ മൗനത്തിലായിരുന്ന ഊർജിത് പട്ടേലും വിരാൻ ആചാര്യയും പരസ്യ പ്രതികരണത്തിനിറങ്ങിയത് മറ്റൊരു വഴിയും ഇല്ലാഞ്ഞിട്ട് തന്നെയാവും.

കോർപ്പറേറ്റ് കടങ്ങൾ ദേശസാൽക്കരിച്ച് സാധാരണ മനുഷ്യരുടെ തുഛമായ വായ്പകൾക്ക് നിയമനടപടികളുമായി പോകുന്ന നയങ്ങൾ എന്ന് തിരുത്തുന്നോ അന്നേ ഈ രാജ്യം ഞങ്ങളുടേത് കൂടിയാണ് എന്ന ചിന്ത 130 കോടി ഇന്ത്യൻ ജനതയ്ക്ക് ഉണ്ടാവൂ.
അതിന് കഴിയാത്ത ഭരണാധികാരികൾ തന്നെയാണ് ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here