കണ്ണൂർ പയ്യാമ്പലത്ത് അഹിന്ദുക്കളുടെ സ്മാരകം പാടില്ലെന്ന നിലപാടില്‍ സംഘപരിവാർ; അഡ്വ നിസാർ അഹമ്മദിന്റെ പയ്യാമ്പലത്തെ സ്മാരകം സംഘപരിവാർ തകർത്തു; തകർത്തത് നാളെ മന്ത്രി മാത്യു ടി തോമസ് അനാവരണം ചെയ്യാനിരുന്ന സ്മാരക സ്തൂപം

കണ്ണൂർ പയ്യാമ്പലത്ത് അഹിന്ദുക്കളുടെ സ്മാരകം പാടില്ലെന്ന് സംഘപരിവാർ. ജനതാദൾ നേതാവായിരുന്ന അഡ്വ നിസാർ അഹമ്മദിന്റെ പയ്യാമ്പലത്തെ സ്മാരകം സംഘവപരിവാർ തകർത്തു. നാളെ മന്ത്രി മാത്യു ടി തോമസ് അനാവരണം ചെയ്യാനിരുന്ന സ്മാരക സ്തൂപമാണ് തകർത്തത്.

പയ്യാമ്പലം കടപ്പുറം ഇനി മുതൽ ഹിന്ദുക്കളുടേത് മാത്രം എന്ന് പ്രഖ്യാപിച്ചാണ് ഹിന്ദു സംഘടനകൾ നിസാർ അഹമ്മദിന്റെ സ്മാരകം പൊളിച്ചത്.പള്ളിയിൽ കബറടക്കിയ നിസാർ അഹമ്മദിന് പയ്യാമ്പലത്ത് സ്‌മാരകം അനുവദിക്കില്ല എന്ന് ഭീഷണി മുഴക്കി സംഘ പരിവാർ സംഘടനകൾ ഇവിടെ കാവിക്കൊടി നാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് സ്മാരകം തകർത്തത്.

അഹിന്ദുവിന് പയ്യമ്പലത്ത് സ്മാരകം നിർമിക്കാൻ അനുവദിക്കില്ല എന്ന് വി എച്ച് പി ഉൾപ്പെടെയുള്ള സംഘടനകൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ജനതാദൾ എസ് നേതാക്കൾ പറഞ്ഞു.ഭീഷണി ഉണ്ടായപ്പോൾ പി കെ കൃഷ്ണദാസ് ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കളെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും നേതാക്കൾ വ്യക്തമാക്കി.

നിസാർ അഹമ്മദിന്റെ സ്‌മാരകം തകർത്തതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.സംഘപരിവാർ ഫാസിസത്തിനെതിരെ ജനങ്ങൾ രംഗത്തിറങ്ങണമെന്ന് സി പി ഐ എം ആവശ്യപ്പെട്ടു.പയ്യാമ്പലത്തെ കാവി വൽക്കരിക്കാനുള്ള സംഘപരിവാർ നീക്കം അനുവദിക്കില്ലെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പറഞ്ഞു.

സ്മാരകം തകർത്ത സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് ജനതാദൾ എസ് ദേശീയ നിർവാഹക സമിതി അംഗമായിരുന്ന നിസാർ അഹമ്മദ് അന്തരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News