കേരളത്തിന് മറ്റൊരു അംഗീകാരം കൂടി; ശിശുമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തില്‍; ശിശുമരണം കുറയ്ക്കുന്നതില്‍ പരമാവധി പുരോഗതി കൈവരിച്ച സംസ്ഥാനം

കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്തുവിട്ട വാര്‍ഷിക ശിശുമരണ നിരക്കില്‍ ഏറ്റവും കുറവ് ശിശുമരണ നിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഒന്നാമതെത്തിയത്. ശിശുമരണം കുറയ്ക്കുന്നതില്‍ പരമാവധി പുരോഗതി കൈവരിച്ച സംസ്ഥാനമെന്ന നിലയിലാണ് കേരളത്തിന് ഈ അംഗീകാരം ലഭിച്ചത്.

മിസോറാം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. ‘പൊതുജനാരോഗ്യ മേഖലയിലെ പുത്തന്‍ രീതികളും പകര്‍ത്താവുന്ന ശീലങ്ങളും’ എന്ന വിഷയത്തില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആസാമിലെ കാസിരംഗയില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നഡ്ഡയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

മാതൃ ശിശു മരണ നിരക്ക് കുറയ്ക്കാനായി സംസ്ഥാനം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. 2020 ഓടു കൂടി ശിശുമരണ നിരക്ക് എട്ട് ആക്കി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിനായും പോഷണത്തിനായും വിവിധ ശാസ്ത്രീയ കര്‍മ്മ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്.

കുഞ്ഞുങ്ങള്‍ക്ക് രോഗപ്രതിരോധ ചികിത്സാ പട്ടിക പ്രകാരം മരുന്നുകള്‍ നല്‍കുന്നത് കേരളത്തിലെ ജനങ്ങള്‍ ശീലമാക്കിയതും പൊതുമേഖലയിലെ ആശുപത്രികളില്‍ സ്‌പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റ്, ന്യൂ ബോണ്‍ സ്റ്റെബിലൈസേഷന്‍ യൂണിറ്റ്, ന്യൂ ബോണ്‍ കെയര്‍ കോര്‍ണര്‍ എന്നിവ തുടങ്ങിയതും മെഡിക്കല്‍ കോളേജുകളില്‍ ന്യൂ ബോണ്‍ ഐ.സി.യു. ശക്തിപ്പെടുത്തിയതും സംസ്ഥാനത്തെ ശിശുമരണ നിരക്ക് കൃത്യമായി വിലയിരുത്തി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയതും കേരളത്തിലെ ശിശുമരണ നിരക്ക് കുറയ്ക്കാന്‍ സഹായിച്ച ഘടകങ്ങളാണെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News