മഹാരാഷ്ട്രയില്‍ നിന്ന് മധ്യപ്രദേശിലേക്ക് ഒരു കടുവാ യാത്ര; നരഭോജി കടുവയ്ക്ക് കുറഞ്ഞ സമയത്തില്‍ കൂടുതല്‍ ദൂരമെന്ന റെക്കോഡും

സ്വന്തം സാമ്രാജ്യം കണ്ടെത്താനായി കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ദൂരം യാത്ര നടത്തിയെന്ന ഇന്ത്യന്‍ റെക്കോഡുമായി ഒരു യുവ കടുവ. മഹാരാഷ്‌ട്രയിലെ ചന്ദ്രപുർ സൂപ്പർ തെർമൽ പവർ സ്റ്റേഷൻ പരിധിയിൽനിന്ന് മധ്യപ്രദേശിലെ ബെതുൽ ജില്ലയിലേക്ക് 350 കിലോമീറ്റർ ദൂരമാണ് ഈ ആണ്‍കടുവ 70 ദിവസം കൊണ്ട് സഞ്ചരിച്ചത്.

ആഗസ്ത് 15ന് ശേഷം യാത്ര തുടങ്ങിയ കടുവ ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നു. സാത്പുര കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപത്താണ് ഇപ്പോള്‍ ഈ കടുവയുള്ളത്.

യാത്രാമധ്യെ രണ്ട് കര്‍ഷകരെ കൊന്ന കടുവ ഭക്ഷത്തിനായി നിരവധി വളര്‍ത്തുമൃഗങ്ങളെയും വേട്ടയാടിയിരുന്നു. നരഭോജിയായ കടുവയെ വെടിവെച്ചുകൊല്ലാന്‍ മധ്യപ്രദേശ് വനംവകുപ്പ് മേധാവിയുടെ ഉത്തരവുണ്ട്.

70 ദിവസം നീണ്ട യാത്രക്കിടെ കടുവയ്ക്ക് നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്യേണ്ടിവന്നു. തിരക്കേറിയ അമരാവതി-നാഗ്പുർ നാഷണൽ ഹൈവേ കുറുകെ കടന്ന്, കൃഷിസ്ഥലങ്ങളിലൂടെ സഞ്ചരിച്ച്, ഗ്രാമീണ പാതകൾ പിന്നിട്ട് കനാലുകൾ നീന്തിക്കടന്നാണ് കടുവ മധ്യപ്രദേശിലെ ബെതുൽ ജില്ലയിലെത്തിയത്.

ചന്ദ്രപുർ സൂപ്പർ തെർമൽ പവർ സ്റ്റേഷനു സമീപമുള്ള വനത്തിൽ ജനിച്ച നാലു കടുവക്കുഞ്ഞുങ്ങളിൽ ഒന്നാണിതെന്നാണ് ഫോറസ്റ്റ് അധികൃതരുടെ നിഗമനം.

2011ൽ കർണാടകയിലെ ഒരു കടുവ പുതിയ സങ്കേതം കണ്ടെത്താനായി 280 കിലോമീറ്റർ ദൂരം സഞ്ചരിച്ചിരുന്നു. 15 മാസംകൊണ്ടായിരുന്നു ആ യാത്ര. ഈ റെക്കോഡാണ് മഹാരാഷ്ട്രയില്‍ നിന്ന് മധ്യപ്രദേശിലെത്തിയ കടുവ മറികടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News