പാലക്കാട് നഗരസഭയില്‍ ബിജെപിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്

പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപി ഭരണത്തിനെതിരെ യുഡിഎഫ് നാളെ അവിശ്വാസ പ്രമേയമവതരിപ്പിക്കും.

പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ അവിശ്വാസ പ്രമേയം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. മൂന്ന് വര്‍ഷത്തിനിടെ നിരവധി അ‍ഴിമതി ആരോപണങ്ങളാണ് ബിജെപി ഭരണത്തിനെതിരെ ഉയര്‍ന്നത്.

കേവല ഭൂരിപക്ഷമില്ലാതെ ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന നിലയിലാണ് മൂന്ന് വര്‍ഷം മുന്പ് പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപി അധികാരത്തിലെത്തിയത്.

സംസ്ഥാനത്ത് തന്നെ മുനിസിപ്പാലിറ്റികളില്‍ ആദ്യമായി ബിജെപിക്ക് അധികാരം ലഭിച്ച പാലക്കാട് അവിശ്വാസ പ്രമേയത്തിലൂടെ അധികാരം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്.

ചെയര്‍ പേ‍ഴ്സണ്‍ പ്രമീളാശശിധരനും വൈസ് ചെയര്‍മാന്‍ കൃഷ്ണകുമാറിനുമെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്‍മേല്‍ കോണ്‍ഗ്രിന്‍റെ നിലപാട് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

52 അംഗ മുനിസിപ്പാലിറ്റിയില്‍ ബിജെപി 24, യുഡിഎഫ് 18, സിപിഐഎം 9 വെല്‍ഫയര്‍ പാര്‍ടി 1 എന്നിങ്ങനെയാണ് കക്ഷി നില.

അവിശ്വാസം വിജയിക്കണമെങ്കില്‍ 27 അംഗങ്ങളുടെ പിന്തുണ വേണം. തിരഞ്ഞെടുപ്പ് കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ യുഡിഎഫിലെ ഒരംഗത്തിന് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ക‍ഴിയില്ല.

മൂന്നിലൊന്ന് അംഗങ്ങളുടെ പിന്തുണ വേണമെന്നതിനാല്‍ വെല്‍ഫയര്‍ പാര്‍ടി അംഗത്തെ കൂടി ഒപ്പം നിര്‍ത്തിയാണ് യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.

നേരത്തെ അഞ്ച് സ്ഥിരം സമിതികളിലേക്ക് യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തില്‍ സിപിഐഎം പിന്തുണയോടെ നാലിലും ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായിരുന്നു.

പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ രണ്ട് സ്ഥിരംസമിതിയില്‍ സിപിഐഎമ്മിനും രണ്ടെണ്ണത്തില്‍ യുഡിഎഫിനും അദ്ധ്യക്ഷ സ്ഥാനം ലഭിച്ചിരുന്നു.

സിപിഐഎമ്മിന്‍റെ 9 അംഗങ്ങളുടെ പിന്തുണ കൂടി ലഭിച്ചാല്‍ മാത്രമേ അവിശ്വാസ പ്രമേയം പാസ്സാകാനുള്ള 27 എന്ന സംഖ്യയിലെത്തൂ.

സ്ഥിരം സമിതികളിലേക്കുള്ള അവിശ്വാസ പ്രമേയത്തില്‍ സ്വീകരിച്ച അതേ നിലപാട് തന്നെ സിപിഐഎം തുടര്‍ന്നാല്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ ക‍ഴിയാതെ ബിജെപിക്ക് അധികാരത്തില്‍ നിന്ന് പുറത്തു പോവേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News