ഐ ലീഗ് ഫുട്ബോളിൽ ആദ്യജയം തേടി ഹോം ഗ്രൗണ്ടിൽ രണ്ടാം മത്സരത്തിനിറങ്ങിയ ഗോകുലം കേരള എഫ് സി ക്ക് തോൽവി. ചെന്നൈ സിറ്റി എഫ്.സി 2 നെതിരെ 3 ഗോളുകൾക്കാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്.

ഗോകുലത്തിൻറെ മുന്നേറ്റത്തോടെയാണ് ഹോം ഗ്രൗണ്ടായ കോഴിക്കോട് കോർപ്പറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ മത്സരം തുടങ്ങിയത്.

നാലാം മിനുട്ടിൽ അന്റണിയോ ജർമ്മൻ ചെന്നൈ വലകുലുക്കി. അർജുൻ ജയരാജിനെ ഫൗൾ ചെയ്തിന് ലഭിച്ച പെനാൽറ്റി ജർമ്മൻ വലയിലെത്തിച്ചു.

പിന്നീട് ചെന്നൈ മുന്നേറ്റങ്ങൾക്കാണ് ആദ്യ പകുതി സാക്ഷ്യം വഹിച്ചത്. 22 മിനുറ്റിൽ പി രാജുവും, 31 ൽ ക്യാപ്റ്റൻ പെട്രോ മാൻസിയും ചെന്നൈക്ക് വേണ്ടി ഗോൾ നേടി.

രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമിച്ച് കളിച്ചു. നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനാല്ല. 68 മിനുട്ടിൽ ചെന്നൈ ലീഡ് ഉയർത്തി.

പകരക്കാരനായി ഇറങ്ങിയ അമീറുദ്ദീനാണ് ചെന്നൈക്ക് വേണ്ടി മൂന്നാം ഗോൾ നേടിയത്. 2 മിനിട്ടിനകം ഗോകുലം തിരിച്ചടിച്ചു. സുഹൈറാണ് ഗോകുലത്തിനായി വല കുലുക്കിയത്.

മൂന്ന് കളിയിൽ 2 സമനിലയും ഒരു തോൽവിയുമാണ് ഗോകുലത്തിൻറെ സമ്പാദ്യം. മൂന്നിൽ രണ്ട് ജയവും ഒരു സമനിലയുമായി ചെന്നൈ മുന്നേറ്റം തുടരുന്നു.