ശബരിമലയിലെത്തുന്ന സ്ത്രീകളെയെല്ലാം തടയുന്നത് പ്രകോപനം സൃഷ്ടിച്ച് നാട്ടില്‍ കലാപമുണ്ടാക്കാന്‍ വിശ്വാസത്തിന്‍റെ പേരില്‍ സ്ത്രീകളെ കൈയ്യേറ്റം ചെയ്യുന്ന സംഘമായി ആര്‍എസ്എസ് മാറി: കോടിയേരി ബാലകൃഷ്ണന്‍

ശബരിമല ദര്‍ശനത്തിനെത്തിയ 52 വയസ്സുകഴിഞ്ഞ സ്‌ത്രീകളെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സന്നിധാനത്തുവെച്ച്‌ തടയുകയും മര്‍ദ്ദിക്കുകയും ചെയ്‌ത സംഭവം ബോധപൂര്‍വ്വം പ്രകോപനം സൃഷ്‌ടിച്ച്‌ നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

സുപ്രീംകോടതി വിധി വരുന്നതിന്‌ മുമ്പുവരെ 50 വയസ്സ്‌ കഴിഞ്ഞ സ്‌ത്രീകള്‍ക്ക്‌ യഥേഷ്ടം ശബരിമലയില്‍ പോകാന്‍ കഴിയുമായിരുന്നു. എന്നാലിപ്പോള്‍ സ്‌ത്രീകളാരും ശബരിമലയില്‍ വരേണ്ടെന്ന നിലപാടാണ്‌ സ്വീകരിയ്‌ക്കുന്നത്‌.

വിശ്വാസത്തിന്റെ പേരില്‍ ഏത്‌ സ്‌ത്രീകളേയും തടയുവാനും കടന്നുപിടിച്ചാക്രമിക്കാനും തയ്യാറാകുന്ന നിലയിലേക്കാണ്‌ ആര്‍.എസ്‌.എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്‌. ഇത്‌ ശരിയാണോയെന്ന്‌ സ്‌ത്രീ സമൂഹവും, വിശ്വാസ സമൂഹവും, ജനാധിപത്യ വിശ്വാസികളും ചിന്തിയ്‌ക്കണം.

കുട്ടിക്ക്‌ ചോറ്‌ കൊടുക്കുന്നതിന്‌ വേണ്ടിയാണ്‌ തൃശ്ശൂര്‍ സ്വദേശികളായ കുടുംബം ശബരിമലയിലെത്തിയത്‌. ഈ കുടുംബത്തെയാണ്‌ തടഞ്ഞുവെയ്‌ക്കുകയും ഭീകരമായി മര്‍ദ്ദിക്കുകയും ചെയ്‌തത്‌.

പ്രകോപനം സൃഷ്ടിച്ച്‌ കലാപം സംഘടിപ്പിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ്‌ ആത്മസംയമനത്തോടെ നേരിടാന്‍ പോലീസിനും സര്‍ക്കാരിനും കഴിഞ്ഞുവെന്നത്‌ അഭിനന്ദനാര്‍ഹമായ കാര്യമാണ്‌.

തുടര്‍ന്നും ഇത്തരം ശ്രമങ്ങളുണ്ടാകുമെന്ന്‌ മനസ്സിലാക്കി ഇടപെടാനും ജാഗ്രത പാലിക്കാനും കേരളത്തിലെ മതനിരപേക്ഷ സമൂഹമാകെ തയ്യാറാകണമെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here