ആര്‍ബിഎെയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു; കേന്ദ്ര സര്‍ക്കാറിന്‍റെ നീക്കം സാമ്പത്തിക രംഗത്തെ തകര്‍ച്ച മറച്ചുപിടിക്കാന്‍

റിസര്‍വ്വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. റിസര്‍വ്വ് ബാങ്കിന്റെ നീക്കിയിരിപ്പ് തുക വേണമെന്ന ആവശ്യത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നീക്കിയിരിപ്പ് തുക വേണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം കഴിഞ്ഞ ദിവസം ആര്‍ബിഐ നിരസിച്ചിരുന്നു.

നോട്ട് മാറ്റവും ജി.എസ്ടിയും അനധികൃത ബാങ്ക് വായ്പകാരും തകര്‍ത്ത ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് പുതു ജീവന്‍ നല്‍കാനുള്ള ശ്രമത്തിലാണ് റിസര്‍വ്വ് ബാങ്ക്.

ഇതിനിടയിലാണ് റിസര്‍വ്വ് ബാങ്കിന്റെ സര്‍പ്ലസ് തുകയായ 9.56 ലക്ഷം കോടി രൂപയില്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ണ് വച്ചത്. സര്‍പ്ലസ് തുകയുടെ മൂന്നിലൊന്ന് വരുന്ന 3.60 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് വിനിയോഗിക്കാവുന്ന രീതിയില്‍ മാറ്റണമെന്ന് കേന്ദ്ര ധനമന്ത്രാലയം ആവശ്യപ്പെട്ടു.

വിജയ് മല്യ, നീരവ് മോദി തുടങ്ങി വന്‍കിട വായ്പ തട്ടിപ്പുകാര്‍ നശിപ്പിച്ച പൊതുമേഖല ബാങ്കുകളുടെ റീക്യാപിറ്റലൈസേഷന് തുക വിനിയോഗിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദേശിച്ചത്.

എന്നാല്‍ 2017-18 സാമ്പത്തിക വര്‍ഷം മാത്രം അമ്പതിനായിരം കോടി രൂപ സര്‍പ്ലസ് ഫണ്ടായി കേന്ദ്ര സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്ന് ആര്‍ബിഐ വ്യക്തമാക്കി.

ഇത് കൂടാതെ മുന്‍ സാമ്പത്തിക വര്‍ഷം 30,659 കോടി രൂപയും കൈമാറിയിട്ടുണ്ട്.ഇതിന് പുറമെ ഇനിയും നല്‍കുന്നത് റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും.

കൂടാതെ ഫണ്ട് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള എസ്.എസ്.ഡി.പി ചട്ടത്തിന് വിരുദ്ധമാണന്നും റിസര്‍വ് ബാങ്ക് ചൂണ്ടികാട്ടുന്നു.

സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തി. മോദി സര്‍ക്കാര്‍ നശിപ്പിച്ച സാമ്പത്തിക രംഗത്തെ രക്ഷിച്ചെടുക്കാനാണ് മറ്റ് ഫണ്ടുകളില്‍ കൈയിടുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here