ശബരിമലയിലെ സ്ത്രീകളുടെ വിലക്ക് ആചാരമല്ല; ജസ്റ്റിസ് കെ ടി തോമസ്

കോട്ടയം: ശബരിമലയിലെ സ്ത്രീകളുടെ വിലക്ക് ഒരു ആചാരമല്ലെന്ന് ജസ്റ്റിസ് കെ ടി തോമസ്. പണ്ടുകാലത്ത് എല്ലാവരും ശബരിമലയിൽ പോയിരുന്നത് കാൽനടയായാണ്.

പോയി വരാൻ കുറഞ്ഞത് 45 ദിവസങ്ങൾ എങ്കിലും എടുക്കും. അതുകൊണ്ടാണ് സ്ത്രീകളായവർ അന്ന് പോകാത്തത് . അത് ഒരുപ്രായോഗികമായ വ്യത്യാസം മാത്രമാണെന്നും ഇന്നത്തെ സ്ഥിതി അതല്ലെന്നും ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു.

ഭരണഘടന വിഭാവനം ചെയ്യുന്ന ലിംഗസമത്വത്തിലേക്ക് ഇനി എത്ര ദൂരം എന്ന വിഷയത്തിൽ സംസാരിക്കുമ്പോഴാണ് ജസ്റ്റിസ് കെ ടി തോമസ് ശബരിമലയിലെ സുപ്രീംകോടതി വിധിയെ എതിർക്കുന്ന കുറച്ച് വിഭാഗം സ്തീകളുടെ നിലപാടിനെക്കുറിച്ച് പരാമർശിച്ചത്.

ശബരിമല കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന ധീരമായ നിലപാടിനെ നേരത്തെ ജസ്റ്റിസ് കെ ടി തോമസ് പ്രശംസിച്ചിരുന്നു.

ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്തവർ ഈ ഉത്തരവാദിത്വം നിർവഹിക്കണം. ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണ് ശബരിമല കേസിലെ വിധിയിലൂടെ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് റദ്ദാക്കിയത്.

ഇതിനെതിരെ റിവ്യൂ പെറ്റീഷൻ ഓർഡിനൻസ് എന്നൊക്കെ പറയാൻ നിയമ വിദ്യാർത്ഥിക്ക് പോലും കഴിയില്ല. ഓർഡിനൻസ് വന്നാൽ അത് ഭരണഘടനാവിരുദ്ധം ആയതുകൊണ്ട് ഗവർണർക്ക് ഒപ്പിടാനാകില്ല.

ആ നിമിഷം ഓർഡിനൻസ് അസാധുവാകും. ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന കോൺഗ്രസും ബിജെപിയും ശബരിമലയുടെ പേരുപറഞ്ഞ് പാർട്ടികൾ മത്സരിക്കുന്നു.

ശബരിമല കേസിലെ സുപ്രീംകോടതി വിധിയുടെ പേരിൽ സർക്കാരിനെതിരെ സമരം ചെയ്യുന്ന ബിജെപിയുടെയും കോൺഗ്രസിനെയും നിലപാടുകൾ അവർക്ക് ഭൂഷണമല്ല. ഭരണഘടനയേയും ജനാധിപത്യത്തെയും നിയമവ്യവസ്ഥയും ബഹുമാനിക്കുന്നവർ അതിന് പിന്തുണ നൽകുകയാണ് വേണ്ടത്.

1957ലെ കമ്യൂണിസ്റ്റ് സർക്കാറിനെതിരെ വിമോചനസമരം നടത്തി. കോൺഗ്രസുകാരനായ ഞാനും അതിൽ പങ്കെടുത്തിരുന്നു. പിന്നീട് കൂടുതൽ പക്വത വന്നപ്പോൾ ഞാനടക്കമുള്ളവർ പരസ്യമായി തെറ്റ് തിരുത്തി.

ഇനി അങ്ങനെയൊന്നും ഭൂരിപക്ഷ സർക്കാരിനെ പിരിച്ചുവിടാൻ ആകില്ല. വലിച്ചു താഴെയിടും എന്നൊക്കെ പറയുന്നത് ബാലിശമാണ്. അതിനുള്ള അവകാശം ജനാധിപത്യത്തിൽ ഇല്ല. വില കല്പിക്കേണ്ടതില്ല.

എസ് ആർ ബൊമ്മേ കേസിനുശേഷം പിരിച്ചുവിടലും നിലനിൽക്കില്ലെന്ന് മനസ്സിലാക്കാം. ഭരണഘടനയെ സംരക്ഷിക്കാനുള്ള നിലപാടാണ് മുഖ്യമന്ത്രി പിണറായിയുടെതെന്നും ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News