ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍റെ വീട് ആക്രമിച്ചതില്‍ പ്രതിഷേധിക്കവേ, വീണ്ടും ആര്‍എസ്എസ് ആക്രമണം; നിരവധിപ്പേര്‍ക്ക് പരിക്ക് 

ചെങ്ങന്നൂർ: ഡിവൈഎഫ്ഐ വെന്മണി ഈസ്റ്റ് മേഖല ട്രഷറർ സിബി എബ്രഹാമിന്റെ വീട് ആർഎസ്എസ് പ്രവർത്തകർ ചൊവ്വാഴ്ച്ച രാത്രി തകർത്തതിൽ പ്രതിഷേധിച്ച് വെന്മണി കല്യാത്ര ജംഗ്ഷനിൽ ചേർന്ന പ്രതിഷേധയോഗത്തിലാണ് ആർ എസ് എസ് ആക്രമണമുണ്ടായത്.

രാത്രി എഴുമണിയോടെ പ്രതിഷേധയോഗം നടക്കുന്നതിനിടയിലാണ് കല്യാത്ര ജംഗ്ഷനു സമീപമുള്ള ഭുവനേശ്വരി ക്ഷേത്രത്തിനു സമീപത്തു നിന്നും മുളവടികളുമായി മുപ്പതോളം ആർ എസ് എസ് പ്രവർത്തകർ യോഗസ്ഥലത്തേക്ക് ഇരച്ചു കയറിയത്.

ആക്രമണത്തിനു പയോഗിച്ച മുളവടികൾ ക്ഷേത്ര പരിസരത്തു നിന്നും പുറത്തേക്ക് എറിഞ്ഞു നൽകുകയായിരുന്നു. ആക്രമണത്തിൽ ഡി വൈ എഫ് ഐ ജില്ല കമ്മറ്റിയംഗവും ജില്ല പഞ്ചായത്ത് അംഗവുമായ ജെബിൻ പി വർഗ്ഗീസ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് ശ്യാം കുമാർ ,ഡി വൈ എഫ് പ്രവർത്തകൻ സെൻസി ലാൽ ഉൾപ്പെടെ ആറു പേർക്ക് ഗുരുതരമായി പരിക്കേറ്റു.

പരിക്കേറ്റവരെ മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി വെന്മണിയിൽ ആർ എസ് എസ് പ്രവർത്തകർ ഡി വൈ എഫ് ഐ ,സി പി ഐ എം പ്രവർത്തകർക്കെതിരെ ആക്രമണം അഴിച്ചു വിടുകയാണ്.കഴിഞ്ഞ ദിവസം വെന്മണി പുന്തലയിൽ ലഘുലേഖകൾ വിതരണം ചെയ്ത സി പി ഐ എം പ്രവർത്തകർക്ക് നേരെ ആർ എസ് എസ് പ്രവർത്തകർ കൈയ്യേറ്റ ശ്രമം നടത്തിയിരുന്നു.

കഴിഞ്ഞ നാളുകളിൽ സി പി എം ,ഡി വൈ എഫ് ഐ പ്രവർത്തകർക്ക് നേരെ കടുത്ത ആക്രമണം അഴിച്ചുവിട്ടിരുന്ന ആർ എസ് എസ് ,ബി ജെ പി പ്രവർത്തകർ ഇപ്പോൾ ജനപ്രതിനിധികൾക്കു നേരെയും വധശ്രമത്തിനു മുതിരുകയാണെന്നും, വിശ്വാസത്തിന്റെ പേരിൽ ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിച്ചില്ല എങ്കിൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് സി പി ഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം എച്ച് റഷീദ്, വെന്മണി വെസ്റ്റ് ലോക്കൽ കമ്മറ്റി സെക്രട്ടറി നെൽസൺ ജോയി എന്നിവർ അറിയിച്ചു.

ആക്രമണത്തിൽ പ്രതിഷേധിച്ച് സി പി ഐ എം വെന്മണി പഞ്ചായത്തിൽ വ്യാഴാഴ്ച്ച രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെ ഹർത്താൽ ആചരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News