ശക്തികേന്ദ്രങ്ങള്‍ പിടിച്ചെടുത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍; ആടിയുലഞ്ഞ് ബിജെപി; ഇതുവരെ നഷ്ടമായത് 9 സിറ്റിങ്ങ് ലോക്‌സഭാ സീറ്റുകള്‍

ഭരണത്തുടര്‍ച്ചയെന്ന ബിജെപി മോഹം എളുപ്പമല്ലെന്ന് വ്യക്തമാക്കി 2014 ന് ശേഷമുള്ള ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍. ഇത് വരെ ഉപതെരഞ്ഞെടുപ്പ് നടന്ന 30 ലോക്‌സഭാ സീറ്റുകളില്‍ ബിജെപിക്ക് വിജയിക്കാനായത് 6 സിറ്റിംഗ് സീറ്റുകളില്‍ മാത്രം. 9 സിറ്റിംഗ് സീറ്റുകള്‍ നഷ്ടമാവുകയും ചെയ്തു.

ശക്തികേന്ദ്രങ്ങള്‍ ഉള്‍പ്പെടെയാണ് ബിജെപിയെ കൈവിട്ടത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു സീറ്റ് പോലും പിടിച്ചെടുക്കാനും ഉപതെരഞ്ഞെടുപ്പുകളിലൂടെ ബിജെപിക്ക് സാധിച്ചില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്ന സൂചനകൂടിയാണ് ഈ കണക്കുകള്‍ നല്‍കുന്നത്.

കൊട്ടിഘോഷിച്ച മോദി പ്രഭാവം 2014 ന് ശേഷമുള്ള ലോക്‌സഭാ ഉപതരെഞ്ഞെടുപ്പുകളില്‍ എടുക്കാചരക്കായിരിക്കുന്നു. ഇത് വ്യക്തമാക്കുന്നതാണ് 2014 ന് ശേഷമുള്ള ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍. 30 ലോക്‌സഭാ സീറ്റുകളിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ് .ഈ ലോക്‌സഭാ സീറ്റുകളില്‍ ബിജെപിക്ക് വിജയിക്കാനായത് 6 സീറ്റുകളില്‍ മാത്രം.

30 സീറ്റുകളില്‍ പതിനഞ്ചെണ്ണവും ബിജെപി സിറ്റിംഗ് സീറ്റുകളായിരുന്നു. എന്നാല്‍ വിവിധ ഉപതെരഞ്ഞെടുപ്പുകളിലായി 9 സിറ്റിംഗ് ലോക്‌സഭാ മണ്ഡലങ്ങള്‍ ബിജെപിയെ കൈവിട്ടു.രത്‌ലം,ഗുര്‍ദാസ്പൂര്‍,ആല്‍വാര്‍,അജ്‌മേര്‍,ഗൊരഖ്പൂര്‍,ഫുല്‍പൂര്‍,കൈരാന,ഭണ്ഡാര ഗൊണ്ടിയ,ബൈല്ലാരി എന്നീ സീറ്റുകളിലാണ് ബിജെപി പരാജയപ്പെട്ടത്. ശക്തിദുര്‍ഗമെന്ന് ബിജെപി പറയുന്ന ഉത്തര്‍പ്രദേശ്,രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം നഷ്ടമായത് 5 സീറ്റുകളും.

അതേസമയം വിജയിച്ച 6 സീറ്റുകളാകട്ടെ ബിജെപിയുടെ സിറ്റിംഗ് സീറ്റുകളും. വഡോദര, മേഡക്, ഷാദോള്‍, ലക്കിംപൂര്‍,പാല്‍ഘര്‍, ശിവമോഗ എന്നീ സീറ്റുകളാണ് ബിജെപിക്ക് നിലനിര്‍ത്താനായത്. മുന്‍ തെരഞ്ഞെടുപ്പുകളിലെ ഭൂരിപക്ഷത്തിന്റെ പകുതിയോ പകുതിയിലേറെയോ ആയി ഈ സീറ്റുകളിലെ ഭൂരിപക്ഷം ഇടിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ കൈവശം വച്ച ഒരുസീറ്റ് പോലും പിടിച്ചെടുക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല.

ഉപതെരഞ്ഞെടുപ്പുകളിലെ ബിജെപി പ്രകടനത്തിന്റെ ദയനീയത കുറേക്കൂടി വ്യക്തമാക്കുന്നതാണ് ഈ വസ്തുതയും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉപതെരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടികള്‍ ഭരണത്തുടര്‍ച്ചയെന്ന ബിജെപി മോഹങ്ങളുടെ നിറം കെടുത്തുന്നതാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News