‘അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാതെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേയ്ക്ക് പോകുന്നത് ഗുണം ചെയ്യില്ല’; കേന്ദ്രം നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യം ശക്തമാക്കി ആര്‍എസ്എസ്

അയോധ്യ ക്ഷേത്ര നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഡിസംബറില്‍ നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യം ശക്തമാക്കി ആര്‍.എസ്.എസ്. വിഷയം ജൂഡീഷ്യറിയില്‍ നിന്നും പാര്‍ലമെന്റിലേയ്ക്ക് കൊണ്ട് വരണമെന്നും സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടു. ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാതെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേയ്ക്ക് പോകുന്നത് ഗുണം ചെയ്യില്ലെന്നും ആര്‍.എസ്.എസ്.

ബാബറി മസ്ജിദ് കേസ് ജനുവരിയിലേയ്ക്ക് മാറ്റിയ സുപ്രീംകോടതി വിധി വന്നതിന് ശേഷം ആര്‍.എസ്.എസ്-ബിജെപി ഉന്നത നേതൃത്വം നിരവധി ചര്‍ച്ചകള്‍ നടത്തി. ഈ യോഗത്തില്‍ എല്ലാം ക്ഷേത്ര നിര്‍മ്മാണ വിഷയം ജൂഡീഷ്യറിയില്‍ നിന്ന് മാറ്റി പാര്‍ലമെന്റിലേയ്ക്ക് കൊണ്ട് വരണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു.

2014ലെ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്റില്‍ ലഭിച്ച ഭൂരിപക്ഷം ക്ഷേത്ര നിര്‍മ്മാണത്തിനായി ബിജെപി ഉപയോഗിച്ചില്ലെന്ന് സംഘപരിവാര്‍ സംഘടനകളും കുറ്റപ്പെടുത്തുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി നിയമം പാസാക്കുകയോ, അതിന് മുമ്പ് ഓര്‍ഡിനന്‍സ് കൊണ്ട് വരുകയോ ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം.

രാജ്യസഭ എം.പിയും ആര്‍.എസ്.എസ് നേതാവുമായ രാകേഷ് സിന്‍ഹ ക്ഷേത്ര നിര്‍മ്മാണത്തിനായി സ്വകാര്യ ബില്‍ കൊണ്ട് വരുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.എന്നാല്‍ സ്വകാര്യ ബില്ലിന് പകരം കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ട് വരുന്നതിനെക്കുറിച്ച് ബിജെപി-ആര്‍എസ്.എസ് ഉന്നത നേതൃത്വം ധാരണയിലെത്തി.

ബാബറി മസ്ജിദ് കേസിലെ കക്ഷിയായ സുന്നി വഖഫ് ബോര്‍ഡുമായി ധാരണയിലെത്തണമോ എന്ന കാര്യത്തിലാണ് ആശയകുഴപ്പമുള്ളത്. കേസ് കോടതിയിലായതിനാല്‍ കോടതിയ്ക്ക് പുറത്ത് ഒത്തു തീര്‍പ്പ് ധാരണ നിലവില്‍ വരുന്നത് നല്ലതാണന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടികാട്ടുന്നു.

പക്ഷെ പാര്‍ലമെന്റില്‍ നിയമം പാസാക്കാനുള്ള അംഗബലം എന്‍ഡിഎക്കുള്ളതിനാല്‍ ഒത്തുതീര്‍പ്പ് ധാരണകള്‍ വേണ്ടന്ന് അതിതീവ്രവാദ ഹിന്ദുവിഭാഗങ്ങളും ആവശ്യപ്പെടുന്നു. എന്തായാലും ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാതെ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേയ്ക്ക് പോകാനാകില്ലെന്ന കടുത്ത നിലപാടിലാണ് വിശ്വഹിന്ദു പരിഷത്തും, ബജ്‌റഗ്ദളും ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here