കെഎം ഷാജിയുടെ വിജയം രാഷ്ട്രീയമല്ല; വര്‍ഗീയ പ്രചാരണം നടത്തിയത് തോല്‍വി ഉറപ്പായപ്പോള്‍

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തലേ ദിവസം ഉൾപ്പെടെ കടുത്ത വർഗീയ പ്രചാരണമാണ് അഴീക്കോട് മണ്ഡലത്തിൽ യു ഡി എഫ് നടത്തിയത്.

കോൺഗ്രസ്സ് നേതാവായ വളപട്ടണം പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ നിന്നടക്കം വിവാദ ലഘു ലേഖകൾ പിടിച്ചെടുത്തിരുന്നു.

വർഗീയ പ്രചാരണം തുറന്നു കാട്ടിയ ഇടതു പക്ഷത്തിന്റെ രാഷ്ട്രീയ വിജയം കൂടിയാണ് കെ എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി.

2016 മെയ് മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ശക്തമായ പോരാട്ടം നടന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു അഴീക്കോട്. പ്രചാരണം മുറുകിയപ്പോൾ പരാജയം മണത്ത യു ഡി എഫ് മത ഭിന്നിപ്പുണ്ടാക്കി വോട്ട് പിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

തിരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസങ്ങളിലാണ് മുസ്ലീം വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ കടുത്ത വർഗീയ പ്രചാരണം യു ഡി എഫ് അഴിച്ചു വിട്ടത്.

രഹസ്യമായി മുസ്ലിം വീടുകളിൽ എത്തി ലഘു ലേഖകൾ വിതരണം ചെയ്തു.എതിർ സ്ഥാനാർഥി എം വി നികേഷ് കുമാറിനെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും അപകീർത്തിപ്പെടുത്തുന്നതുമായ നോട്ടീസുകളും പ്രചരിപ്പിച്ചു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ കമ്മിറ്റി എന്ന പേരിലുള്ള ഇല്ലാത്ത സംഘടനയുടെ പേരിലാണ് നോട്ടീസുകളും ലഘു ലേഖകളും അടിച്ചിറക്കി വിതരണം ചെയ്തത്.

കോൺഗ്രസ്സ് നേതാവും വളപട്ടണം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന മനോരമയുടെ വീട്ടിൽ വച്ച് ഇത്തരം ലഘുലേഖകൾ കൂട്ടത്തോടെ പിടിച്ചെടുത്തു.

മെയ് 11,12,15 തീയതികളിൽ മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം നോട്ടീസുകൾ വിതരണം ചെയ്തു എന്ന് അന്നത്തെ വളപട്ടണം എസ് ഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

എൽ ഡി എഫ് സ്ഥാനാർഥി എം വി നികേഷ് കുമാർ,മണ്ഡലത്തിലെ വോട്ടറായ പ്രൊഫ ടി വി ബാലൻ എന്നിവരാണ് കെ എം ഷാജിയെ അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് നിയമ പോരാട്ടം നടത്തിയത്.

അനുകൂല വിധിയെ സ്വാഗതം ചെയ്ത എം വി നികേഷ് കുമാർ മതാധിഷ്ഠിത രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ പൊതു താല്പര്യ ഹർജിയുമായി കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.

ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ വിജയം കൂടിയാണ് കെ എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി.വർഗീയത പറഞ്ഞാണ് അഴീക്കോട് മണ്ഡലത്തിൽ കെ എം ഷാജി വിജയിച്ചത് എന്ന എൽ ഡി എഫ് ന്റെ ആരോപണമാണ് ഹൈക്കോടതി വിധിയോടെ ശരിയാണെന്ന് തെളിഞ്ഞത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here