
ചരിത്രപ്രസിദ്ധമായ കല്‍പാത്തി രഥോത്സവത്തിന് കൊടിയേറി. കല്‍പാത്തിയിലെ വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലും ഉപദേവതകളുടെ ക്ഷേത്രങ്ങളിലുമാണ് ഉത്സവത്തിന്‍റെ വരവറിയിച്ച് ധ്വജാരോഹണം നടന്നത്. രഥോത്സവത്തോടനുബന്ധിച്ചുള്ള സംഗീതോത്സവം ഇന്നാരംഭിക്കും.
രഥോത്സവത്തിന്‍റെ വരവറിയിച്ച് കൊണ്ടുള്ള കൊടിയേറ്റിന്‍റെ ഭാഗമായി ക്ഷേത്രാങ്കണത്തില്‍ പ്രത്യേക പൂജകള്‍ നടന്നു. അഗ്രഹാര വീഥിയിലൂടെ മന്തക്കര മഹാഗണപതി, കാശിവിശ്വനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി.
പല്ലക്കിലേറിയെത്തിയ മഹാഗണപതി അച്ഛനെ വണങ്ങി മടങ്ങിയതോടെ കൊടിയേറ്റ ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മുഴങ്ങുന്ന മന്ത്രധ്വനികള്‍ക്കും വാദ്യമേളങ്ങള്‍ക്കുമിടയില്‍ രഥോത്സവത്തിന്‍റെ കൊടി ഉയര്‍ന്നു.
പ്രധാന ക്ഷേത്രത്തില്‍ കൊടിയേറിയതിന് പിന്നാലെ മന്തക്കര മഹാഗണപതി ക്ഷേത്രത്തിലും, ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലും, കല്‍പാത്തി ലക്ഷ്മീ നാരായണ പെരുമാള്‍ ക്ഷേത്രത്തിലും ദ്വജാരോഹണം നടന്നു. നവംബര്‍ 14,15,16 തീയ്യതികളിലാണ് രഥോത്സവം.
രഥോത്സവത്തില്‍ എഴുന്നളളിക്കുന്ന തേരുകള്‍ അലങ്കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അഗ്രഹാരങ്ങളിലൂടെയുള്ള പ്രയാണം പൂര്‍ത്തിയാക്കി 16ന് തേരു മുട്ടിയിൽ പ്രസിദ്ധമായ രഥസംഗമം നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here