മമ്മൂട്ടി ചിത്രവും ദുല്‍ഖര്‍ ചിത്രവും ഇന്ത്യന്‍ പനോരമയില്‍; മമ്മൂട്ടി തമി‍ഴില്‍ നിന്ന്, ദുല്‍ഖര്‍ തെലുങ്കില്‍ നിന്ന്; ഗോവ ചലച്ചിത്രമേള നവംബര്‍ 20 മുതല്‍

ഇന്ത്യയുടെ 49ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇത്തവണ അപൂര്‍വ്വതകളേറെയാണ്. അതിലൊന്നാണ്, ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്‍റെയും സിനിമകളുടെ പ്രദര്‍ശനം. എന്നാല്‍ മലയാളത്തിലെ ഈ രണ്ട് നടന്മാരും പനോരമയില്‍ പ്രതിനിധീകരിക്കുന്നത് തങ്ങളുടെ മാതൃഭാഷയില്‍ നിന്നല്ലെന്നതാണ് പ്രത്യേകത.

ദേശീയ അവാര്‍ഡ് ജേതാവായ തമി‍ഴ് സംവിധായകന്‍ രാമിന്‍റെ പേരന്‍പാണ് ഇന്ത്യന്‍ പനോരമയിലെ മമ്മൂട്ടിച്ചിത്രം. തെലുങ്കില്‍ നിന്ന് നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മഹാനനദിയാണ് ദുല്‍ഖര്‍ സല്‍മാന്‍റെ ചിത്രം. രണ്ട് ചിത്രങ്ങളും ഇതിനകം തന്നെ രാജ്യത്ത് ശ്രദ്ധിക്കെപ്പട്ടതാണ്.

ക‍ഴിഞ്ഞ ജനുവരിയില്‍ നടന്ന റോട്ടര്‍ഡാം ചലച്ചിത്രമേളയിലും ഷാങ്ഹായ് മേളയിലും വന്‍ കൈയ്യടി നേടിയ ചിത്രമാണ് പേരന്‍പ്. ഭിന്നശേഷിക്കാരിയായ ഒരു പെണ്‍കുട്ടിയുടെ പിതാവായെത്തുന്ന മമ്മൂട്ടി അസാധാരണമായ പ്രകടനമാണ് കാ‍ഴ്ച്ചവെക്കുന്നത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തന്നെ ഒരു നാ‍ഴികക്കല്ലായ പേരന്‍പ് നീണ്ട ഇടവേളക്ക് ശേഷമുള്ള അദ്ദേഹത്തിന്‍റെ തമി‍ഴ് ചിത്രമാണ്. ബേബി സാധന, അഞ്ജലി അമീര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

പ്രമുഖ ദക്ഷിണേന്ത്യന്‍ അഭിനേത്രി സാവിത്രിയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രമാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മഹാനദി. കീര്‍ത്തി സുരേഷ് സാവിത്രിയായി അഭിനയിക്കുമ്പോള്‍ ജെമിനി ഗണേശനായി വരുന്നത് ദുല്‍ഖര്‍ സല്‍മാനാണ്.

ഇരുവരുടെയും വിവാഹ ബന്ധത്തിലെ താളപ്പി‍ഴകളും ശേഷം നടിയുടെ ജീവിതം തന്നെ മാറിപ്പോകുന്ന സംഭവവികാസങ്ങളും ഉള്‍ച്ചേര്‍ന്ന ഒ‍ഴുക്കുള്ളൊരു ജീവചരിത്ര സിനിമയാണ് മഹാനനദി.

ഇന്ത്യന്‍ പനോരമയില്‍ സിനിമ തെരഞ്ഞെടുക്കപ്പെടുന്നത് ദേശീയ അവാര്‍ഡ് ലഭിക്കുന്നതിന് തുല്യമായ അംഗീകാരമായാണ് ചലച്ചിത്രലോകം കാണുന്നത്. മമ്മൂട്ടിച്ചിത്രങ്ങള്‍ നിരവധി തവണ പനോരമയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. 2010ലെ ഗോവാ ചലച്ചിത്രമേളയില്‍ മമ്മൂട്ടിയായിരുന്നു മുഖ്യാതിഥി.

2010ല്‍ ഷാജി എന്‍ കരുണിന്‍റെ കുട്ടിസ്രാങ്കായിരുന്നു ഇന്ത്യന്‍ പനോരമയിലുണ്ടായിരുന്നത്. ഇത്തവണ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടനച്ചിത്രവും ഷാജി എന്‍ കരുണിന്‍റെ `ഓള്’ എന്ന ചിത്രമാണ്. ഈമായൗ, മക്കന, സുഡാനി ഫ്രം നൈജീരിയ, ഭയാനകം, പൂമരം എന്നിങ്ങനെ മലയാളത്തില്‍ നിന്ന് ആറ് ചിത്രങ്ങള്‍ പനോരമയില്‍ പ്രദര്‍ശനത്തിനെത്തും.

നവംബര്‍ 20ത് മുതല്‍ 28വരെ ഗോവയിലെ പനാജിയിലാണ് ചലച്ചിത്രമേള. ജൂലിയന്‍ ലാന്‍റൈസിന്‍റെ `ദി ആസ്പേര്‍ണ്‍ പേപ്പേര്‍സ്’ ആണ് ഉദ്ഘാടന ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News