വിമാനങ്ങളുടെ വില പരസ്യമാക്കിയില്ല; റഫേല്‍ ഇടപാടിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു

യുദ്ധവിമാനങ്ങളുടെ വില പരസ്യമാക്കാതെ കേന്ദ്ര സര്‍ക്കാര്‍ റാഫേല്‍ ഇടപാടിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

റിലയന്‍സിനെ റാഫേലില്‍ പങ്കാളിയായി ദസാള്‍ട്ട് ഏവിയേഷന്‍ തിരഞ്ഞെടുത്തത് യുപിഎ കാലത്താണന്നും കേന്ദ്ര സര്‍ക്കാര്‍. കേസ് മറ്റന്നാള്‍ സുപ്രീംകോടതി പരിഗണിക്കും.

റഫേല്‍ കരാറില്‍ ഒളിച്ച് കളി തുടരുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഫ്രാന്‍സില്‍ നിന്നും 36 വിമാനങ്ങള്‍ വാങ്ങാനുള്ള നടപടി ക്രമങ്ങള്‍ റിപ്പോര്‍ട്ടായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കേന്ദ്ര സര്‍ക്കാര്‍ വില വിവരം പരസ്യമാക്കാനാകില്ലെന്ന് മുന്‍ നിലപാടില്‍ തന്നെയാണ്.

പതിനാറ് പേജ് വരുന്ന റിപ്പോര്‍ട്ടില്‍ വിമാനങ്ങള്‍ വാങ്ങാനുള്ള നടപടി ക്രമങ്ങള്‍ 2016 ആഗസ്റ്റില്‍ പൂര്‍ത്തിയാക്കിയതായി അവകാശപ്പെടുന്നു.

ആഗസ്റ്റ് നാലിന് നെഗോസിയേഷന്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.20 ദിവസത്തിന് ശേഷം ആഗസ്റ്റ് 24ന് ധനകാര്യ,നിയമ മന്ത്രാലയങ്ങളും സുരക്ഷാകാര്യ മന്ത്രിതല സമിതിയുടേയും അനുമതി വാങ്ങി.

തുടര്‍ന്ന് കരാര്‍ ഒപ്പിട്ടു. അനില്‍ അബാനിയുടെ റിലയന്‍സിനെ റാഫേല്‍ നിര്‍മ്മാതാക്കളായ ദസോള്‍ട്ട് ഏവിയേഷന്‍ ഇന്ത്യന്‍ പങ്കാളിയാക്കിയതിനെക്കുറിച്ചുള്ള അജ്ഞത റിപ്പോര്‍ട്ടിലും ആവര്‍ത്തിക്കുന്നു.

ഇന്ത്യന്‍ പങ്കാളിയെ തിരഞ്ഞെടുത്ത വിവരം ചട്ട പ്രകാരം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കേണ്ടതില്ല. ഇന്ത്യന്‍ പ്രതിരോധമേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുക എന്നാണ് ഓഫ്‌സെറ്റ് പങ്കാളിത്വം കൊണ്ട് ഉദേശിക്കുന്നത്.

2012ല്‍ ദസാല്‍ട്ട് ഏവിയേഷന്‍ റാഫേല്‍ കരാര്‍ നേടുമെന്നും,രണ്ടാഴ്ച്ചക്കുള്ളില്‍ റിലയന്‍സിനെ പങ്കാളിയാക്കുമെന്നും പത്രവാര്‍ത്തകളുണ്ടെന്നും കേന്ദ്ര റിപ്പോര്‍ട്ടില്‍ പറയുന്നു.

റിലയന്‍സ്-ദസോള്‍ട്ട് പങ്കാളിത്വത്തില്‍ രണ്ടാം യുപിയഎ സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് ഇത് വഴി മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

2015 മെയ് മാസം ദസോള്‍ട്ടുമായി ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അതിന് ഒരു മാസം മുമ്പ് ഏപ്രിലില്‍ തന്നെ റഫേല്‍ വിമാനം ഫ്രാന്‍സില്‍ നിന്നും വാങ്ങുമെന്ന് മോദി പ്രഖ്യാപിച്ചിരുന്നു.

അതായത് ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ മോദി റഫേല്‍ വാങ്ങുമെന്ന് പ്രഖ്യാപിച്ചു. മറ്റന്നാള്‍ റഫേല്‍ കേസ് സുപ്രീംകോടതി പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here