“നിങ്ങള്‍ ജയിച്ചു, ഞാന്‍ തോറ്റു”; കസബിന്‍റെ അവസാന വാക്കുകള്‍ പുറത്ത്

മുംബൈ ഭീകരാക്രമണ കേസില്‍ പിടിയിലായി തൂക്കിലേറ്റപ്പെട്ട ലഷ്കറെ തോയ്ബ ഭീകരന്‍ അജ്മല്‍ കസബിന്‍റെ അവസാന വാക്കുകളായിരുന്നു ഇത്.

“നിങ്ങള്‍ ജയിച്ചു, ഞാന്‍ തോറ്റു”.തൂക്കിലേറ്റപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് നവംബര്‍ 19ന് രാത്രി മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് പൂനെയിലെ യര്‍വാദാ ജയിലിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു കസബിന്‍റെ ഈ വാക്കുകള്‍.

വധശിക്ഷ നടപ്പാക്കാന്‍ പോകുന്നുവെന്നറിഞ്ഞതിന് ശേഷം മുംബൈ ജയിലില്‍ നിന്ന് യര്‍വാദാ ജയിലിലെത്തുന്നതുവരെയുള്ള മൂന്നര മണിക്കൂര്‍ യാത്രയ്ക്കിടെ കസബ് ഒന്നും സംസാരിച്ചിട്ടില്ലെന്ന് മുംബൈ സ്ഫോടനക്കേസ് അന്വേഷണ ഉദ്യോഗസ്ഥനും കസബിന്‍റെ മേല്‍നോട്ട ചുമതലയുമുണ്ടായിരുന്ന രമേഷ് മഹാലെ പറഞ്ഞു.

കോടതി ശിക്ഷിച്ചാലും വര്‍ഷങ്ങള്‍ക്ക് ശേഷം രക്ഷപ്പെടാമെന്ന കസബിന്‍റെ വിശ്വാസം മരണഭയത്തിന് വ‍ഴിമാറിയ മണിക്കൂറുകളായിരുന്നു അതെന്നും രമേഷ് ഓര്‍ക്കുന്നു.

ഭീകരാക്രമണത്തിന് പിടിയിലായെങ്കിലും തൂക്കിലേറ്റില്ലെന്ന പ്രതീക്ഷയിലായിരുന്നു കസബെന്ന് രമേഷ് പറയുന്നു. വധശിക്ഷയോട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്ന എതിര്‍പ്പ് തനിക്ക് തുണയാകുമെന്ന് കസബ് വിശ്വസിച്ചിരുന്നു.

പാര്‍ലമെന്‍റ് ആക്രമണ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്സല്‍ ഗുരു 8 വര്‍ഷത്തിന് ശേഷവും ജയിലില്‍ തുടരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു 21കാരനായ കസബ് ഈ വിശ്വാസം മുന്നോട്ടുവെച്ചത്.

അന്വേഷണ ഉദ്യോഗസ്ഥരെയും കോടതിയെയും അമ്പരപ്പിക്കുന്ന സമീപനവും വാക്കുകളുമായിരുന്നു കസബിന്‍റേതെന്നും രമേഷ് പറയുന്നു.

കസബിന്‍റെ വാദം രേഖപ്പെടുത്തുന്ന സമയത്ത് കോടതിയോട് കസബ് പറഞ്ഞതിങ്ങനെ. അമിതാഭ് ബച്ചന്‍റെ ആരാധകനായ താന്‍ പാകിസ്ഥാനില്‍ സ്വദേശിയാണെന്നും നിയമാനുസൃത രേഖകളോടുകൂടി മുംബൈയിലെത്തി ബച്ചന്‍റെ വീടിന് മുന്നില്‍ നില്‍ക്കുമ്പോള്‍ റോ ഉദ്യോഗസ്ഥര്‍ പിടികൂടി മുംബൈ പൊലീസിന് കൈമാറി.

പൊലീസാകട്ടെ കൈയിലേക്ക് വെടിയുതിര്‍ത്തശേഷം ഭീകരാക്രമണ കേസില്‍ പ്രതി ചേര്‍ക്കുകയും ചെയ്തു. പിടിയാലായി നാല് ദിവസത്തിന് ശേഷമാണ് തന്നെ കേസില്‍ പ്രതിയാക്കിയതെന്നും കസബ് കോടതിയില്‍ പറഞ്ഞിരുന്നു.

2010 മെയ് ആറിനാണ് പ്രത്യേക കോടതി കസബിന് വധശിക്ഷ വിധിക്കുന്നത്. പിന്നീട് മുംബൈ ഹൈക്കോടതിയും സുപ്രീംകോടതിയും വധശിക്ഷ ശരിവെച്ചു.

പിടിയിലായി നാല് വര്‍ഷം തികയുന്നതിന് മുമ്പ് 2012 നവംബര്‍ 11ന് പ്രത്യേക കോടതി കസബിന്‍റെ വധശിക്ഷയ്ക്കുള്ള വാറന്‍റ് പുറപ്പെടുവിച്ചു.

നവംബര്‍ 21ന് പുലര്‍ച്ചെ തൂക്കിലേറ്റുന്നതുവരെ ഭീകരാക്രമണത്തിനിടയില്‍ പരുക്കേറ്റ് 2008 നവംബര്‍ 26ന് പിടിയിലായശേഷം മുംബൈയിലെ നായര്‍ ഹോസ്പിറ്റലില്‍ കസബിനെ ആദ്യം ചോദ്യം ചെയ്തതുമുതല്‍ തൂക്കിലേറ്റുന്നതുവരെയുള്ള സംസര്‍ഗത്തെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രമേഷ് മഹാലെ മനസ് തുറന്നത്.

ഭീകരാക്രണസമയത്ത് മുംബൈ ക്രൈംബ്രാഞ്ച യൂണിറ്റ് വണ്ണിന്‍റെ ചീഫ് ഇന്‍വെസ്റ്റിഗേറ്ററായിരുന്നു രമേഷ്. ആര്‍തർ റോഡ് ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റുന്നതുവരെ 81 ദിവസമാണ് കസബ് ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിലുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News