ക്രിക്കറ്റില്‍ ബാറ്റ്സ്മാനില്ലാത്ത നിയന്ത്രണങ്ങള്‍ ബൗളര്‍ക്കെന്തിന്?; ക്രീസിൽ വട്ടം കറങ്ങി പന്തെറിഞ്ഞ ശിവ സിങ്ങ് ബിസിസിഐക്ക് മുന്നിൽ

മുംബൈയില്‍ സി.കെ. നായിഡു ട്രോഫിക്കിടെ 360 ഡിഗ്രിയിൽ വട്ടം കറങ്ങി ബൗള്‍ ചെയ്ത യുവതാരത്തിന്‍റെ പന്ത് ഡെഡ് ബോൾ ആണെന്നു വിധിച്ച അംപയറുടെ തീരുമാനത്തിനെതിരെ ബി സി സി ഐയെ സമീപിച്ച് ശിവസിങ്ങ്.

ബംഗാളിന്‍റെ രണ്ടാം ഇന്നിങ്സിനിടെയാണ് 360 ഡിഗ്രി തിരിഞ്ഞുള്ള ബോളിങ് ആക്ഷനുമായി ഉത്തര്‍പ്രദേശിന്‍റെ ശിവ സിങ് പന്തെറിഞ്ഞത്.

റണ്‍സോ വിക്കറ്റോ ഈ പന്തില്‍ നേടാനായില്ലെങ്കിലും അമ്പയറായിരുന്ന വിനോദ് ശേഷൻ അതു ഡെഡ് ബോൾ ആയി വിധിക്കുകയായിരുന്നു.

വിവാദ ബൗളിങ്ങ് ആക്ഷന്‍റെ വീഡിയോ കാണാം

ശിവസിങ്ങിനൊപ്പം ഉത്തർ പ്രദേശ് ക്യാപ്റ്റന്‍ ശിവം ചൗധരി നേരിട്ട് സംസാരിച്ചെങ്കിലും സഹ അംപയർ രവിശങ്കറുമായി സംസാരിച്ച് അതു ഡെഡ് ബോളാണെന്ന നിലപാടിൽ വിനോദ് ശേഷന്‍ ഉറച്ചുനിന്നു.

ബാറ്റ്സ്മാനെയോ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിൽക്കുന്ന താരത്തെയോ മനഃപൂർവം കബളിപ്പിക്കാനുള്ള ശ്രമം ബോളർ നടത്തുന്ന സാഹചര്യത്തിൽ പന്ത് ഡെഡ് ബോൾ ആയി വിധിക്കാമെന്ന ഐസിസി നിയമത്തിന്‍റെ ചുവടുപിടിച്ചാണ് ശേഷൻ ശിവയുടെ 360 ഡിഗ്രി ബോൾ ഡെഡ് ബോൾ ആണെന്ന് വിധിച്ചത്.

ക്രിക്കറ്റ് എന്നും ബാറ്റ്സ്മാൻമാർക്ക് അനുകൂലമായ കളിയാണെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് അമ്പയറുടെ തീരുമാനമെന്ന് 19 കാരനായ ശിവസിങ്ങിന്‍റെ പരാതിയില്‍ പറയുന്നു.

തന്‍റെ പന്തിനു നിയമ സാധുത നൽകണമെന്ന ആവശ്യവുമായി നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ സമീപിച്ചിരിക്കുകയാണ് ശിവ സിങ്.

ബാറ്റ്സ്മാന് 360 ഡിഗ്രിയിൽ തിരിയുകയോ ചെരിയുകയോ കിടക്കുകയോ ചെയ്യാമെന്നിരിക്കെ ബൗളറെ മാത്രം ഇത്തരത്തിൽ നിയന്ത്രിക്കുന്നതിന്‍റെ സാംഗത്യമാണ് ശഇവ സിങ്ങ് ചോദ്യം ചെയ്യുന്നത്.

ഇത്തരത്തിൽ അസ്വാഭാവികമായി ബാറ്റ് വീശുന്ന ബാറ്റ്സ്മാനോട് വിശദീകരണം ചോദിക്കാൻ പോലും അംപയർമാർക്കു വകുപ്പില്ല.

ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം എ.ബി. ഡിവില്ലിയേഴ്സ് ഇത്തരം കളിയുടെ പേരിൽ മിസ്റ്റർ 360 എന്നാണ് അറിയപ്പെടുന്നതെന്നും ശിവയുടെ പരാതിയില്‍ പറയുന്നു.

തന്‍റെ ബൗളിങ് ആക്ഷൻ ബിസിസിഐ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അണ്ടർ 19 ലോകകപ്പിൽ കിരീടം ചൂടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ശിവ സിങ്ങ് പ്രതീക്ഷിക്കുന്നു.

ഇത്തരത്തിൽ ബൗളര്‍ക്ക് മാത്രം നിയന്ത്രണമേര്‍പ്പെടുത്തുന്നത് ശരിയല്ല. എന്‍റെ ആക്ഷനിൽ ഒരു കുഴപ്പവുമില്ല. പല പ്രാദേശിക മൽസരങ്ങളിലും ഈ ആക്ഷൻ ഞാൻ ഉപയോഗിച്ചിട്ടുണ്ട്.

അന്നൊന്നും അമ്പയർമാർ ഡെഡ് ബോൾ വിളിച്ചിട്ടില്ല. ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ ഇതേ ആക്ഷൻ ഉപയോഗിച്ചപ്പോഴും യാതൊരു പ്രശ്നവുമില്ലായിരുന്നുവെന്നും ശിവ സിങ്ങ് വ്യക്തമാക്കി.

അംപയറുടെ തീരുമാനം, ക്രിക്കറ്റ് ബാറ്റ്സ്മാന്‍റെ മാത്രം കളിയാണെന്ന ആരോപണം ശരിവയ്ക്കുന്നതാണെന്ന് മുൻ ഇന്ത്യൻ താരം ബൽവീന്ദർ സിങ് സന്ധു ഉൾപ്പെടെയുള്ളവർ പറയുന്നു.

എന്നാല്‍ റണ്ണപ്പിനിടെ വട്ടം കറങ്ങുന്ന ബോളർ ബാറ്റ്സ്മാന്‍റെ ശ്രദ്ധ തെറ്റിക്കാൻ മനഃപൂർവം ശ്രമിക്കുകയാണെന്ന് ഐസിസിയുടെ എലൈറ്റ് പാനലിൽ അംഗമായ അംപയർ സൈമണ്‍ ടോഫല്‍ നിരീക്ഷിക്കുന്നു.

ഇക്കാര്യത്തിൽ അമ്പയർമാരുടെ തീരുമാനമാണ് അന്തിമമെന്നാണ് ക്രിക്കറ്റ് നിയമങ്ങളുടെ ഉപജ്ഞാതാക്കളായ എംസിസിയും പറയുന്നു.

അതേസമയം ശിവയുടെ ബൗളിങ്ങ് ആക്ഷനില്‍ തെറ്റൊന്നുമില്ലെന്നും പുതുമകള്‍ സ്വീകരിക്കപ്പെടേണ്ടതാണെന്നും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോഗണ്‍ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News