കണ്ണീര്‍ കശ്മീരിലെ കുരുന്ന് ജീവിതങ്ങള്‍


(ഭീകരര്‍ അച്ഛനെ കൊലപ്പെടുത്തുന്നതിന് ദൃക്സാക്ഷിയായ
സഹാന ഫയാസ്)

കശ്മീരിന്‍റെ നെല്ലറയാണ് മനോഹരമായ കുല്‍ഗാം ജില്ല. നെല്‍പാടങ്ങള്‍ക്കിടയില്‍ നിറയെ ആപ്പിള്‍ തോട്ടങ്ങള്‍ കാണാം. ആപ്പിള്‍ ഗ്രാമമായ സാസാപ്രോരയില്‍ ആപ്പിളിനേക്കാള്‍ ചുകന്ന് തുടുത്ത് നുന്ദരിയായ ഒരു നാലുവയസ്സുകാരിയെകണ്ടു.

പേര് സഹാന ഫയാസ്.സഹാന മിക്കപ്പോ‍ഴും പട്ടാള വേഷത്തിലാകും. ഇത്തിരിലാളിച്ചാല്‍ സഹാന മനസ്സ് തുറക്കും; “എനിക്ക് പട്ടാളക്കാരിയാകണം” കശ്മീരികള്‍ക്ക് പൊതുവില്‍ ഇന്ത്യന്‍ പട്ടാളത്തോട് എതിര്‍പ്പാണ്. പക്ഷെ സഹാന പട്ടാളത്തെ സ്നേഹിക്കുന്നു.

അതിനൊരു കാരണം ഉണ്ട്.ഈ വര്‍ഷം ഭീകരര്‍ ഇതുവരെ കൊലപ്പെടുത്തിയത് 31 പൊലീസുകാരെയാണ്. അവരില്‍ ഒരാളാണ് സഹാനയുടെ പിതാവ് മുഹമ്മദ് ഫയാസ്. ഓഗസ്റ്റ് 22 ഈദ് ദിനം.അന്ന് രാവിലെ അച്ഛന്‍ മുഹമ്മദ് ഫയാസിനോടൊപ്പം നിസ്കാരത്തിനായി പളളിയില്‍ പോകവെ വ‍ഴിയില്‍ വെച്ച് ഇരുവരേയും ഭീകരര്‍ വളഞ്ഞു. സഹാനയെ മാറ്റി നിര്‍ത്തിയ അവര്‍ ഫയാസിന് നേരെ തുരുതുരെ വെടിയുതിര്‍ത്തു.

ചോരപുരണ്ട അച്ഛന്‍റെ മൃതദേഹത്തിന് സമീപം കുറെനേരം സഹാന തനിച്ചായിരുന്നു ജമ്മുകശ്മീര്‍ സര്‍ക്കാറിന്‍റെ കണക്ക് പ്രകാരം ഭീകരവാദവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ അച്ഛനോ അമ്മയോ ,ഇരുവരുമോ നഷ്ടപ്പെട്ട 79,550 കുട്ടികള്‍ കശ്മീരില്‍ ഉണ്ട്.

ഇവരില്‍ ഒരാള്‍ മാത്രമാണ് സഹാന. സഹാനയ്ക്ക് ഭീകരരോട് പകയാണ്. പഠിച്ച് പട്ടാളക്കാരിയായശേഷം ഭീകരവാദം അമര്‍ച്ചചെയ്യണം എന്നതാണ് സഹാനയുടെ ലക്ഷ്യം. അമ്മ തപസ്സുമിന്‍റെ ലക്ഷ്യവും മകളെ പട്ടാളക്കാരിയാക്കുക എന്നതാണ്.

ഹവൂറയിലെ ആന്‍റെ്ലീബ്

(സൈന്യം മൂന്ന് പേരെ വെടിവെച്ച് കൊന്ന ഹവൂറ ഗ്രാമം)

സാസാപ്രോരയില്‍നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ഹവൂറ ഗ്രാമം. ഹവൂറയിലെ കുട്ടികളുടെ മുഖ്യശത്രു സൈന്യമാണ്. പുറത്തേക്ക് ഗ്രാമം ശാന്തവും സുന്ദരവുമാണ്.

എന്നാല്‍ അകത്ത് അസ്വസ്തതകള്‍ പുകഞ്ഞുകൊണ്ടിരിക്കുന്നു. ഗ്രാമത്തോടുചേര്‍ന്നുളള വനം പലപ്പോ‍ഴും ഭീകരരുടെ ഒളിസങ്കേതമാണ്. ജൂലായ് 7ന് സൈന്യം ഗ്രാമം വളഞ്ഞു. ഗ്രാമീണരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. 3 പേര്‍ കൊല്ലപ്പെട്ടു.അവരില്‍ ഒരാള്‍ 16 കാരിയായ ആന്‍റെ്ലീബ് എന്ന പെണ്‍കുട്ടിയായിരുന്നു.


(സൈന്യം വെടിവെച്ച് കൊന്ന ആന്‍റെലീബ്)

ആന്‍റെ്ലീബിന്‍റെ അമ്മ അന്‍സാരയുടെ കണ്ണുകളിലെ കണ്ണീര്‍ ഇതുവരെ വറ്റിയിട്ടില്ല. അന്‍സാര വിവരിച്ചു; “അവള്‍ പെണ്‍കുട്ടിയാണ്. അവള്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞിട്ടില്ല. വെടിവെപ്പില്‍ അടുത്തവീട്ടിലെ ഒരു ചെറുപ്പക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു.

മരണവെപ്രാളമടിക്കുകയായിരുന്ന അവന് വെളളം കൊടുത്തുകൊണ്ടിരിക്കെയാണ് എന്‍റെ ആന്‍റെ്ലീബിനെ സൈന്യം വെടിവെച്ച് കൊന്നത്” ജമ്മുകശ്മീര്‍ കൊയല്യൂഷന്‍ ഓഫ് സിവില്‍ സൊസൈറ്റിയുടെ കണക്ക് പ്രാകാരം 2013മുതല്‍ സംഘര്‍ഷങ്ങളില്‍ 318 കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

അവരില്‍ ഒരാളാണ് ആന്‍റെ്ലീബ്. നിരപരാധിയായ പെണ്‍കുട്ടികൊല്ലപ്പെട്ട സംഭവം കശ്മീരില്‍ വന്‍ ജനരോക്ഷം ഉയര്‍ത്തി.നിരപരാധികള്‍ കൊല്ലപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തിക്കൊണ്ടാകണം ഓപ്പറേഷനെന്ന കര്‍ശന നിര്‍ദ്ദേശം സൈന്യത്തിന് ലഭിച്ചു.

അതുകൊണ്ടൊന്നും മുറിവ് ഉണങ്ങിയില്ല. ദു:ഖകരമെന്ന് പറയട്ടെ ഹവൂറ ഗ്രാമത്തില്‍ കണ്ടുമുട്ടിയ പലകുട്ടികളിലും സൈന്യത്തിനെതിരെ പക പുകയുകയാണ്. അവര്‍ ഭീകരര്‍ക്ക് വേണ്ടി തോക്ക് പിടിക്കാന്‍ തയ്യാറാണ്.

കുട്ടികളുടെ മാനസിക വൈകല്ല്യങ്ങള്‍


(ഇന്ത്യയില്‍ ഏറ്റവുമധികം മാനസിക പ്രശ്നങ്ങള്‍ ഉളള കുട്ടികള്‍ കശ്മീരില്‍)

എണ്‍പതുകളുടെ രണ്ടാം പാദം മുതല്‍ കശ്മീരിനെ നിരന്തരം പുകച്ചുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളുടെ ഏറ്റവും വലിയ ഇരകള്‍ കുട്ടികളാണ്.

അടുത്തിടെ കമ്യൂണല്‍ മെന്‍റെല്‍ ഹെല്‍ത്ത് ജേര്‍ണല്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ ഏറ്റവും അധികം മാനസിക പ്രശ്നങ്ങള്‍ ഉളള കുട്ടികള്‍ ഉളള പ്രദേശം കശ്മീര്‍ ആണെന്ന് കണ്ടെത്തിയിരുന്നു.

ഏറ്റവും അധികം ഭീകരാക്രമണങ്ങളും സംഘര്‍ഷങ്ങളും നടക്കുന്ന സോപ്പിയാന്‍ ജില്ലയിലെ 8ാം ക്ലാസ് മുതല്‍ 12ാം ക്ളാസ് വരെയുളള ക്ളാസുകളിലെ 1000 കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനം പ്രശ്നത്തിന്‍റെ ഗൗരവം വ്യക്തമാക്കുന്നു. നിയന്തണാധീതമായ ഉത്കണ്ഠ, സ്വഭാവ വൈകല്ല്യം,വൈകാരിക ചിത്തഭ്രമം,പി ടി എസ് ഡി (പോസ്റ്റ് ട്രൂമാറ്റിക് സ്ട്രസ് ഡിസോഡര്‍‍) അഥവാ “പീന്നീടുളള ക്ളേശകരമായ മാനസിക പിരിമുറുക്കാവസ്ഥ’ തുടങ്ങിയവയെല്ലാം കുട്ടികള്‍ക്കിടയില്‍ സര്‍വ്വവ്യാപിയായിരുന്നു.

എന്നാല്‍ മിക്ക കുട്ടികള്‍ക്കും മാനസികാരോഗ്യ ചികിത്സപോയിട്ട് കൗണ്‍സിലിംങ് പോലും ലഭിക്കുന്നില്ല. ശ്രീനഗര്‍ ഗവണ്‍മെന്‍റെ് മെഡിക്കല്‍ കോളേജിലെ മനോരോഗ വിദഗ്ധന്‍ ഡോ.അര്‍ഷാദ് ഹുസൈന്‍ നിരീക്ഷിക്കുന്നത് ഇങ്ങനെ “ലോകത്തെ മാറ്റി മറിച്ച മഹാന്‍മാരുടെ കുട്ടിക്കാലങ്ങളെല്ലാം സംഘര്‍ഷ ഭരിതമായിരുന്നു.

മാനസിക സംഘര്‍ഷങ്ങളെ അതിജീവിക്കാനുളള സ്വാഭാവിക ശേഷി എല്ലാമനുഷ്യര്‍ക്കും ഉണ്ട്. എന്നാല്‍ സ്വാഭാവികമായ ശേഷികൊണ്ട് മറികടക്കാനാവാത്ത മാനസികാവസ്ഥയിലേയ്ക്ക് കശ്മീര്‍ ബാല്യം മാറി എന്നതാണ് വസ്തുത”

കശ്മീരിലെ കളിപ്പാട്ട കടകളില്‍ ഏറ്റവുമധികം വിറ്റ‍ഴിയുന്ന കളിപ്പാട്ടം തോക്കാണ്. ഇഷ്ടപ്പെട്ട വീഡിയോഗെയിം ഏറ്റുമുട്ടലും. ഭീകര സംഘടനകളില്‍ ചേര്‍ന്ന് ചാവേറുകളായി കൊല്ലപ്പെട്ട് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ മാനസികാവസ്ഥ എങ്ങനെയാണ് പരുവപ്പെടുന്നതെന്നതിനും ഡോ.അര്‍ഷാദ് ഹുസൈന്‍ മനശാസ്ത്രപരമായ വിശദീകരണം നല്കുന്നു “നിയമ സംവിധാനത്തോടുളള ഭയപ്പാടോടെയുളള ബഹുമാനമാണ് കുട്ടികളില്‍ നീതിബോധമുണ്ടാക്കുന്നത്.

മറ്റ് പ്രദേശങ്ങളിലെ കുട്ടികള്‍ക്കെല്ലാം പോലീസിനേയും പട്ടാളത്തേയുമെല്ലാം ഭയമാണ്. എന്നാല്‍ കശ്മീരിലെ കുട്ടികള്‍ എന്നും വീട്ട് മുറ്റത്തും തെരുവിലും നിത്യേന കാണുന്നവരാണ് പൊലീസും പട്ടാളവും. അതുകൊണ്ടുതന്നെ ഇവരെയൊന്നും കുട്ടികള്‍ക്ക് ഭയമില്ല”

ഈ ഭയമില്ലായ്മയാണ് ഇന്ന് കശ്മീര്‍ തെരുവുകളില്‍ കാണുന്നത്.പൊലീസിനും പട്ടാളത്തിനും എതിരെ കല്ലെറിയുന്നവരില്‍ കുട്ടികള്‍ നിരവധിയുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരാകട്ടെ പെല്ലറ്റ് ഗണ്ണ് ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ നേരിടുന്നത്.

ജനക്കൂട്ടത്തെ പിരിച്ചുവിടാനായി കാശ്മീരില്‍ ആദ്യമായി പെല്ലറ്റ് ഉപയോഗിച്ചത് 2010ല്‍ ആണ്. പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചാല്‍ നൂറുകണക്കിന് നന്നേ ചെറിയ ഈയ ശകലങ്ങള്‍ ശരീരത്തില്‍ തറക്കും. കണ്ണില്‍ അടിച്ചാല്‍ കാ‍ഴ്ച നഷ്ടപ്പെടും.അപരിഹാര്യമായ ശാരീരിക ,മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കും.

എന്നാല്‍ സേനയ്ക്ക് പറയാനുളളത് മറ്റ് പലതുമാണ്.ജനക്കൂട്ടം അക്രമാസക്തരാകുമ്പോള്‍ ഗത്യന്തരമില്ലാതെ വെടിവെക്കേണ്ടിവരും. വെടിവെച്ചാല്‍ മരണം ഉണ്ടാകും. അതിനേക്കാള്‍ ഭേദമാണ് വൈകല്ല്യങ്ങള്‍ സൃഷ്ടിക്കുന്ന പെല്ലറ്റുകള്‍ എന്നതാണ് അവരുടെ ന്യായീകരണം.

2016 ഓഗസ്റ്റ് 26ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനോടൊപ്പം ശ്രീനഗറില്‍ വാര്‍ത്താ സമ്മേളം നടത്തിയ അന്നത്തെ മുഖ്യമന്ത്രി മൊഹബൂബ മുഫ്ത്തി വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കിയത് ഇങ്ങനെയായിരുന്നു

” 95 % കശ്മീരികളും സമാധാനം ആഗ്രഹിക്കുന്നവരാണ്.ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണം എന്നതാണ് ഇവരുടെ നിലപാട്.എന്നാല്‍ 5% നിയമലംഘകരാണ്.അവരാണ് കുട്ടികളെക്കൊണ്ട് പ്രശനങ്ങള്‍ സൃഷ്ടിക്കുന്നത്”

2016ന് ശേഷം കാശ്മീരില്‍ ഇതുവരെ സേനയുടെ പെല്ലറ്റുകളേറ്റ് ഗുരുതരമായ പരിക്കേറ്റത് 1700ല്‍ അധികം പേര്‍ക്കാണ്. ഇവരിലെ 23 പേര്‍ക്ക് പൂര്‍ണ്ണമായും കാ‍ഴ്ച്ച ശക്തി നഷ്ടപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റവരിലെ 20 പേര്‍ കുട്ടികളാണ്. 12 വയസ്സിനും 18 വയസ്സിനും ഇടയിലുളള 150 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു.

പരിക്കേറ്റ കുട്ടികളില്‍ പലരും സേനയ്ക്ക് നേരെ കല്ലെറിയാന്‍ ശേഷിയുളളവരല്ല.അറിയാതെ സംഘര്‍ഷ സ്ഥലങ്ങളില്‍ കുടുങ്ങിയവരാണ് മിക്കവരും. .പെല്ലറ്റുകല്‍ സൃഷ്ടിച്ച വൈകല്യങ്ങള്‍ ജീവിതത്തിലുടനീളം ഇവരെ വേട്ടയാടും. പലരും മൃതപ്രായരാണ്.

പെല്ലറ്റ്കള്‍ ഉപയോഗിക്കുന്നതിന്‍റെ ശരിതെറ്റുകള്‍ എന്തായാലും ശരി ശരി കാ‍ഴ്ച ശക്തി നഷ്ടപ്പെട്ടവരും കാ‍ഴ്ച മങ്ങിയവരുമായ നിരവധി കുട്ടികളെ ഇന്ന് കശ്മീരില്‍ കാണാം. ഇവരില്‍ ഒരാളാണ് കശ്മീരിലെ ടണ്ടമര്‍ സ്വദേശി ബിലാല്‍ അഹമ്മദ് പാസ.

2016 സപ്തംബര്‍ 9 ന് 9ാം ക്ലാസില്‍ പഠിക്കവെയാണ് പാസയ്ക്ക് പെല്ലറ്റ് ഗണേറ്റത്. ഒരു കണ്ണിന്‍റെകാ‍ഴ്ച്ച ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. മറ്റൊരു കണ്ണിന് അല്പം കാ‍ഴ്ച്ച ശക്തിയുണ്ട്.പരസഹായം കൂടാതെ ഈ വിദ്യാര്‍ത്ഥിക്ക് ഇന്ന് നടക്കാന്‍ പോലും സാധിക്കില്ല.ഇപ്പോള്‍ 11ാം ക്ലാസില്‍ പഠിക്കുന്ന ബിലാല്‍ അഹമ്മദ് പാസയുടെ ആശ്രയം അന്ധര്‍ക്കുളള സോഫ്റ്റ് വെയറാണ്.

(പെല്ലറ്റേറ്റ് അന്ധനായ ബിലാല്‍ അഹമ്മദ് പാസ)

“എന്‍റെ രണ്ട് കണ്ണുകളുടേയും കാ‍ഴ്ച്ച ശക്തി നഷ്ടപ്പെട്ടു.കണ്ണുകലില്‍ 4 ശസ്ത്രക്രിയകള്‍ നടത്തി. ഞാന്‍ ഇപ്പോ‍ഴും പഠിക്കുന്നുണ്ട്. സുഹൃത്തിന്‍റെ സഹായത്തോടെ അന്ധര്‍ക്കുളള സോഫ്റ്റ് വയര്‍ ഉപയോഗിച്ചാണ് പഠിക്കുന്നത്”

പെല്ലറ്റുകളേറ്റ നൂറുകണക്കിന് രോഗികളെ ചികിസ്തിക്കുന്ന ശ്രീനഗര്‍ ഗവണ്‍മെന്‍റെ് മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്‍റെ് പ്രൊഫസര്‍ ഡോക്ടര്‍ നിസാറുള്‍ ഹുസൈന്‍ “നിശബ്ദ ബോംബുകള്‍” എന്നാണ് പെല്ലറ്റിനെ വിശേഷിപ്പിച്ചത് “നൂറുകണക്കിന് പെല്ലറ്റേറ്റവരാണ് ഇവരില്‍ പലരും.

ശരീരത്തില്‍ നിന്നും നീക്കം ചെയ്യാനാകാതെ സ്ഥാനമുറപ്പിക്കുന്ന ഈയ ശകലങ്ങള്‍ പതുക്കെ പതുക്കെ ശരീരത്തിനേയും മനസ്സിനേയും തകര്‍ക്കും. ഓര്‍മ്മക്കുറവ് മുതല്‍ വിഷാദരോഗം വരെ ഇവയുണ്ടാക്കും”

(സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന മാനസിക പ്രശ്നങ്ങള്‍ക്ക് അമ്മമാരും കുട്ടികളും ഒരുപോലെ ഇരകള്‍)

ജനകീയ ആരോഗ്യ പ്രവര്‍ത്തകനായി കശ്മീരില്‍ അറിയപ്പെടുന്ന ഡോക്ടര്‍ നിസാറുള്‍ ഹുസൈന്‍ സംഘര്‍ഷങ്ങള്‍ ഗര്‍ഭിണിയായ സ്തീകളില്‍ ഉണ്ടാക്കുന്ന മാനസിക പ്രശ്നങ്ങളെക്കുറിച്ച് നടത്തിയ പഠനം ശ്രദ്ധേയമായിരുന്നു.

“ഗര്‍ഭിണികള്‍ മാനസിക സംഘര്‍ഷങ്ങള്‍ വയറ്റില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഭ്രൂണത്തിലേയ്ക്ക് കൈമാറുന്നു. നേരത്തെയുളള പ്രസവം,കുട്ടികളുടെ ഭാരക്കുറവ്,ഉയരമില്ലായ്മ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ കശ്മീരില്‍ ദിനം പ്രതി വര്‍ധിക്കുകയാണ്.അപരിഹാര്യമായി തുടരുന്ന സംഘര്‍ഷാവസ്ഥയാണ് അടിസ്ഥാന കാരണം”

കുല്‍ഗാമിലെ മലാലമാര്‍


( കുല്‍ഗാം ഗവ.ഗേള്‍സ് സ്ക്കൂള്‍)

സംഘര്‍ഷങ്ങള്‍ ഏറ്റവും ദോഷകരമായി ബാധിച്ചത് വിദ്യാഭ്യാസ മേഖലയെയാണ്. ഈ വര്ഷവും ക‍ഴിഞ്ഞ വര്‍ഷവും മാസങ്ങളോളം വിദ്യാലയങ്ങള്‍ അടഞ്ഞുകിടന്നു.പരീക്ഷകള്‍ മുടങ്ങി. അനിശ്ചിതത്വം ഏറ്റവും ദോഷകരമായി ബാധിക്കുന്നത് പെണ്‍കുട്ടികളെയാണ്.

ഇതിന്‍റെ പ്രതിഫലനം കശ്മീരിന്‍റെ സാക്ഷരതാ നിരക്കില്‍ കാണാം. 2011ലെ കാനേഷുമാരി പ്രകാരം 43.57% സത്രീകള്‍ കശ്മീരില്‍ ഇപ്പോ‍ഴും നിരക്ഷരരാണ്. സംഘര്‍ഷങ്ങള്‍ക്കിടിയിലും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം വര്‍ധിപ്പിക്കാനായുളള ധീരമായ പരിശ്രമങ്ങള്‍ ചിലയിടങ്ങളില്‍ കാണാം.കുല്‍ഗാമിലെ ഗവണ്‍മെന്‍റെ് ഗേള്‍സ് ഹൈസ്ക്കൂള്‍ ആണ് മികച്ച ഉദാഹരണം.

കുല്‍ഗാം സംഘര്‍ഷ ഭരിതമായ ദിനങ്ങളില്‍ പോലും ഈ വിദ്യാലയം ഒറ്റ ദിവസം പോലും അടച്ചിടേണ്ടിവന്നില്ല. പത്താം ക്ളാസിലും പന്ത്രാണ്ടാം ക്ലാസിലും എല്ലാ വര്‍ഷവും നൂറ് ശതമാനത്തിനോടടുത്താണ് ഇവിടുത്തെ റിസള്‍ട്ട്. ഇക്കാരണം കൊണ്ടുതന്നെ ഭീകരര്‍ക്കോ വിഘടനവാദികള്‍ക്കോ ഈ വിദ്യാലയത്തെ ലക്ഷ്യമിടാന്‍ ധൈര്യമില്ല.

വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കം നില്കുന്ന കുല്‍ഗാമിലെ പെണ്‍കുട്ടികള്‍ക്ക് ഉന്നത നിലവാരമുളള വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെ രണ്ട് പതിറ്റാണ്ട് മുമ്പ് സ്ഥലം എം എല്‍ എയും സി പി െഎ എം നേതാവുമായ മുഹമ്മദ് യുസഫ് തരിഗാമി മുന്‍കൈയെടുത്താണ് സ്ക്കൂള്‍ ആരംഭിച്ചത്. നല്ലൊരു പ്രധാനാധ്യാപകനെ കണ്ടെത്തുക എന്നതായിരുന്നു വെല്ലുവിളി.

സര്‍ക്കാര്‍ സര്‍വീസില്‍ പേരെടുത്ത ചാന്‍കിഷന്‍ പണ്ധിറ്റ് എന്ന അധ്യാപകനെ പ്രധാന അധ്യാപകനായി നിയമിച്ചു.ചാന്‍കിഷന്‍ ജമ്മു സ്വദേശിയാണ്.അതിലുമുപരിയായി കശ്മീരിപണ്ധിറ്റും. പണ്ധിറ്റുകള്‍ ഏറ്റവും അരക്ഷിതമെന്ന് കരുതുന്ന കുല്‍ഗാമില്‍ ചാന്‍കിഷന്‍ പണ്ധിറ്റ് പൂര്‍ണ്ണ സുരക്ഷിതനാണ്.

ഏറ്റവുമധികം ഭീകരാക്രമണങ്ങള്‍ നടക്കുന്ന നാട്ടില്‍,ഭീകരര്‍ മുഖ്യ ശത്രുക്കളായി കാണുന്ന കശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍ പെടുന്നയാള്‍ സുരക്ഷിതനായിരിക്കാനുളള കാരണം ചാന്‍കിഷന്‍ പണ്ധിറ്റ് ഇങ്ങനെ വിശദീകരിക്കുന്നു; “ഇവിടെ ഹര്‍ത്താല്‍ നടക്കുന്ന ദിവസങ്ങളില്‍ പോലും സ്ക്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കാറുണ്ട്.

സ്ക്കൂലിനെതിരെയോ എനിക്കെതിരേയോ ചെറിയൊരു ഭീഷണിപോലും ഉണ്ടാവാറില്ല.നാട്ടുകാരും കുട്ടികളും എല്ലാം എന്നെ അങ്ങേയറ്റം സ്നേഹിക്കുന്നു.”


( മലാല അതിജീവനത്തിന്‍റെ പ്രതീകം)

നാട്ടിലും വീട്ടിലുമായി സംഘര്‍ഷങ്ങളുടെ തിക്തഫലങ്ങള്‍ നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ് ഇവിടുത്തെ പെണ്‍കുട്ടികള്‍. അവര്‍ക്കിടയില്‍ അത്മവിശ്വാസവും ഇച്ഛാശക്തിയും ഉണ്ടാക്കണം.

ഇതിനായി ചാന്‍കിഷന്‍ പണ്ധിറ്റ് ഉപയോഗിക്കുന്ന പ്രതീകം മലാലയാണ്. സ്ക്കൂള്‍ ഭിത്തികളില്‍ മലാലയുടെ ചിത്രങ്ങള്‍ കാണാം.

കരയുന്ന പെണ്‍കുട്ടികളുടെ കണ്ണീര്‍ തുടച്ച് ചാന്‍കിഷന്‍ പണ്ധിറ്റ് ചോദിക്കും; “മലാലയ്ക്ക് അത്രയും സാധിക്കുമെങ്കില്‍ നിങ്ങള്‍ക്ക് അതിലും എത്രയോ അധികം സാധിക്കില്ലേ?”

ബകര്‍വാളികളുടെ ജീവിതം ഇപ്പോ‍ഴും തെരുവില്‍ തന്നെ

(തെരുവില്‍ ജീവിക്കുന്ന ബകര്‍വാള്‍ നാടോടി പെണ്‍കുട്ടി)

കത്വയിലെ പെണ്‍കുട്ടിയുടെ ദാരുണാന്ത്യമാണ് ഗുജര്‍ ബകര്‍വാള്‍ നാടോടികളുടെ പ്രധാന ആവാസ കേന്ദ്രമായ കങ്കണ്‍ മലകയറാന്‍ പ്രേരിപ്പിച്ചത്.

പൈശാചികമായ ആ കൊലപാതകം മതഭ്രാന്ത് മാത്രമല്ല, പെണ്‍കുട്ടികളുടെ തെരുവ് ജീവിതങ്ങള്‍ എത്ര അരക്ഷിതമാണെന്നതിലേയ്ക്ക് കൂടി വിരല്‍ചൂണ്ടി. ഒട്ടും അലയേണ്ടിവന്നില്ല. ചിനാറും പൈനും ആപ്പിളും മുന്തിരിയും വിളയുന്ന ഖണ്ധര്‍വാള്‍ ജില്ലയിലൂടെയുളള യാത്രക്കിടയില്‍ തെരുവില്‍ കണ്ടുമുട്ടിയത് അച്ഛനമ്മമാരോടൊപ്പം ചെമ്മരിയാടുകളെ മേച്ച് നടക്കുന്ന നാടോടി പെണ്‍കുട്ടികളെയാണ്.

താപനില ഉയരുമ്പോള്‍ ഇവര്‍കശ്മീരിലെത്തും. താപനില താ‍ഴുമ്പോള്‍ ജമ്മുവിലേയ്ക്ക് പോകും. അലഞ്ഞുതിരിയുന്ന നാടോടികുട്ടികള്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ച മൊബൈല്‍സ്ക്കൂള്‍ സംവിധാനം തീരെ കാര്യക്ഷമമല്ല.വര്‍ഷത്തില്‍ നാലോ അഞ്ചോ മാസത്തില്‍ കൂടുതലായി ഇവര്‍ക്ക് വിദ്യാഭ്യാസം ലഭിക്കാറില്ല.

നാടോടി കുട്ടികളുടെ രക്ഷിതാക്കളുടെ ഉത്കണ്ഠ മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ അല്ല. അവരുടെ സുരക്ഷിതത്ത്വത്തെക്കുറിച്ചാണ്. ആട്ടിടയനായ മുഹമ്മദ് യാസില്‍ ആശങ്ക പങ്കുവെച്ചതിങ്ങനെ

“എന്‍റെ പെണ്‍കുട്ടികള്‍ രാത്രിയില്‍ ഉറങ്ങുന്നത് ഇത്തരം താല്‍ക്കാലിക കൂരകളിലാണ്.കത്വയിലെ പെണ്‍കുട്ടിക്ക് സംഭവിച്ചത് എന്‍റെ കുട്ടികള്‍ക്കും സംഭവിക്കുമോ എന്നതാണ് എന്‍റെ ഭയം”


(ബകര്‍വാള്‍ ഗോത്രവര്‍ഗ്ഗക്കാരുടെ ആവാസ കേന്ദ്രമായ
ബാബ നഗരി)

ബഗര്‍വാളികള്‍ പ‍ഴയ പഞ്ചാബില്‍ നിന്ന് കുടിയേറിയ സുന്നി മുസ്ലിം ഗോത്രവിഭാഗക്കാരാണ്.കശ്മീരില്‍ ഇന്ത്യാ വിരുദ്ധത ആളികത്തുന്ന സന്ദര്‍ഭങ്ങളില്‍ പോലും പരമ്പരാഗതമായി ഇന്ത്യന്‍ നിലപാടിനോട് ഒപ്പം നില്‍ക്കുന്നവരാണിവര്‍.

എന്നാല്‍ കശ്മീരിലെ മുഖ്യധാരാ മുസ്ലിം വിഭാഗങ്ങളും ജമ്മുവിലെ ഹിന്ദുക്കളും ഇവരെ നാടോടികളെന്ന് മുദ്ര കുത്തി അകറ്റി നിര്‍ത്തുകയാണ്.

ഖണ്ധര്‍വാള്‍ ജില്ല സുരക്ഷിതമാണ്.ബഗര്‍വാളികള്‍ക്കിടയില്‍ വേരുറപ്പിക്കാന്‍ ഭീകരസംഘടനകല്‍ക്കോ വിഘടന സംഘടനകള്‍ക്കോ സാധിച്ചിട്ടില്ല എന്നതാണ് ഇതിന് കാരണം.എന്നാല്‍ ഈ മേഖല കശ്മീരിലെ ഏറ്റവും പിന്നാക്കമാണ്.

ബാബനഗരിഗ്രാമത്തിലെ ഒരു ഗോത്രവര്‍ഗ്ഗ സ്കൂളിലെത്തിയപ്പോള്‍ പാട്ടുപാടിയാണ് കുട്ടികള്‍ വരവേറ്റത്. പലര്‍ക്കും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമെല്ലാം ആകണം.പക്ഷെ ,പ്രധാന അധ്യാപകനായ ജസ്വിന്തര്‍ സിംഗിന് പറയാനുണ്ടായിരുന്നത് ഇല്ലായ്മകളാണ്.

“വളരെ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളാണിവര്‍. കൊ‍ഴിഞ്ഞുപോക്ക് വലിയൊരു അളവോളം ഞങ്ങള്‍ തടഞ്ഞിട്ടുണ്ട്. എന്നാല്‍ വീട്ടിലെത്തിയാല്‍ ഇവരുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കുന്നില്ല. എട്ടാം ക്ലാസോടെ ഭൂരിഭാഗവും വിദ്യാഭ്യാസം അവസാനിപ്പിക്കും. പിന്നീടവര്‍ ചെമ്മരിയാടുകളെമേച്ച് അലഞ്ഞുതിരിയും”

(ഗോത്രവിഭാഗത്തില്‍പ്പെട്ട മിക്ക കുട്ടികളുടേയും വിദ്യാഭ്യാസം 8ാം
ക്ലാസോടെ അവസാനിക്കുന്നു)

ചെമ്മരിയാടുകളെ മേക്കുന്നവരും പെല്ലെറ്റേറ്റ് അന്ധരായവരും തോക്കേന്താന്‍ ആഗ്രഹിക്കുന്നവരും കശ്മിരിലെ കുട്ടികള്‍ക്കിടയിലുണ്ട്.

എന്നാല്‍ സിവില്‍സര്‍വീസ് ഉള്‍പ്പെടെയുളള മത്സരപരീക്ഷകളില്‍ ഇന്ന് കശ്മീരിലെ കുട്ടില്‍ മിന്നുന്ന പ്രകടനമാണ് കാ‍ഴ്ച്ചവെയ്ക്കുന്നത്. സംഘര്‍ഷങ്ങള്‍ക്കിടയിലെ അതീജീവനമാണ് കശ്മീരിലെ ബാല്യകാലം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News