ഗോവ ചലച്ചിത്രമേള; മലയാളത്തില്‍ നിന്ന് `ഈമയൗ’വും ഭയാനകവും മത്സര വിഭാഗത്തില്‍

ഇന്ത്യയുടെ 49ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് മാറ്റുരക്കുന്നത് ലിജോ ജോസ് പല്ലിശ്ശേരിയുടെ `ഈമയൗ’വും ജയരാജിന്‍റെ `ഭയാനക’വും.

പതിനഞ്ച് ലോക സിനിമകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് മൂന്ന് സിനിമകള്‍ മാത്രമാണ് ഇടം നേടിയത്. `ഈമയൗ’വും ഭയാനകവും കൂടാതെ ചേ‍ഴിയന്‍ യാ സംവിധാനം ചെയ്ത തമി‍ഴ് ചിത്രം `ടു ലെറ്റ്’ ആണ് മത്സരവിഭാഗത്തിലുള്ള മൂന്നാമത്തെ ഇന്ത്യന്‍ ചിത്രം.

മാറിയ മലയാള സിനിമയുടെ ഏറ്റവും പുതിയ മുഖമെന്ന് പറഞ്ഞ് ഉയര്‍ത്തിക്കാട്ടാവുന്ന സിനിമയാണ് ‘ഈമയൗ’. ഒരു തീരദേശ ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലുള്ള മരണവും ജീവിതവുമാണ് സിനിമയുടെ പ്രമേയം.

പിഎഫ് മാത്യൂസാണ് രചന. ആഷിഖ് അബുവാണ് നിര്‍മ്മാണം. ചെമ്പന്‍ വിനോദ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തകഴി ശിവശങ്കരപ്പിള്ളയുടെ കയർ എന്ന നോവലിലെ രണ്ട് അധ്യായങ്ങളുടെ ചലച്ചിത്രാവിഷ്‌കാരമാണ് ജയരാജിന്‍റെ `ഭയാനകം’ . കുട്ടനാട്ടിലാണ് കഥ നടക്കുന്നത്.

53 വാര്‍സ് (പോളണ്ട്), എ ട്രാന്‍സലേറ്റര്‍(ക്യൂബ),ആഗ(ബള്‍ഗേറിയ), ഡിവൈന്‍ വിന്‍ഡ്(അള്‍ജീരിയ), ഡോണ്‍ബാസ്(ജര്‍മ്മനി),

എ ഫാമിലി ടൂര്‍(തായ്വാന്‍), ഹീയര്‍(ഇറാന്‍), ഔര്‍ സ്ട്രഗിള്‍സ്(ബല്‍ജിയം), ദി മാന്‍സ്ലയര്‍, ദി വര്‍ജിന്‍, ദി ഷാഡോ(എസ്റ്റോണിയ), ദി അണ്‍സീന്‍(അര്‍ജന്‍റീന), വാന്‍ ഗോഗ്സ്(റഷ്യ), വെന്‍ ദി ട്രീസ് ഫാള്‍സ്(ഉക്രൈയിന്‍) എന്നിവയാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റ് ചിത്രങ്ങള്‍.

ഏറ്റവും മികച്ച ചിത്രത്തിന് സുവര്‍ണ്ണമയൂരവും 40 ലക്ഷം രൂപയുമാണ് സമ്മാനം. രണ്ടാമത്തെ ചിത്രത്തിനും നടനും നടിക്കും സംവിധായകനും രജതമയൂരവും നല്‍കും.

ക‍ഴിഞ്ഞ വര്‍ഷം ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വ്വതിക്കായിരുന്നു ഏറ്റവും മികച്ച നടിക്കുളള രജതമയൂരം പുരസ്കാരം ലഭിച്ചത് . 120 ബീറ്റ്സ് പര്‍ മിനുറ്റ് എന്ന ഫ്രഞ്ച് ചിത്രത്തിനായിരുന്നു സുവര്‍ണ്ണ മയൂരം.

നവംബര്‍ 20 മുതല്‍ 28വരെ ഗോവയിലെ പനാജിയിലാണ് ചലച്ചിത്ര മേള.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News