ശബരിമല തീർത്ഥാടന പുരോഗതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. യോഗത്തിൽ മണ്ഡലകാല ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തും. ശബരിമല ഉന്നതാധികാര സമിതി ചെയർമാന്‍ റിട്ട:ജസ്റ്റിസ് സിരിജഗൻ യോഗത്തിന് മുന്നോടിയായി തീർത്ഥാടന ഒരുക്കങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ചചെയ്യും.

പ്രളയം കവർന്നെടുത്ത പമ്പയിൽ തീർത്ഥാടനവുമായി ബന്ധപ്പെട്ട് എത്തിചേരുന്ന ഭക്തജനങ്ങൾക്ക് സൗകര്യമൊരുക്കുന്നതുമായി ബന്ധപ്പെട്ടായിരിക്കും പ്രധാനമായും യോഗത്തിൽ ചർച്ചനടത്തുക.ഒപ്പം യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ശബരിമലയിലെ സുരക്ഷയും വിലയിരുത്തും.

നിലയ്ക്കലിലേയും പമ്പയിലേയും നിർമ്മാണപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ടാറ്റാ പ്രൊജക്ട്സിന് സർക്കാർ നിർദേശം നേരത്തെ തന്നെ നൽകിയിരുന്നു.ചീഫ് സെക്രട്ടറി,ഡിജിപി വകുപ്പ് തല ഉദ്യോഗസ്ഥർ,ദേവസ്വംബോർഡ് പ്രസിഡന്‍റ് ജനപ്രതിനിധികൾ എന്നിവരാണ് മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ പങ്കെടുക്കുന്നത്.

തീർത്ഥാടനവുമായി ബന്ധപ്പെട്ട് വിവധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ അതത് വകുപ്പ് തലവന്മാർ വിശദീകരിക്കും.സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് ഡി ജി പി വിശദീകരിക്കും.വൈകുന്നേരം നടക്കുന്ന യോഗത്തിന് മുന്നോടിയായി ശബരിമല ഉന്നതാധികാര സമിതി ചെയർമ്മാൻ റിട്ട:ജസ്റ്റിസ് സിരിജഗൻ തീർത്ഥാടന ഒരുക്കങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ചചെയ്യും