ശബരിമലയില്‍ ചിത്തിര ആട്ട വിശേഷ മഹോത്സവത്തിനിടെയുണ്ടായ സംഘര്‍ഷം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ശബരിമലയില്‍ ചിത്തിര ആട്ട വിശേഷ മഹോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ദേവസ്വം സ്പെഷ്യല്‍ കമ്മീണറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

ഇതിനിടെ വിവാദ പ്രസംഗം നടത്തിയ പി എസ് ശ്രീധരന്‍ പിളളയ്ക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ശ്രീധരന്‍ പിളള കലാപാഹ്വാനം നടത്തിയെന്നും അണികള്‍ അത് നടപ്പാക്കിയെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ശബരിമലയില്‍ പാസ് ഏര്‍പ്പെടുത്താനുളള സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി പിന്തുണച്ചു.

ചിത്തിര ആട്ട വിശേഷ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ സംഘപരിവാര്‍ നടത്തിയ അക്രമങ്ങള്‍ സംബന്ധിച്ച് ദേവസ്വം സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി സ്വമേധയാ കേസെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കമ്മീഷണറുടെ റിപ്പോര്‍ട്ട് ഗൗരവകരമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും നിലപാടറിയിക്കാന്‍ ആവശ്യപ്പെട്ടു. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറിയതും സന്നിധാനത്തെത്തിയ 52കാരിയെ സംഘം ചേര്‍ന്ന് ആക്രമിച്ചതുമാണ് ഹൈക്കോടതി നടപടിക്ക് കാരണം.

ഇതിനിടെ വിവാദപ്രസംഗത്തിന്‍റെ പേരില്‍ ശ്രീധരന്‍ പിളളക്കെതിരെ കേസെടുത്ത നടപടി റദ്ദാക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശ്രീധരൻപിള്ള സംസ്ഥാനത്ത് കലാപം ഉണ്ടാക്കാൻ ആഹ്വാനം ചെയ്തെന്നും അണികള്‍ അത് നടപ്പാക്കിയെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ശ്രീധരന്‍പിള‍ളയുടെ പ്രസംഗം. യുവതികൾ പ്രവേശിച്ചാൽ അമ്പലം അടച്ചിടാൻ പിള്ള തന്ത്രിക്ക് ഉപദേശം നൽകി. ശ്രീധരൻപിളളയുടെ ആഹ്വാനം അണികൾ നടപ്പാക്കിയെന്നതിന് തെളിവാണ് സന്നിധാനത്തുണ്ടായ അക്രമമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കലാപ ശ്രമത്തിന് കേസെടുത്തത് നിലനിൽക്കില്ലന്നും പൊലീസ് തെറ്റായി പ്രതി ചേർത്തതാണെന്നുമായിരുന്നു ശ്രീധരൻപിള്ളയുടെ വാദം. പ്രസംഗത്തിന്‍റെ സിഡി യും പ്രസക്ത ഭാഗങ്ങളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. തുടർന്ന് കേസ് കുടുതൽ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.

അതിനിടെ ശബരിമലയിൽ പാസ് ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെയുളള ഹര്‍ജി ഹൈക്കോടതി തളളി. മൗലികാവകാശത്തിൽ യുക്തിസഹമായ നിയന്ത്രണം ഏരപ്പെടുത്താൻ സർക്കാരിന് അധികാരമുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

അനിഷ്ട സംഭവങ്ങള്‍ ഒ‍ഴിവാക്കാന്‍ ക്രമസമാധാനത്തിന്‍റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി. സർക്കാർ നൽകുന്ന പാസിനെ പ്രവേശന പാസായി കരുതിയാൽ മതിയെന്നും ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News