നാല് വിജയങ്ങള്‍ തുണയായി; ഒടുവില്‍ സാന്‍റിയാഗോ സൊളാരി റയലിന്‍റെ സ്ഥിരം പരിശീലകനാകുന്നു

സാന്‍റിയാഗോ സൊളാരി റയല്‍ മാഡ്രിഡിന്‍റെ താല്‍ക്കാലിക പരിശീലക വേഷത്തില്‍ നിന്ന് സ്ഥിരം പരിശീലക സ്ഥാനത്തേക്ക്. സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ സൊളാരിയുടെ നിയമനം അംഗീകരിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റയലില്‍ നിന്ന് സൊളാരിയുടെ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചുവെന്ന് സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ റയല്‍ മാഡ്രിഡാകട്ടെ ഔദ്യോഗിക സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല.

ലൈ ലിഗയിലെയും ചാമ്പ്യന്‍സ് ലീഗിലെയും തുടര്‍ച്ചയായ തോല്‍വികള്‍ക്ക് പിന്നാലെ പരിശീലകന്‍ ജുലന്‍ ലോപറ്റേഗിയെ ക്ലബ് അധികൃതര്‍ പുറത്താക്കിയിരുന്നു. എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയ്‌ക്കെതിരായ വമ്പന്‍ തോല്‍വിക്ക് ശേഷമാണ് ലോപറ്റേഗിയുടെ സ്ഥാനം തെറിച്ചത്.

തൊട്ടുപിന്നാലെ സഹപരിശീലകനായിരുന്ന സോളാരിയെ താല്‍ക്കാലിക പരിശീലകനായി നിയമിക്കുകയും ചെയ്തു. സ്പാനിഷ് ഫുട്ബോള്‍ നിയമപ്രകാരം 15 ദിവസം മാത്രമേ ഒരാള്‍ക്ക് താല്‍ക്കാലിക പരിശീലകനായി തുടരാന്‍ സാധിക്കൂ.

ഈ സമയ പരിധിക്കു മുന്‍പ് സ്ഥിരം പരിശീലകനെ നിയമിക്കണമെന്നാണ് ചട്ടം. തിങ്കളാഴ്ച സൊളാരി ചുമതലയേറ്റ് 15 ദിവസം പൂര്‍ത്തിയായിരുന്നു.

നാല്‍പ്പത്തിരണ്ടു കാരനായ സൊളാരി സ്ഥാനമേറ്റെടുത്ത ശേഷം കളിച്ച നാലു മത്സരങ്ങളിലും റയല്‍ വിജയം നേടിയിരുന്നു. ഈ മത്സരങ്ങളിലാകെ റയല്‍ 15 ഗോളുകളാണ് അടിച്ചു കൂട്ടിയത്. വഴങ്ങിയതാകട്ടെ വെറും രണ്ട് ഗോളുകളും.

ലീഗില്‍ 12 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ റയലിനെ ആറാം സ്ഥാനത്തേക്കുയര്‍ത്താന്‍ സൊളാരിക്ക് ക‍ഴിയുകയും ചെയ്തു.

അര്‍ജന്‍റീനക്കാരനായ സൊളാരി റയല്‍ മാഡ്രിഡിന്‍റെ മുന്‍ താരം കൂടിയാണ്. റയലിനായി കളിക്കുമ്പോള്‍ ലാ ലീഗയും ചാമ്പ്യന്‍സ് ലീഗും നേടിയിട്ടുള്ള താരമാണ് സൊളാരി. 2016 മുതല്‍ റയലിന്‍റെ ബി ടീമിനെ പരിശീലിപ്പിച്ചുവരികയായിരുന്നു.

മുന്‍ ചെല്‍സി മാനേജര്‍ അന്‍റോണിയോ കോണ്ടെയെ പരിശീലക സ്ഥാനത്തേക്ക് റയല്‍ അധികൃതര്‍ നോട്ടമിട്ടെങ്കിലും കരാര്‍ നടപ്പിലാക്കാന്‍ ക‍ഴിഞ്ഞിരുന്നില്ല. അതേസമയം മുന്‍ പരിശീലകന്‍ സിനദിന്‍ സിദാനെ തന്നെ പരിശീലക സ്ഥനത്തേക്ക് കൊണ്ടുവരാനായിരുന്നു സെര്‍ജിയോ റാമോസ് അടക്കമുള്ള താരങ്ങള്‍ക്ക് താല്‍പര്യമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

റയലിനൊപ്പം തുടര്‍ച്ചയായി മൂന്ന് ചാമ്പ്യന്‍സ് ലീഗ് ലീഗ് കിരീടങ്ങളും ഒരു ലാ ലിഗ കിരീടവും നേടിയ ശേഷമാണ് കഴിഞ്ഞ സീസണോടെ സിദാന്‍ സാന്‍റിയാഗോ ബെര്‍ണബുവുവിനോട് വിടപറഞ്ഞത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News