രാഷ്ട്രീയഭാവിക്ക് നിറം പകരാനായി ബിജെപി–ആർഎസ്എസ് കൂട്ടുകെട്ട് വീണ്ടും വർഗീയ അജൻഡ ഉയർത്താനാരംഭിച്ചിരിക്കുന്നു: പ്രകാശ് കാരാട്ട്

മോഡി സർക്കാർ എല്ലാ മേഖലയിലും പരാജയപ്പെട്ടപ്പോൾ അവരുടെ രാഷ്ട്രീയഭാവിക്ക് നിറം പകരാനായി ബിജെപി–-ആർഎസ്എസ് കൂട്ടുകെട്ട് വീണ്ടും വർഗീയ അജൻഡ ഉയർത്താനാരംഭിച്ചിരിക്കുന്നു.

നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷിക ദിനമായ നവംബർ എട്ടിന് നരേന്ദ്ര മോഡി തീർത്തും മൗനം പാലിച്ചു. നോട്ട് നിരോധനം വൻ വിജയമാണെന്ന് അവകാശപ്പെടുന്ന ഒരു സർക്കാർ പരസ്യവും അന്ന് മാധ്യമങ്ങളിൽ കണ്ടില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അന്തിമമായി പുറത്തുവിട്ട വസ‌്തുതയനുസരിച്ച‌് പിൻവലിച്ച കറൻസിയുടെ 99.3 ശതമാനവും തിരിച്ചുവന്നു. ഇതോടെ നോട്ട് നിരോധനം കള്ളപ്പണം പുറത്തുകൊണ്ടുവരുമെന്ന അവകാശവാദങ്ങളെല്ലാം തകർന്നടിഞ്ഞുപോയി.

ഇതേസമയം തന്നെ തൊഴിലില്ലായ‌്മ സംബന്ധിച്ച ഏറ്റവും അവസാനത്തെ കണക്കനുസരിച്ച് ഒക്ടോബറിലെ തൊഴിലില്ലായ‌്മ നിരക്ക് കഴിഞ്ഞ രണ്ട് വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 6.9 ശതമാനത്തിലെത്തുകയും ചെയ‌്തു. രാജ്യത്തെമ്പാടുനിന്നുമുള്ള റിപ്പോർട്ടനുസരിച്ച് കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നില്ലെന്ന് മാത്രമല്ല, വിവിധ വിളകൾക്ക് നിശ്ചയിച്ച താങ്ങുവില പോലും ലഭിക്കുന്നില്ല.

ഇതിനെല്ലാം പുറമെ എണ്ണ വില വർധനയുടെയും അമേരിക്കയുടെ കമ്പോള സംരക്ഷണനയത്തിന്റെയും രൂപയുടെ മൂല്യതകർച്ചയുടെയും ഫലമായുണ്ടായ ധനപ്രതിസന്ധി മറികടക്കാനാകാതെ സർക്കാർ കുഴയുകയുമാണ്.

ലോക‌്സഭാ തെരഞ്ഞെടുപ്പിന് ഇനി ആറുമാസം മാത്രം ബാക്കിയിരിക്കെ ബിജെപിയും ആർഎസ്എസും വർഗീയ, വിഭാഗീയ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ്. ഇതിൽ ഏറ്റവും പ്രധാനം അയോധ്യയിൽ രാമക്ഷേത്രം പണിയലാണ്.

അയോധ്യയിൽ രാമക്ഷേത്രം
ലോക‌്സഭാ തെരഞ്ഞെടുപ്പിന് ഇനി ആറുമാസം മാത്രം ബാക്കിയിരിക്കെ ബിജെപിയും ആർഎസ്എസും വർഗീയ, വിഭാഗീയ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ്. ഇതിൽ ഏറ്റവും പ്രധാനം അയോധ്യയിൽ രാമക്ഷേത്രം പണിയലാണ്.

ഈ വിഷയം നേരത്തെ വാദം കേൾക്കേണ്ടതില്ലെന്നും അടുത്തവർഷം ജനുവരിയിൽ മാത്രം പരിഗണിച്ചാൽ മതിയെന്നും സുപ്രീം കോടതി തീരുമാനിച്ചപ്പോൾ വാദം കേൾക്കുന്നത് നീട്ടിവച്ചത് ‘ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയെന്ന’ പ്രചാരണത്തിന് ആർഎസ്എസ് നേതൃത്വത്തിലുള്ള സംഘടനകൾ തയ്യാറായി. രാമക്ഷേത്ര നിർമാണം സാധ്യമാകുന്നതിനായി നിയമനിർമാണം നടത്തണമെന്ന് വിജയദശമി നാളിൽ നടത്തിയ പ്രസംഗത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ആവശ്യപ്പെട്ടു. മറ്റൊരു ആർഎസ്എസ് നേതാവാകട്ടെ രണ്ടാം രാമജന്മഭൂമിപ്രസ്ഥാനത്തിന് ആഹ്വാനം ചെയ‌്തു.

മോഡി സർക്കാരിനുവേണ്ടി സന്യാസിസഭയുടെ പ്രമേയം
നിരവധി സ്വാമിമാരും സന്യാസിമാരും പങ്കെടുത്ത ‘സന്ത് സമിതി’ യോഗത്തിന് ശേഷമാണ് ഈ പ്രസ‌്താവന പുറത്തുവന്നത്. നവംബർ 3, 4 തീയതികളിലായിരുന്നു ഡൽഹിയിൽ ആർഎസ്എസ് സ‌്പോൺസർ ചെയ്ത ഈ ‘സന്ത് സമിതി’ ചേർന്നത്. ഈ യോഗത്തിൽവച്ചാണ് നവംബർ 24ന് അയോധ്യ, നാഗ്പൂർ, ബംഗളൂരു എന്നിവിടങ്ങളിലായി ‘ധരംസഭകൾ’ ചേരാൻ തീരുമാനിച്ചത്. എന്നാൽ, സന്യാസിമാരുടെ ഏറ്റവും വലിയ സമ്മേളനം ഡിസംബർ 9ന് ഡൽഹിയിലാണ് ചേരുക. ഡിസംബർ 18 ന് ശേഷം രാജ്യത്തെ 500 ഇടങ്ങളിൽ ഇത്തരം യോഗങ്ങൾ വിളിച്ചുചേർക്കാനും തീരുമാനിച്ചു.

ക്ഷേത്രത്തിന‌് വേണ്ടിയുള്ള ഈ പ്രചാരണത്തിന് പിന്നിലുള്ള രാഷ്ട്രീയം വ്യക്തമാക്കുന്ന ഒരു പ്രമേയവും യോഗം പാസാക്കുകയുണ്ടായി. ‘നമ്മുടെ ജീവിതവും സംസ‌്കാരവും പാരമ്പര്യവും ക്ഷേത്രവും മഠങ്ങളും പുത്രിമാരെയും സഹോദരികളെയും സംരക്ഷിക്കുന്നതിന്’ മോഡി സർക്കാരിനെ അധികാരത്തിൽ തിരിച്ചുകൊണ്ടുവരണമെന്നാണ് സന്യാസി സഭ അംഗീകരിച്ച പ്രമേയം ആഹ്വാനം ചെയ്യുന്നത്.

വർഗീയധ്രുവീകരണമാണ‌് ലക്ഷ്യം
സംഘപരിവാർ 1992 ലേതുപോലെ ഒരിക്കൽകൂടി ഭരണഘടനയെയും സുപ്രീംകോടതിയെയും വെല്ലുവിളിച്ചുകൊണ്ടുള്ള കലാപത്തിന് തയ്യാറെടുക്കുകയാണ്. ഈ ഘട്ടത്തിൽ കേന്ദ്ര സർക്കാർ ബിജെപി –-ആർഎസ്എസ് കൂട്ടുകെട്ടിന്റെ കൈവശമാണ്. അതുകൊണ്ടുതന്നെ ഇക്കുറി ഭരണഘടനയെയും സുപ്രീംകോടതിയെയും അട്ടിമറിക്കുമെന്ന ഭീഷണി കൂടുതൽ ഗൗരവസ്വഭാവമുള്ളതാണ്.

ഈയൊരു പശ്ചാത്തലത്തിൽ വേണം ബിജെപി അധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ മാസം കണ്ണൂരിൽ നടത്തിയ പ്രസംഗം വിശകലനം ചെയ്യാൻ. നടപ്പാക്കാൻ കഴിയാത്തതും ജനങ്ങളുടെ വിശ്വാസത്തെ ഹനിക്കുന്നതുമായ വിധിന്യായങ്ങൾ കോടതികൾ പുറപ്പെടുവിക്കാൻ പാടില്ലെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. സുപ്രീംകോടതിയുടെ ശബരിമല വിധിന്യായത്തിനെതിരെ കേരളത്തിൽ ആർഎസ്എസും ബിജെപിയും നടത്തുന്ന പ്രതിഷേധം, വർഗീയ ധ്രുവീകരണവും വർഗീയസ്പർധയും ലക്ഷ്യമിട്ട് ഈ സംഘടനകൾ അഖിലേന്ത്യാ വ്യാപകമായി നടത്തുന്ന പദ്ധതികളുടെ ഭാഗമാണെന്നർഥം.

മുസ്ലിം സാംസ‌്കാരിക പാരമ്പര്യമുള്ള നഗരങ്ങളുടെ പേരുമാറ്റൽ

വർഗീയ ലക്ഷ്യത്തോടെയുള്ള മറ്റൊരു നടപടി മുസ്ലിം സാംസ‌്കാരിക പാരമ്പര്യമുള്ള നഗരങ്ങളുടെയും പട്ടണങ്ങളുടെയും പേരുമാറ്റലാണ്. തീവ്ര ഹിന്ദുത്വവാദിയായ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ പേരുമാറ്റത്തിന്റെ തിരക്കിലാണിപ്പോൾ. ഉത്തർപ്രദേശിലെ വിദ്യാഭ്യാസ സാംസ‌്കാരിക കേന്ദ്രമായ അലഹബാദിന്റെ പേര് ഔദ്യോഗികമായി പ്രയാഗ‌് രാജ‌് എന്നാക്കിമാറ്റി. ദീപാവലി ദിനത്തിൽ അയോധ്യയിൽ നടത്തിയ പ്രഖ്യാപനത്തിലാണ് അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കിമാറ്റിയത്. വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ ജങ‌്ഷനായ മുഗൾസരായിയുടെ പേര് നേരത്തെ തന്നെ ദീൻ ദയാൽ ഉപാധ്യായ ജങ‌്ഷൻ എന്നാക്കി മാറ്റിയിരുന്നു. ബിജെപി നേതാക്കൾ ഇപ്പോൾ ആവശ്യപ്പെടുന്നത് ആഗ്രയുടെ പേര് അഗ്രവാൻ എന്നും മുസഫർനഗറിന്റെ പേര് ലക്ഷ്മിനഗർ എന്നുമാക്കി മാറ്റണമെന്നാണ്.

ഉത്തർപ്രദേശിലെ ബിജെപി സർക്കാർ മാത്രമല്ല നഗരങ്ങളുടെ പേരുമാറ്റം നടത്തുന്നത്. ഗുജറാത്ത് ഉപമുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത് അഹമ്മദാബാദിന്റെ പേര് ‘കർണാവതി’ എന്ന് മാറ്റുന്ന കാര്യം പരിഗണനയിലാണെന്നാണ്.

ഈ പേരുമാറ്റത്തിന്റെ പിന്നിലുള്ള ഏക ലക്ഷ്യം മുസ്ലിങ്ങളുടെ സംസ‌്കാരവും അവരുടെ സംഭാവനകളും തേച്ചുമായ‌്ച്ചുകളയുക മാത്രമാണ്. ആർഎസ്എസിന്റെ ചരിത്രവീക്ഷണമനുസരിച്ച് മുസ്ലിം ഭരണമെന്നുപറഞ്ഞാൽ ആയിരത്തോളം വർഷം നീണ്ട അടിമത്തമാണ്. അതിനുമുമ്പുള്ള കാലമാണ് ഹിന്ദുക്കളുടെ സുവർണയുഗം എന്ന് വിളിക്കപ്പെടുന്ന കാലം. അതിനാൽ പത്ത് ശതാബ്ദം നീണ്ട മുസ്ലിം കാലഘട്ടത്തിലെ ചരിത്രപരവും സാംസ‌്കാരികവുമായ എല്ലാ ചിഹ്നങ്ങളും തുടച്ചുനീക്കപ്പെടണം.

അലഹബാദ് നഗരം സ്ഥാപിക്കപ്പെട്ടത് അക്ബറുടെ കാലത്താണ്. പ്രയാഗ‌് രാജ‌് എന്ന പേരിൽ ഒരു നഗരമോ പട്ടണമോ ഇല്ല താനും. ഗംഗയും യമുനയും ചേരുന്നിടമാണ് പ്രയാഗ് എന്ന പേരിൽ അറിയപ്പെടുന്നത്. അതാകട്ടെ നഗരത്തിന് പുറത്തുമാണ്. എന്നിട്ടും, അലഹബാദുമായി ബന്ധപ്പെട്ട എല്ലാ ചരിത്രവും സംസ‌്കാരവും പ്രയാഗ‌് രാജിന‌് വേണ്ടി തുടച്ചുനീക്കപ്പെട്ടു.

ഗോഹത്യക്കും ബീഫിനുമെതിരെയുള്ള പ്രചാരണത്തിലൂടെ മുസ്ലിങ്ങളെ ലക്ഷ്യമിട്ടതുപോലെ തന്നെ നഗരങ്ങളുടെ പേരുമാറ്റത്തിലൂടെ നമ്മുടെ സമൂഹത്തിന്റെ സമ്മിശ്ര സംസ‌്കാരവും ബഹുമത സ്വഭാവവും അടങ്ങിയ ചരിത്രത്തെയാണ് തേച്ചുമായ‌്ച്ച‌്കളയാൻ ശ്രമിക്കുന്നത്. നിങ്ങളുടെ വസ്ത്രധാരണ രീതിയും ഭക്ഷണരീതിയും ഭാഷയും മാത്രമല്ല ഒരു മുസ്ലിമെന്ന നിലയിലുള്ള വ്യക്തിത്വത്തെയും ചരിത്രത്തെ പോലുമാണ‌് ഇപ്പോൾ ആക്രമിക്കപ്പെടുന്നത്.

മോഡിയോട്‌ ജനങ്ങൾ കണക്ക്‌ ചോദിക്കും
ചരിത്രപരമായ ഈ വിധ്വംസക പ്രവർത്തനം ആൾക്കൂട്ടമല്ല മറിച്ച് സർക്കാർ തന്നെയാണ് നടത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. യഥാർഥ വിഷയങ്ങളിൽനിന്ന‌ും ജനങ്ങളുടെ പ്രശ്നങ്ങളിൽനിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ഗുഢാലോചനയുടെ ഭാഗമായാണ് വർഗീയ അജൻഡ ഉയർത്തുന്നത്. ഹിന്ദുത്വത്തെ അന്ധമായി പിന്തുണയ‌്ക്കുന്നവർ മാത്രമേ ഈ വർഗീയ വാചക കസർത്തിൽ വീഴുകയുള്ളൂ. നരേന്ദ്ര മോഡി വാഗ‌്ദാനം ചെയ‌്ത അച്ചേ ദിൻ മോശം സ്വപ‌്നമായി അവശേഷിച്ചിരിക്കെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മോഡിയോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News