ശബരിമല നട ഇന്ന് തുറക്കും; ശക്തമായ സുരക്ഷയൊരുക്കി പൊലീസ്

മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമല-മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങും ഇന്ന് നടക്കും. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ശക്തമായ സുരക്ഷയും പോലീസ് ഒരുക്കിയിട്ടുണ്ട്.

64 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല-മകരവിളക്ക് ഉത്സവത്തിനാണ് ഇന്ന് തുടക്കമാകുന്നത്. യുവതി പ്രവേശനം അനുവദിച്ച ശേഷമുള്ള ആദ്യ മണ്ഡലകാലം എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ശബരിമല അയ്യപ്പദർശനത്തിനെത്തുന്ന ഭക്തർക്കായി അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഇന്ന് വൈകുന്നേരം 5 നാണ് ക്ഷേത്രനട തുറക്കുന്നത്.

തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണ് നട തുറക്കുക. തുടർന്ന് ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറി വരുന്ന പുതിയ മേൽശാന്തിമാരായ എം.എൻ. വാസുദേവൻ നമ്പൂതിരി സന്നിധാനത്തും എം.എൻ നാരായണൻ നമ്പൂതിരി മാളികപ്പുറത്തും മേൽശാന്തിമാരായി ചുമതലയേൽക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും ഉണ്ടാവില്ല. 16 ന് രാത്രി 10 ന്ഹരിവരാസനം പാടി നട അടയ്ക്കും.

വൃശ്ചികം ഒന്നായ നാളെ പുതിയ മേൽശാന്തിമാരായിരിക്കും പുലർച്ചെ നട തുറക്കുക. തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ഡിസംബർ 27ന് നടക്കും. അന്നു രാത്രി 10 ന് നട അടയ്ക്കും. തുടർന്ന് ഡിസംബർ 30 ന് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും.  ജനുവരി 14 ന് ആണ് മകരവിളക്ക്. തീർഥാടനം പൂർത്തിയാക്കി ജനുവരി 20 നാണ് നട അടയ്ക്കുക.

ഇക്കുറി തീർഥാടകർ വലിയ തോതിൽ ദർശനത്തിന് എത്തുമെന്നാണ് ദേവസ്വം ബോർഡിന്‍റെ പ്രതീക്ഷ. ഇതു കണക്കിലെടുത്ത് നെയ്യഭിഷേകം, അപ്പം, അരവണ എന്നിവയ്ക്കായി കൂടുതൽ കൗണ്ടറുകൾ സജീകരിച്ചിട്ടുണ്ട്.  ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ശക്തമായ സുരക്ഷയും പോലീസ് ഒരുക്കിയിട്ടുണ്ട്.

പ്രത്യേക കൺട്രോൾ റൂമുകളും ഇതിനായി പോലീസ് തുറന്നിട്ടുണ്ട്. തീർഥാടകർക്ക് നിലയ്ക്കൽ നിന്നും പമ്പയിലേക്കും തിരിച്ചും സഞ്ചരിക്കുന്നതിന് ആവശ്യമായ ബസുകൾ കെഎസ്ആർടിസി ക്രമീകരിച്ചിട്ടുണ്ട്.  നിലയ്ക്കലെ ഓപ്പറേഷൻ തിയേറ്റർ സംവിധാനമുള്ള ആശുപത്രി അടക്കം വിവിധ കേന്ദ്രങ്ങളിൽ തീർഥാടകർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ആരോഗ്യവകുപ്പും ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News