കോണ്‍ഗ്രസ്–ബിജെപി ലക്ഷ്യം അരാജകത്വം സൃഷ്ടിക്കല്‍: കോടിയേരി

കൊല്ലം: ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതിവിധിക്കെതിരെ സംസ്ഥാന സർക്കാരിനെക്കൊണ്ട് നിലപാടെടുപ്പിച്ച് കോടതിയലക്ഷ്യം ഉണ്ടാകുന്ന സാഹചര്യം സൃഷ്ടിക്കുകയും നാട്ടിൽ അരാജകത്വമുണ്ടാക്കുകയുമാണ് കോൺഗ്രസും ബിജെപിയും ലക്ഷ്യമിടുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

വിശ്വാസത്തിന്റെ പേരിൽ വർഗീയകാർഡ് ഇറക്കി കലാപം സൃഷ്ടിക്കുന്നതിൽ ഇരുകൂട്ടരും മത്സരിക്കുന്നു. ഇരട്ടപെറ്റ സഹോദരങ്ങളെപ്പോലെ നിലപാടെടുക്കുന്നു. വ്യാഴാഴ്ച മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഇവർ സ്വീകരിച്ച നിലപാട് ഇക്കാര്യം തെളിയിച്ചു.

ഒരു തോണിയിൽ സഞ്ചരിക്കുന്ന ഇവരാണ് യഥാർഥത്തിൽ ആചാരവും വിശ്വാസവും ലംഘിക്കുന്നതെന്നും കോടിയേരി പറഞ്ഞു. കെഎസ്ടിഎ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു കോടിയേരി.

ശബരിമലയിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചത്. മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിച്ചശേഷം പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയാണ് ആദ്യം സംസാരിച്ചത്. സുപ്രീംകോടതി ശബരിമല വിഷയം തുറന്ന കോടതിയിൽ പരിഗണിക്കുന്ന ജനുവരി 22വരെ വിധി നടപ്പാക്കരുതെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.

തുടർന്ന് സംസാരിച്ച ബിജെപി സംസ്ഥാനപ്രസിഡന്റ് പി എസ് ശ്രീധരൻപിള്ളയും അതു തന്നെ ആവർത്തിച്ചു. ഇരട്ടപെറ്റ സഹോദരങ്ങളെപ്പോലെയായിരുന്നു ഇരുവരുടെയും നിലപാട്. തുടർന്ന് സംസാരിച്ച ഞാൻ കോടതിവിധി നടപ്പാക്കണമെന്ന് അഭിപ്രായപ്പെടുകയും അതിന്റെ സാഹചര്യം വ്യക്തമാക്കുകയും ചെയ്തു. കോൺഗ്രസും ബിജെപിയും ഒരു തോണിയിലാണ് സഞ്ചരിക്കുന്നതെന്നും പറഞ്ഞു. മുസ്ലിംലീഗിനെ പ്രതിനിധീകരിച്ച് സംസാരിച്ച എം കെ മുനീറും വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. എല്ലാവരുടെയും അഭിപ്രായം കേട്ടശേഷം മുഖ്യമന്ത്രി സർക്കാർ നിലപാട് വിശദീകരിച്ച് യോഗം പിരിച്ചുവിടും മുമ്പ‌് ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞ് ചെന്നിത്തല എഴുന്നേറ്റ‌് ഞങ്ങൾ യോഗം ബഹിഷ്‌കരിക്കുകയാണെന്നു പറഞ്ഞു.

പിന്നാലെ പി എസ് ശ്രീധരൻപിള്ളയും എഴുന്നേറ്റ് യോഗം ബഹിഷ്‌കരിച്ച് ഇറങ്ങുകയായിരുന്നു. ഇവർ നേരത്തെ തീരുമാനിച്ചു വന്നതായാണ‌് ഒരേ അഭിപ്രായം ഇരുകൂട്ടരും കൈക്കൊണ്ടതിൽനിന്ന് ബോധ്യമായത്. ഒരേ തൂവൽപക്ഷികൾ പോലെ വരികയും പോകുകയും ചെയ്തു. ബിജെപിയുടെ ബി ടീമായി കോൺഗ്രസ് അധഃപതിച്ചു. വിശ്വാസത്തിന്റെ പേരിൽ വർഗീയകാർഡ് ഇറക്കുന്നതിൽ ബിജെപിയേക്കാൾ പല ഘട്ടത്തിലും ഒരു പടി മുന്നിലാണ് കോൺഗ്രസ്.

കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി പറഞ്ഞാൽ കേൾക്കാത്ത കേരളത്തിലെ കോൺഗ്രസുകാർ ബിജെപി പ്രസിഡന്റ് അമിത്ഷായുടെ വാക്കുകൾ അതേപടി കേൾക്കുന്നു. യുഡിഎഫിന്റെ ഭാഗമായ ലീഗിനും കോടതിവിധി നടപ്പാക്കുകയല്ല വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ്. ഈ അഭിപ്രായമുള്ള ലീഗ് ബാബറി മസ്ജിദ‌് പൊളിച്ചതിനെ അംഗീകരിക്കുമോ എന്ന് കോടിയേരി ചോദിച്ചു.

ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ശബരിമല കലാപഭൂമിയാക്കുന്നത് ആർഎസ്എസും കോൺഗ്രസുമാണ്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി ഇവർ തന്നെ ആചാരവും വിശ്വാസവും ലംഘിക്കുന്നു. അയ്യപ്പവിഗ്രഹത്തിനു മുന്നിൽ പുറംതിരിഞ്ഞു നിന്നു. സന്നിധാനത്തിൽ പൊലീസ് വെടിവയ‌്പ‌് നടത്തിച്ച് മുതലെടുക്കുകയായിരുന്നു ആർഎസ്എസ് ലക്ഷ്യം.

സുപ്രീംകോടതിവിധിക്കു ശേഷം കഴിഞ്ഞ തവണ നട തുറന്നപ്പോൾ ശബരിമല കലാപഭൂമിയാകാതിരുന്നത് പൊലീസിന്റെ ആത്മസംയമനം കൊണ്ടാണ്. ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുകയെന്നതാണ് സർക്കാരിന്റെ കടമ. ഇനി സ്ത്രീപ്രവേശനത്തിന് പ്രായപരിധി വയ്ക്കണം എന്ന് കോടതി വിധിവന്നാൽ സർക്കാർ അത് നടപ്പാക്കണം. എന്നാൽ, സ്ത്രീപുരുഷസമത്വം വേണമെന്ന സിപിഐ എം നിലപാടിൽ മാറ്റമുണ്ടാകില്ല.

തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ നോക്കിയല്ല സിപിഐ എം നിലപാട് എടുക്കുന്നത്. ഷാബാനുബീഗം കേസ്, ക്രീമിലെയർ വിഷയങ്ങളിൽ സുപ്രീംകോടതി വിധിക്കൊപ്പം നിന്ന ഞങ്ങൾ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ചിലർ പറഞ്ഞു. എന്നാൽ, ഈ വിഷയങ്ങളിൽ കോടതിവിധിക്കുശേഷം 1987ലും 2006ലും നടന്ന തെരഞ്ഞെടുപ്പുകളിൽ വൻ ഭൂരിപക്ഷം നേടി എൽഡിഎഫ് അധികാരത്തിലെത്തി. ശരിയായ നിലപാട് എടുത്താൽ ജനങ്ങൾ ഒപ്പം നിൽക്കും എന്നാണ് ഈ മുൻ അനുഭവങ്ങൾ തെളിയിക്കുന്നതെന്നും കോടിയേരി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ അധ്യക്ഷനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel