ഗജ ചുഴലിക്കാറ്റ്; കേരളത്തില്‍ കനത്ത മ‍ഴ; അലേര്‍ട്ട് പ്രഖ്യാപിച്ചു

ഗജ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കേരളത്തില്‍ കനത്ത മ‍ഴ തുടരുന്നു. കനത്ത ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥാ കേന്ദ്രം

-നിലവിലെ അനുമാനം അനുസരിച്ച്, തമിഴ് നാട്ടില്‍ പ്രവേശിച്ച ഗജ ചുഴലിക്കാറ്റ് ഒരു തീവ്ര ന്യുനമര്‍ദമായി ശക്തി കുറഞ്ഞ് മധ്യകേരളത്തിലൂടെ, കിഴക്ക് നിന്നും പടിഞ്ഞാറ് ദിശയില്‍, തമിഴ് നാട്ടില്‍ നിന്നും അറബി കടലിലേക്ക് സഞ്ചരിക്കും.

ഗജ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ ഇന്ന് കൊല്ലം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ മണിക്കൂറില്‍ 50 കിമി വരെ വേഗത്തില്‍ അതിശക്തമായ കാറ്റ് വീശുവാന്‍ സാധ്യത ഉണ്ട്.

ഈ സാഹചര്യത്തില്‍ പൊതുജനങ്ങൾ വാഹനങ്ങൾ മരങ്ങളുടെ കീഴിൽ പാർക്ക് ചെയ്യാതെയിരിക്കുവാനും, ബലഹീനമായ വൈദ്യുത-ടെലിഫോണ്‍ പോസ്റ്റുകളുടെ ചുവട്ടിൽ നിന്ന് മാറി നിൽക്കുവാനും ശ്രദ്ധിക്കണം.

ഗജ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും മഴ ലഭിക്കുവന്‍ സാധ്യതയുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തവും, അതി ശക്തവുമായ മഴയും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്‌, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴയും ഇന്ന് ലഭിച്ചേക്കും

കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മഴ സംബന്ധിയായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്‌, മലപ്പുറം ജില്ലകളില്‍ ഇന്ന് മഞ്ഞ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ കാറ്റിനെ തുടർന്ന് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ നവംബർ 16 വൈകുന്നേരം മുതൽ നവംബർ 20 വരെ അറബിക്കടലിലും, കേരള തീരത്തും, ലക്ഷദ്വീപ് ഭാഗത്തും, കന്യാകുമാരി ഭാഗത്തും ഗൾഫ് ഓഫ് മാന്നാറിലും ഒരുകാരണവശാലും മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.

ഇതിനോടകം ഈ മേഖലയിൽ മത്സ്യബന്ധനത്തിനായി കടലിൽ പോയവരിലേക്ക് ഈ വിവരം അറിയിക്കുകയും അവരെ നവംബർ 16 ന് വൈകീട്ടോട് കൂടി അടുത്തുള്ള സുരക്ഷിതമായ തീരത്തെത്താൻ ആവശ്യപ്പെടുകയും ചെയ്യേണ്ടതാണെന്നും നിര്‍ദ്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here