റഫേല്‍ അ‍ഴിമതിയില്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആക്ഷേപം

ന്യൂഡൽഹി: റഫേൽ അഴിമതി കേസിൽ സുപ്രീംകോടതിയിൽ ഹാജരായ വ്യോമസേനാ ഉദ്യോഗസ്ഥർ കോടതിയെ തെറ്റിദ്ധരിപ്പിച്ചതായി ആക്ഷേപം.

1985ന‌് ശേഷം പുതിയ യുദ്ധവിമാനങ്ങളൊന്നും സേനയുടെ ഭാഗമായിട്ടില്ലെന്ന‌ാണ‌് ഉദ്യോഗസ്ഥർ പറഞ്ഞത‌്. എന്നാൽ, 2012ൽ പോലും പുതിയ യുദ്ധവിമാനങ്ങൾ വാങ്ങിയിട്ടുണ്ടെന്ന‌് പ്രതിരോധരംഗത്തെ വിദഗ‌്ധർ ചൂണ്ടിക്കാട്ടുന്നു.

ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അധ്യക്ഷനായ ബെഞ്ചാണ‌് വാദത്തിനിടെ വ്യോമസേനാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത‌്. നിലവിൽ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളുടെ ആധുനികതയും മറ്റും അറിയുന്നതിനായിരുന്നു ഇത‌്.

വ്യോമസേന ഏതുവർഷമാണ‌് അവസാനമായി യുദ്ധവിമാനങ്ങൾ സ്വന്തമാക്കിയതെന്ന‌് ജഡ‌്ജിമാർ ചോദിച്ചപ്പോൾ 1985 ലാണെന്നായിരുന്നു മറുപടി. എന്നാൽ, 2012ൽ 42 സുഖോയ‌് യുദ്ധവിമാനങ്ങൾ വ്യോമസേന വാങ്ങിയിരുന്നു.

എയർ വൈസ‌്മാർഷൽ ജെ ചെലപതി, എയർ മാർഷൽ വി ആർ ചൗധരി, എയർ വൈസ‌് മാർഷൽ ടി ടുലിപ‌് എന്നിവരാണ‌് കോടതി മുമ്പാകെ ഹാജരായത‌്.

ഏതുതലമുറ യുദ്ധവിമാനങ്ങളാണ‌് സേന ഉപയോഗിക്കുന്നതെന്ന‌ ചോദ്യത്തിന‌് 3‐4 തലമുറ വിമാനങ്ങളാണെന്ന‌് ഉദ്യോഗസ്ഥർ മറുപടി നൽകി.

ഏറ്റവും ആധുനിക തലമുറ വിമാനങ്ങൾ ഏതെന്ന ചോദ്യത്തിന‌് അഞ്ചാം തലമുറയെന്ന‌് മറുപടി നൽകിയ ഉദ്യോഗസ്ഥർ സേന ഏറ്റവും അവസാനമായി വിമാനങ്ങൾ സ്വന്തമാക്കിയത‌് 1985 ലാണെന്നും പറഞ്ഞു.

1985ന‌് ശേഷം വിമാനങ്ങൾ സ്വന്തമാക്കിയിട്ടില്ലേയെന്ന‌് കോടതി എടുത്തുചോദിച്ചപ്പോഴും ഇല്ലെന്നായിരുന്നു മറുപടി. എന്നാൽ, സുഖോയ‌് വിമാനങ്ങളാണ‌് ഏറ്റവും അവസാനമായി സ്വന്തമാക്കിയതെന്ന‌് മറ്റൊരു ചോദ്യത്തിന‌് മറുപടിയായി പറയുകയും ചെയ‌്തു.

റഷ്യൻ നിർമിത സുഖോയ‌് വിമാനങ്ങളുടെ മാതൃകപോലും 1985ൽ തയ്യാറായിട്ടില്ലെന്നാണ‌് വാസ‌്തവം. 1996ൽ ഐക്യമുന്നണി സർക്കാരിന്റെ കാലത്താണ‌് സുഖോയ‌് വിമാനങ്ങൾ വാങ്ങുന്നതിന‌് റഷ്യയുമായി കരാറിലായത‌്.

2000ൽ കരാർ പുതുക്കി. ഇതുപ്രകാരം 140 സുഖോയ‌് വിമാനങ്ങൾ നിർമിച്ചുനൽകാമെന്നും സാങ്കേതികവിദ്യ കൈമാറാമെന്നും ധാരണയായി‌.

എച്ച‌്എഎല്ലുമായി ചേർന്ന‌് ഇന്ത്യയിൽത്തന്നെ വിമാനങ്ങൾ നിർമിക്കാൻ സുഖോയ‌് ഏവിയേഷൻ സന്നദ്ധമാകുകയുംചെയ‌്തു. 2004ൽ സുഖോയ‌് വിമാനങ്ങളുടെ ആദ്യവ്യൂഹം സേനയുടെ ഭാഗമായി.

2012 ൽ 42 സുഖോയ‌് വിമാനങ്ങൾ കൂടി സേന സ്വന്തമാക്കി. വസ‌്തുത ഇതായിരിക്കെ 1985ലാണ‌് അവസാനമായി യുദ്ധവിമാനങ്ങൾ സേനയുടെ ഭാഗമായതെന്ന‌് ഉദ്യോഗസ്ഥർ കോടതിയെ തെറ്റിദ്ധരിപ്പിച്ചത‌്. അടിയന്തര സുരക്ഷാ ആവശ്യകതളാണ‌് റഫേൽ ഇടപാടിന‌് പിന്നിലെന്നും ഉദ്യോഗസ്ഥർ കോടതിയിൽ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here