മണിക് സർക്കാരിന് നേരെ ബിജെപി ആക്രമണം; ബിജെപി സംഘം മണിക്കൂറുകളോളം തടഞ്ഞുവെച്ചു

അഗർത്തല: സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാരിന് നേരെ ബിജെപി ആക്രമണം. അഗർത്തലക്കടുത്ത് ഒക്ടോബർ വിപ്ലവ അനുസ്മരണ പരിപാടിയിൽ സംസാരിച്ച് മടങ്ങവേ അദ്ദേഹത്തെ ബിജെപി സംഘം ആക്രമിക്കുകയായിരുന്നു.

തുടർന്ന് രസ്തർ മാഥയിലെ പാർടി ഓഫീസിൽ അദ്ദേഹത്തെയും സംഘത്തെയും മണിക്കൂറുകളോളം തടഞ്ഞുവച്ചു. ഒടുവിൽ പൊലീസെത്തിയാണ് മണിക്ക് സർക്കാരിന് അഗർത്തലയിലേക്ക് പോകാൻ സുരക്ഷയൊരുക്കിയത്.

ബിഷൽഗഡിലെ യോഗം കഴിഞ്ഞ് അഗർത്തലയിലേക്ക് തിരിച്ചു പോകുകയായിരുന്ന മണിക് സർക്കാരിനൊപ്പം മുതിർന്ന സിപിഐ എം നേതാക്കളും മുൻമന്ത്രിമാരുമായ ഭാനുലാൽ സാഹ, സഹിദ് ചൗധരി, എംഎംഎമാരായ ശ്യാമൾ ചക്രവർത്തി, നാരായൺ ചൗധരി എന്നിവരും ഉണ്ടായിരുന്നു. മണിക് സർക്കാരിന് സുരക്ഷാ കവചമൊരുക്കിയ രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമികൾ വാഹനങ്ങളും അടിച്ചുതകർത്തു.

ബിജെപിയുടെ ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നടപടിയെ സിപിഐ എം ത്രിപുര സംസ്ഥാന കമ്മിറ്റി അപലപിച്ചു. ഒക്ടോബർ വിപ്ലവ അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷകനായെത്തിയ മണിക് സർക്കാരിന്റെ പ്രസംഗം കേൾക്കാനെത്തിയവരെ പിന്തിരിപ്പിക്കാൻ പ്രസംഗ വേദിക്ക് പുറത്ത് തമ്പടിച്ച ബിജെപി ക്രിമിനൽ സംഘം ശ്രമിച്ചു. എന്നാൽ ഈ ശ്രമം വിജയിക്കാതെ വന്നതോടെയാണ് പരിപാടി കഴിഞ്ഞപാടേ അക്രമം അഴിച്ചുവിട്ടതെന്ന് സിപിഐ എം പ്രസ്താവനയിൽ പറഞ്ഞു.

കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർടികളും അക്രമത്തെ അപലപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതിർന്ന സിപിഐ എം നേതാവും സൗത്ത് ത്രിപുര ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമായ ഹിമാൻഷു റോയിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പത്ത് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 28 പേർക്ക് പരിക്കേറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News