തിരുവനന്തപുരം: വര്‍ഗീയ വിഷം ചീറ്റി ശബരിമലയെ കലാപ ഭൂമിയാക്കാനാണ് കെപി ശശികലയുടെ ശ്രമമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിനായാണ് ശശികല നിരന്തരമായി ശബരിമല സന്ദര്‍ശിച്ചതെന്നും കടകംപള്ളി പറഞ്ഞു.

എന്തിനാണ് ഒരു മാസം നാല് തവണ ശശികല ശബരിമല സന്ദര്‍ശിക്കുന്നതെന്നും ഗുരുസ്വാമിമാര്‍ പോലും ഇത്തരത്തില്‍ ശബരിമല സന്ദര്‍ശനം നടത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ത്താലിലുടെ സംഘപരിവാര്‍ വിശ്വാസികളോട് യുദ്ധപ്രഖ്യാപനം നടത്തുകയാണ്. വൃശ്ചികമാസം ഒന്നാം തീയതി തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായാണ്. ഹര്‍ത്താലില്‍ കുടിവെള്ളം പോലും ലഭിക്കാതെ വിശ്വാസികള്‍ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് ശബരിമലയിലെ ആചാരങ്ങളും അനുഷ്ടാനങ്ങളുമൊന്നും പ്രശ്‌നമില്ലെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു. ഭക്തിയുടെയും വിശ്വാസത്തിന്റെയും മറവില്‍ ജനങ്ങളെ പറ്റിക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നതെന്നും കടകംപള്ളി പറഞ്ഞു.