ഭയമൊട്ടുമേ ഇല്ല കാപാലികരേ, നിങ്ങളാക്രമിക്കാൻ വന്നപ്പോൾ പിന്തിരിഞ്ഞോടാത്തതിൽ നിന്ന് തന്നെ നിങ്ങൾക്കത് മനസിലായിട്ടുണ്ടാകുമല്ലോ; സാനിയോ മനോമി എ‍ഴുതുന്നു

ഞങ്ങളെ രണ്ടു പേരെയും വിളിച്ച പലരുടെയും കോൾ എടുക്കാനായിട്ടില്ല, മെസേജിനു മറുപടിയും തരാനായില്ല.
ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ അഡ്മിറ്റാണ് രണ്ട് പേരും.

ജൂലിക്ക് ചെവിക്കും മൂക്കിനും കഴുത്തിനുമാണ് പരിക്ക്. എന്റെ നെഞ്ചിൽ ചെറിയ വേദനയും ചെറിയ നീരുമുണ്ട്.
Mentally രണ്ട് പേരും ഒക്കെയാണ്.

ഏട്ടന്റെ ഭാര്യ പ്രസവിച്ച് കോട്ടപ്പറമ്പ് ആശുപത്രിയിലാണുള്ളത്. ഭക്ഷണവും വസ്ത്രവുമൊക്കെ എടുക്കാൻ പാലേരിയിലെ വീട്ടിൽ നിന്നും കക്കട്ടിലെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം.

പൊലീസ് സ്റ്റേഷനിലും പ്രദേശത്തെ സുഹൃത്തുക്കളെയും വിളിച്ച് പ്രശ്നമില്ലെന്ന് ഉറപ്പിച്ചായിരുന്നു പോയത്. കുറ്റ്യാടി എത്തിയപ്പോൾ തന്നെ പരിചയമുള്ള ആരൊക്കെയോ ശ്രദ്ധിക്കുന്നുണ്ടെന്ന് ജൂലിയസ് പറഞ്ഞിരുന്നു.

പക്ഷേ പ്രദേശത്തൊന്നും പ്രശ്നമില്ലാതിരുന്നതിനാൽ യാത്ര തുടർന്നു. അമ്പലക്കുളങ്ങര എത്തിയപ്പോൾ പരിചയമുള്ളവരും ഇല്ലാത്തവരുമായ ഒരു സംഘം RSS ക്രിമിനലുകൾ വണ്ടി തടയുകയും ചാവി വലിച്ചൂരി വണ്ടിക്കുള്ളിലേക്ക് തലയും കൈയുമിട്ട് എന്നെയും ജൂലിയസിനെയും മർദ്ദിച്ചു. കൂർത്ത ആയുധം വച്ച് ജൂലിയെ കുത്താൻ വന്നു. ഒഴിഞ്ഞു മാറിയിട്ടും മൂക്കിന് കുത്തു കൊണ്ടു.

വണ്ടിയിൽ നിന്ന് രണ്ടാളെയും വലിച്ചിട്ട് വീണ്ടും മർദ്ദിച്ചു. പൊലീസ് എത്തിയപ്പോഴാണ് അക്രമിസംഘം പിൻ വാങ്ങിയത്.

സഖാക്കളെല്ലാരും എത്തി കുറ്റ്യാടി ഗവൺമെൻറ് ആശുപത്രിയിലെത്തിച്ചു. ജൂലിയുടെ പരിക്ക് കൊറച്ച് ഗൗരവമുള്ളതായതിനാലും എന്റെ നെഞ്ചിൽ ചെറിയ പ്രശ്നമുള്ളതിനാലും മെഡിക്കൽ കോളജിലേക്ക് പോകാൻ ഡോക്ടർ നിർദേശിച്ചു.

പൊലീസ് എസ്കോർട്ടിൽ ഒരു ജീപ്പിലും കാറിലുമായാണ് ഞങ്ങൾ പോന്നത്. പേരാമ്പ്ര എത്തിയപ്പോ രണ്ട് ബൈക്ക് ലൈറ്റൊക്കെ ഇട്ട് തെറി വിളിച്ച് വണ്ടിക്ക് പുറകേ വന്നു.

പിന്നീട് ബൈക്കുകളുടെ എണ്ണം കൂടി. നടുവണ്ണൂർ എത്തിയപ്പോൾ ആ സംഘം ഞങ്ങളുടെ വണ്ടി തടഞ്ഞു. കൊല്ലുമെന്ന് ആക്രോശിച്ച് പാഞ്ഞടുത്തു. എസ്കോർട്ട് വന്ന പോലീസിന് കൈകാര്യം ചെയ്യാൻ പറ്റുന്നതിലും കൂടുതൽ RSS ക്രിമിനലുകളുണ്ടായിരുന്നു. നന്നായി ബുദ്ധിമുട്ടിയാണ് അവിടെ നിന്ന് രക്ഷപെട്ടത്.

ഒരു കാര്യമുറപ്പാണ് രണ്ട് ആക്രമണങ്ങളും കൃത്യമായി പ്ലാൻ ചെയ്ത് നടപ്പാക്കിയതാണ്. ഒരു പ്രശ്നവും ഇല്ലാത്ത അമ്പലക്കുളങ്ങര വച്ച് പെട്ടെന്ന് പ്രശ്നമുണ്ടായത് അങ്ങനെയാണ്.

നല്ല നിർദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സുരക്ഷ ഉണ്ടായിട്ടും പേരാമ്പ്ര മുതൽ നടുവണ്ണൂർ വരെ പിന്തുടർന്നതും നടുവണ്ണൂരിൽ വച്ച് അക്രമത്തിന് മുതിർന്നതും.

അമ്പലക്കുളങ്ങരയിൽ പൊലീസ് എത്തിയില്ലായിരുന്നെങ്കിൽ, നടുവണ്ണൂരിൽ പൊലീസ് ഒരു വിധം ഞങ്ങളെ രക്ഷപ്പെടുത്തിയില്ലായിരുന്നെങ്കിൽ, ഉറപ്പാണ് ഞങ്ങളും കൂട്ടത്തിലുള്ള സഖാക്കളും RSS ന്റെ കത്തികൾക്കിരയാവുമായിരുന്നു.

ഭയമൊട്ടുമേ ഇല്ല കാപാലികരേ, നിങ്ങളാക്രമിക്കാൻ വന്നപ്പോൾ പിന്തിരിഞ്ഞോടാത്തതിൽ നിന്ന് തന്നെ നിങ്ങൾക്കത് മനസിലായിട്ടുണ്ടാകുമല്ലോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here