കെ സുരേന്ദ്രന്‍ കൊട്ടാരക്കര സബ് ജയിലില്‍

പത്തനംതിട്ട: വിലക്കുകള്‍ ലംഘിച്ച് ശബരിമലയിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലില്‍ എത്തിച്ചു.

പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

സുരേന്ദ്രനൊപ്പം അറസ്റ്റുചെയ്ത മറ്റ് രണ്ട് ബിജെപി പ്രവര്‍ത്തകരായ സന്തോഷ്(45), രാജന്‍(45) എന്നിവരെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഐപിസി സെക്ഷന്‍ 353, 334 വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയത്.

പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.

ക്രമസമാധാനപ്രശ്നം മുന്‍നിര്‍ത്തിയാണ് കെ സുരേന്ദ്രനെയും ഒപ്പമുള്ളവരെയും കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത്.

നിലക്കലില്‍ നിന്നും സന്നിധാനത്തേക്ക് പോകാന്‍ തയ്യാറായ സുരേന്ദ്രനോട് ക്രമസമാധാന പ്രശ്നം ഉണ്ടെന്നും അടുത്തദിവസം പുലര്‍ച്ചെ നട തുറക്കുമ്പോള്‍ സന്നിധാനത്ത് ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കാമെന്നും എസ്പി യതീഷ്ചന്ദ്ര അറിയിച്ചിരുന്നു.

എന്നാല്‍ തങ്ങള്‍ക്ക് ശബരിമലയിലേക്ക് ഇപ്പോള്‍ തന്നെ പോകണം എന്ന് വാശിപിടിച്ച സുരേന്ദ്രന്‍ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ഇതോടെയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.

ചിറ്റാര്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന സുരേന്ദ്രനെ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കായി എത്തിച്ചത്. ഇവിടെ പരിശോധന നടത്തിയ ശേഷമാണ് മജിസ്ട്രേറ്റ് അത്തിക് റഹ്മാന്‍ മുമ്പാകെ ഹാജരാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here