തിരുവനന്തപുരം: ശബരിമലയില്‍ കെ. സുരേന്ദ്രന്‍ നടത്തിയത് ആചാരലംഘനമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

അമ്മ മരിച്ച് ഒരു വര്‍ഷമാകും മുമ്പാണ് കെ. സുരേന്ദ്രന്‍ മല ചവിട്ടിയത്. അമ്മ മരിച്ചാല്‍ സാധാരണ വിശ്വാസികള്‍ ഒരു വര്‍ഷം കഴിയാതെ ശബരിമലയിലെത്തില്ല. ഈ ആചാരം തെറ്റിച്ച് സന്നിധാനത്തെത്തിയ ആളാണ് വിശ്വാസത്തെ കുറിച്ച് പറയുന്നതെന്നും കടകംപള്ളി പറഞ്ഞു.

ഈ നാടകങ്ങള്‍ വിശ്വാസത്തിന്റെ പേരിലല്ല, വോട്ടിനുവേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞതെല്ലാം കള്ളമാണെന്നും മന്ത്രി പറഞ്ഞു.

ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ സ്വയം താഴെയിട്ടതാണ്. പൊലീസ് കെട്ടില്‍ ചവിട്ടിയിട്ടില്ല. പൊലീസ് സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങള്‍ ഇതിന് തെളിവാണെന്നും കടകംപള്ളി വ്യക്തമാക്കി.

അറസ്റ്റിലായ സുരേന്ദ്രന് പൊലീസ് സ്റ്റേഷനില്‍ എല്ലാ സൗകര്യവും ഒരുക്കിയിരുന്നു. കിടക്കാന്‍ ബെഞ്ചില്‍ സൗകര്യമൊരുക്കി. കുടിക്കാന്‍ വെള്ളവും കഴിക്കാന്‍ ഭക്ഷണവും നല്‍കി. മരുന്നു കഴിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നെന്നും കടകംപള്ളി പറഞ്ഞു.