സുരേന്ദ്രന് പിന്നാലെ ശശികലയും ആചാര ലംഘനം നടത്തി; വിശ്വാസി സമൂഹത്തിനിടയില്‍ നിന്ന് ശക്തമായ പ്രതിഷേധം

പാലക്കാട്: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികലയും ശബരിമലയില്‍ ദര്‍ശനം നടത്തിയത് ആചാര ലംഘിച്ച്. അച്ഛന്‍ മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുന്‍പാണ് ശശികല രണ്ട് തവണ ശബരിമലയില്‍ ദര്‍ശനം നടത്തിയത്.

കെ സുരേന്ദ്രന് പിന്നാലെ ശബരിമലയില്‍ കെപി ശശികലയും ആചാര ലംഘനം നടത്തിയെന്നാണ് വ്യക്തമാവുന്നത്. കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് ശശികലയുടെ പിതാവ് വാസുദേവന്‍ നായര്‍ അന്തരിച്ചത്.

അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ ശബരിമലയില്‍ ഒരു വര്‍ഷം കഴിയാതെ ദര്‍ശനം നടത്താന്‍ പാടില്ലെന്നാണ് വിശ്വാസം. എന്നാല്‍ പിതാവ് മരിച്ച് ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് രണ്ട് തവണയാണ് കെപി ശശികല ശബരിമല ദര്‍ശനത്തിനെത്തിയത്. തുലാമാസ പൂജയ്ക്ക് കന്നിസ്വാമിയായി കെപി ശശികല ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു.

അതിന് പിന്നാലെ കഴിഞ്ഞ ദിവസം പോലീസ് നിയന്ത്രണം മറികടന്ന് ശബരിമലയില്‍ പോകാന്‍ ശ്രമിച്ചതിന് കെപി ശശികലെയെ അറസ്റ്റ് ചെയ്തിരുന്നു.

മാതാവ് മരിച്ച് ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് ശബരിമല ദര്‍ശനത്തിനെത്തിയ കെ സുരേന്ദ്രനും പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറിയിറങ്ങിയ വത്സന്‍ തില്ലങ്കേരിക്കുമെതിരെ വിശ്വാസി സമൂഹത്തിനിടയില്‍ നിന്ന് ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു.

ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി ആചാരങ്ങള്‍ക്കെതിതിരാണെന്ന് പറഞ്ഞ് ശബരിമലയില്‍ സമരം നടത്തുന്ന സംഘപരിവാര്‍- ബിജെപി നേതാക്കള്‍ തന്നെ ആചാരങ്ങള്‍ ലംഘിച്ചു കൊണ്ടാണ് വിശ്വാസത്തിന്റെ പേരില്‍ സംഘര്‍ഷാന്തരീക്ഷമുണ്ടാക്കുന്നതെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News