ഇതാണ് എന്‍റെ ഏറ്റവും പുതിയ കുടുംബചിത്രം; മനക്കരുത്ത് കൊണ്ട് മാത്രം സാധ്യമായ ചിത്രം; ഇരട്ടക്കണ്മണികള്‍ക്കൊപ്പം ഷില്‍ന

2017 ഓഗസ്റ്റ് 15ന് നിലമ്പൂരിലുണ്ടായ വാഹനാപകടത്തിലാണ് തലശേരി ബ്രണ്ണന്‍ കോളജ് മലയാള വിഭാഗം അധ്യാപകനും എ‍ഴുത്തുകാരനുമായ കെ.വി. സുധാകരന്‍ അന്തരിച്ചത്. ഭാര്യ ഷില്‍നയുടെ ഗര്‍ഭധാരണത്തിനുള്ള ചികിത്സക്കിടയായിരുന്നു മരണം.

സുധാകരന്‍റെ മരണ ശേഷം ശേഖരിച്ചു വച്ചിരുന്ന ബീജം ഉപയോഗിച്ച് ഐവിഎഫ് (ഇന്‍വിട്രോ ഫെര്‍ട്ടിലെെസേഷന്‍) ചികിത്സയിലൂടെ ഷില്‍ന രണ്ട് കുരുന്നുകള്‍ക്ക് ജന്മം നല്‍കിയത് വാര്‍ത്തയായിരുന്നു.

2006 ഏപ്രില്‍ 22നായിരുന്നു പെരുമ്പടവിന് സമീപം എളയാട്ടെ കുഞ്ഞിരാമന്‍റെയും ഓമനയുടെയും മകന്‍ കെ.വി. സുധാകരനും പേരാവൂര്‍ പി.വി. പവിത്രന്‍റെയും പുഷ്പവല്ലിയുടെയും മകള്‍ ഷില്‍നയും പ്രണയിച്ച് വിവാഹിതരായത്. ഷില്‍ന ഫെഡറല്‍ ബാങ്കില്‍ ഉദ്യോഗസ്ഥയാണ്.

സുധാകരന്‍റെ മരണശേഷം എല്ലാ എതിര്‍പ്പുകളെയും മറികടന്നാണ് ഷില്‍ന ഐവിഎഫ് പരീക്ഷണത്തിന് മുതിര്‍ന്നത്. നിയ, നിമ എന്നീ രണ്ട് കണ്‍മണികളിലൂടെ സുഹൃത്തുക്കള്‍ ഇപ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട സുധാകരനെ കണ്‍മുന്നില്‍ കാണുന്നു.

ഏതു നിമിഷവും അണഞ്ഞു പോയേക്കാവുന്നൊരു തിരിനാളമായിരുന്നു ഒരു വർഷം മുൻപ് തന്‍റെ ജീവിതമെന്നും സുഹൃത്തുക്കള്‍ തന്നെയാണ് അതിന് ശക്തി തന്നതെന്നും ഷില്‍ന ഇപ്പോള്‍ ഫേസ് ബുക്കില്‍ കുറിക്കുന്നു.

ഷില്‍നയുടെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ വായിക്കാം:

”മനക്കരുത്തു കൊണ്ട് മാത്രം സാധ്യമാവുന്ന ചില ചിത്രങ്ങളുണ്ട് ഇത് പോലെ…

ഏതു നിമിഷവും അണഞ്ഞു പോയേക്കാവുന്നൊരു തിരിനാളമായിരുന്നു ഒരു വർഷം മുൻപ് എന്‍റെ ജീവിതം…

ചിലരുണ്ട് ആശ്വാസത്തിന്റെ ഹസ്തവുമായി ജീവിതത്തിലേക്ക് തിരിച്ചു നടത്തിയവർ..

ആ കറുത്ത ആഗസ്ത് 15

തണുപ്പ് നിറഞ്ഞ ആ മുറിക്കുള്ളിൽ കണ്ണിലെണ്ണയുമൊഴിച്ചു പ്രിയപ്പെട്ടൊരാളെയും പ്രതീക്ഷിച്ചു കിടന്നപ്പോൾ ,നെഞ്ചോടു ചേർത്ത് മൂർദ്ധാവിൽ ചുംബിച്ചു കണ്ണുനീർ തുടച്ചു, അവൻ പറഞ്ഞു ,പ്രായത്തിനു ഇളയതെങ്കിലും ഒരു അച്ഛന്റെ പക്വതയോടെ..
എല്ലാ വേദനകളും നെഞ്ചിൽ ഒരു കുഴി ഉണ്ടാക്കി അതിലേക്കു മൂടുക…സ്പർശിച്ചു കൊണ്ടിരിക്കുംതോറും അത് വലിയ വലിയ വ്രണമാവും..പകരം സ്നേഹം കൊണ്ട് വളവും വെള്ളവുമൊഴിക്കുക..അതാണ് ഏട്ടനും ആഗ്രഹിക്കുക..കണ്ണീരിനു പകരം…dear Shijil Kumar

മരണത്തിന്റെ ഏഴാംനാൾ എന്നെ ചേർത്തുപിടിച്ചുകൊണ്ടു മാഷ്ടെ പ്രിയപ്പെട്ട ആ പെൺ സുഹൃത്ത് പറഞ്ഞു ,ഒരു വ്യക്തി എന്നത് ഒരിക്കലും ശരീരം മാത്രമല്ല ,പകരം ആ മനസും ആത്മാവും എന്നും കൂടെയുണ്ടെന്ന് കരുതുക…നീ സന്തോഷിക്കുന്നതായിരുന്നു അവനു എന്നും ഇഷ്ടം..ഇപ്പോഴും അതുതന്നെ…പ്രിയ teacher Rajasree R

ഇന്നലെയെന്നത് പോലെ ഓർമയുണ്ട് ,ആ കസേരയിൽ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ സംസാരിക്കാൻ ബുദ്ധിമുട്ടുമ്പോൾ ,ഒരച്ഛന്റെ വാത്സല്യത്തോടെ ,ഒരു രക്ഷിതാവിന്റെ കരുതലോടെ അദ്ദേഹം പറഞ്ഞത്,മനസ് ആണ് എല്ലാ രോഗത്തിനും ഉള്ള മരുന്ന്…നിറഞ്ഞ മനസോടെ ജീവിതത്തിലേക്ക് തിരിച്ചു വരൂ.. Dr Kunjimoideen Kinettingal Dr Sreeja sajith

വരും വരും എന്ന പ്രതീക്ഷയിൽ ആ വാർത്ത ഉൾക്കൊള്ളാനാവാതെ പലപ്പോഴും മനോനില കൈവിടുമ്പോൾ ഹി ഈസ് നോ മോർ എന്ന് ഉറക്കെയുറക്കെ പറഞ്ഞു എന്നെ യാഥാർഥ്യത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന Surendra Mohan sir

അദ്ദേഹത്തിന്റെ അസാന്നിധ്യത്താൽ ദുരിത പൂർണമായ ഒരു ഗർഭ കാലം പലപ്പോഴും ചിരിച്ചു കൊണ്ട് നേരിടാൻ എല്ലായ്പ്പോഴും പ്രചോദനം തന്ന ഏറ്റവും പ്രിയമുള്ള Dr Shyjus Nair

എന്‍റെ പ്രിയപ്പെട്ട രണ്ടു പെൺകുഞ്ഞുങ്ങളെ ഈ ഭൂമിയിലേക്ക് കൊണ്ടുവന്ന Dr Amar Ramachandran

ഈ ജീവിത യാത്രയിലുടനീളം ഒരു നിഴലായി ധൈര്യമായി കൂടെ നിന്ന അച്ഛൻ Pavithran Puthiyaveettil

നിങ്ങൾ ,മൂന്ന് പേരെയാണ് ജീവിതത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നത്..

ജീവിതം തകർത്തെറിഞ്ഞ വിധിയെ ജീവിച്ചു
കൊണ്ട് തന്നെയാണ് തോൽപ്പിക്കേണ്ടത് !!!

പ്രിയമുള്ളവരേ ഇതാണ് എന്‍റെ ഏറ്റവും പുതിയ കുടുംബചിത്രം…അസാന്നിധ്യം കൊണ്ട് സാന്നിധ്യമറിയിക്കുന്ന ഏറ്റവും പ്രിയപ്പെട്ടൊരാൾ കൂടെ അവിടെ എവിടൊക്കെയോ ഉണ്ട്…

അറ്റമില്ലാത്തതാം ജീവിതത്തിൽ ഞങ്ങൾ ഒറ്റയല്ല ഒറ്റയല്ല ഒറ്റയല്ല…♥️”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News