കലാപം സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ് സംഘപരിവാര്‍ സമരമെന്ന് കോടിയേരി; പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത് ആര്‍എസ്എസിന് വേണ്ടി

തിരുവനന്തപുരം: കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ് സംഘപരിവാര്‍ സമരമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഖാലിസ്ഥാന്‍ സിഖ് തീവ്രവാദികള്‍ ശ്രമിച്ച പോലുള്ള സമരരീതിയാണ് സംഘപരിവാര്‍ ശബരിമലയില്‍ സ്വീകരിക്കുന്നത്. ശബരിമല പിടിച്ചെടുക്കുക എന്ന തന്ത്രമാണ് പ്രയോഗിക്കുന്നത്. സ്ത്രീകളേയും കുട്ടികളെയും ഇതിനായി ഉപയോഗിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

പൊലീസ് നിയമം നടപ്പാക്കുമ്പോള്‍ മനുഷ്യകവചമാക്കി കുട്ടികളെ ഉപയോഗിക്കുന്ന രീതിയാണിപ്പോള്‍ സ്വീകരിക്കുന്നത്. കലാപത്തിന്റെ ഭാഗമായി മാധ്യമങ്ങളെ ഭയപ്പെടുത്തുക. തങ്ങള്‍ പറയുന്നപോലെ വാര്‍ത്ത കൊടുക്കണം എന്നു ഭീഷണി മുഴക്കുന്നു.

ഓരോ നിയമസഭ മണ്ഡലത്തില്‍ നിന്നും ശബരിമലയിലേക്ക് പ്രതിഷേധത്തിനായി പോകാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഡിസംബര്‍ മാസം 15 വരെയാണ് ഇത് തുടരുന്നത്.ഇതിനായി ബിജെപി സര്‍ക്കുലറും ഇറക്കിയിരിക്കുകയാണ്

ദൃശ്യമാധ്യമങ്ങളുടെ ഉപകരണങ്ങള്‍ നശിപ്പിക്കുകയാണ് അക്രമികള്‍. ഗുജറാത്തില്‍ പരീക്ഷിച്ച തന്ത്രമാണ് ഇവിടെ സ്വീകരിക്കുന്നത്. കുടുംബമായി താമസിക്കുന്ന പൊലീസുകാരുടെ വീടുകള്‍ ആക്രമിക്കുകയാണ്. ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഒറീസയിലെ വീട്ടിലേക്കുപോലും സംഘപരിവാര്‍ പ്രകടനം നടത്തി. പൊലീസ് ഉദ്യോഗസ്ഥരെ നിര്‍ജീവമാക്കുക, അതാണ് ശ്രമം.

സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലില്‍ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനേയും മരുമകളും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറുമായ പെണ്‍കുട്ടിയേയും ആക്രമിച്ചു.

റിപ്പോര്‍ട്ടറാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ആക്രമണം അഴിച്ചുവിട്ടത്. സമാധാനപരമായ തീര്‍ത്ഥാടനം നടത്തുന്ന പ്രദേശങ്ങള്‍ സംഘര്‍ഷഭരിതമാക്കുകയാണ് സംഘപരിവാര്‍.

ഇന്നലെ സന്നിധാനത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റിലായ രാജേഷ് ഭക്തനാണെന്നാണ് പറയുന്നത്. എന്നാല്‍ ഇയാളാണ് അക്രമത്തിന് നേതൃത്വം വഹിച്ചത്. ചിത്തിര ആട്ടവിശേഷത്തിലും കലാപത്തിന് ഇയാള്‍ ശ്രമിച്ചു. പൊലീസ് സ്റ്റേഷനെതിരെ അക്രമവും മാര്‍ച്ചുമാണ് നടക്കുന്നത്. പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ തടയുക.

ശബരിമലയില്‍ ഭക്തരുടെ സുരക്ഷയ്ക്കായി എത്തുന്നവരെ തടയുക. ഇതാണ് ബിജെപിയും ആര്‍എസ്എസും ചെയ്യുന്നത്. ഭക്തര്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നത് സംഘപരിവാറാണ്. ഇതിന്റെ ഭാഗമായി ദേശീയ തലത്തില്‍ തന്നെ പ്രചരണം നടത്തുന്നു. പതിനെട്ടാം പടിയിലെ ആചാരവും ആചാരസംരക്ഷകര്‍ എന്നുപറയുന്നവര്‍ ലംഘിക്കുന്നു.

പൊലീസുകാരെ കോടതി കയറ്റുമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള പറയുന്നത്. സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരെ സമരം ചെയ്യുന്ന ശ്രീധരന്‍പിള്ള ഇനി കോടതിയെ കുറിച്ച് പറയരുത്.

കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമലയിലെത്തിയത് നല്ലകാര്യം. എന്നാല്‍ അദ്ദേഹം ബിജെപിക്കാര്‍ക്കൊപ്പം നില്‍ക്കരുതായിരുന്നു. സര്‍ക്കാരുമായി സഹകരിക്കണം. അഞ്ച് ശതമാനം പിന്തുണ പോലുമില്ലാത്ത സമരമാണ് ബിജെപി നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.

പ്രതിപക്ഷ നേതാവ് ആര്‍എസ്എസിന് വേണ്ടിയാണ് സംസാരിക്കുന്നത്. കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം. കോണ്‍ഗ്രസിന്റെ ഒരു വിഭാഗം ഇപ്പോഴെ ആര്‍എസ്എസിലേക്ക് പോയിയെന്നും കോടിയേരി വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News