‘അതിര്‍ത്തിക്കപ്പുറത്തേക്ക് തളളുമോ?’ ആശങ്കയോടെ അസം ബാല്യങ്ങള്‍

അസമിലെ സംഘര്‍ഷമേഖലയാണ് കൊക്രാജാര്‍ ജില്ല. 2012 ജൂലായില്‍ ബോഡോകളും മുസ്‌ളിംങ്ങളും തമ്മിലുണ്ടായ സംഘര്‍ഷം വന്‍ വര്‍ഗീയ കലാപമായി ആളികത്തി. കലാപത്തില്‍ 77 പേര്‍ കൊല്ലപ്പെട്ടു.നാന്നൂറോളം ഗ്രാമങ്ങള്‍ അഗ്‌നിക്കിരയായി.4 ലക്ഷത്തോളം പേര്‍ സ്വന്തം മണ്ണില്‍ നിന്ന് പലായനം ചെയ്തു.

കൊക്രാജാറില്‍ ഇപ്പോള്‍ പ്രശ്‌നം കലാപമല്ല.പൗരത്വമാണ്. പ്രശ്‌നത്തിന്റെ സങ്കീര്‍ണ്ണതയെക്കുറിച്ചറിയാനാണ് പൊദയഗുരി ഗ്രാമത്തിലെത്തിയത്.ഗ്രാമീണരെല്ലാം മുസ്‌ളിംങ്ങളാണ്.ബംഗ്‌ളാദേശില്‍ നിന്ന് കുടിയേറിയവരെന്ന് മുദ്രകുത്തപ്പെട്ടവര്‍.
നാല്‍പത്തഞ്ചുകാരി കുല്‍സം ബീവിയുടെ വീട്ടിലാണ് ആദ്യം എത്തിയത്. കുല്‍സം ബീവി തന്റെ മൂന്ന് പെണ്‍കുട്ടികളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചശേഷം പരിദേവനങ്ങള്‍ നിരത്തി; ‘കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വപട്ടികയില്‍ എന്റെയും ഇപ്പോള്‍ ഗുജറാത്തില്‍ നിര്‍മ്മാണ തൊഴിലാളിയായ ഭര്‍ത്താവ് മോണി ഷെയ്ഖിന്റേയും പേരുകള്‍ ഉണ്ട്. എന്നാല്‍ എന്റെ ഈ മൂന്ന് പെണ്‍കുട്ടികളുടെ പേരില്ല. അഥവാ ഞാനും ഭര്‍ത്താവും ഇന്ത്യന്‍ പൗരന്‍മാരാണ്.എന്റെ മൂന്ന് പെണ്‍കുട്ടികളും ബംഗ്‌ളാദേശി പൗരന്‍മാരും. എന്റെ കുട്ടികളെ ബംഗ്‌ളാദേശിലേയ്ക്ക് നാടുകടത്തുമെന്നാണ് പലരും ഭീഷണി മുഴക്കുന്നത്’

പത്ത് വയസ്സുകാരി മോനിഷും എട്ട് വയസ്സുകാരി മോണിക്കയും ഏഴ് വയസ്സുകാരി റീനയും എപ്പോഴും ഉത്കണ്ഠയിലാണ്.വിട്ടുമാറാത്ത ഭയത്തിന്റെ പിടിയിലാണ് ഈ കുട്ടികള്‍.

അമ്മ കുല്‍സം ബീവി ഇന്ത്യന്‍ പൗര.മൂന്ന് പെണ്‍കുട്ടികള്‍ പൗരത്വപട്ടികയ്ക്ക് പുറത്ത്.
ബംഗ്‌ളാദേശിലേയ്ക്ക് നാടുകടത്തുമെന്ന് ഭീഷണി

 
അടുത്ത വീട്ടിലെ രഹാനയുടെ പരാതി ഇതുതന്നെയാണ്.രഹാനയുടേയും ഭര്‍ത്താവിന്റ്യേും പേര് പൗരത്വപട്ടികയില്‍ ഉണ്ട്. എന്നാല്‍ 9ാം ക്‌ളാസില്‍ പഠിക്കുന്ന മകള്‍ ലതീഫയുടെ പേര് പൗരത്വപട്ടികയില്‍ ഇല്ല,അഥവാ ബംഗ്‌ളാദേശിലേയ്ക്ക് നാടുകടത്തപ്പെടേണ്ടവളാണ്.

ഇന്ത്യക്കാരായ അച്ഛനും അമ്മക്കും ജനിച്ച മകള്‍ എങ്ങനെ ബംഗ്ലാദേശിയാകും? ഈ ചോദ്യവുമായി രഹാന കൊക്രാജറിലെ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങി. ലഭിച്ച മറുപടി രഹാന ഇങ്ങനെ വിശദീകരിക്കുന്നു.

‘ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന ജനനതീയതിയില്‍ ഓവര്‍റൈറ്റിംഗ് ഉണ്ട് എന്ന കാരണം പറഞ്ഞാണ് അവളുടെ പൗരത്വം നിഷേധിക്കുന്നത്’

ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത് രഹാനയോ ഭര്‍ത്താവോ അല്ല.കൊക്രാജാറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്.അവര്‍ക്ക് തെറ്റ് പറ്റിയെങ്കില്‍  ഈ കുടുംബം എന്ത് പിഴച്ചു? അഥവാ ജനന സര്‍ട്ടിഫിക്കറ്റില്‍ ‘ഓവര്‍റൈറ്റിംഗ് ‘ ഉണ്ടെങ്കില്‍ തന്നെ രണ്ട് ഇന്ത്യന്‍ പൗരന്‍മാരുടെ
മകള്‍ക്ക് പൗരത്വം നിഷേധിക്കുന്നതിന് ഇതെല്ലാം കാരണമാണോ?

ബംഗ്‌ളാദേശിലേയ്ക്ക് നാടുകടത്തുമോ ? ആശങ്കയോടെ
ലതീഫ

അല്ലെന്ന് പറയാന്‍ പൗരത്വ നിയമം മറച്ച് നോക്കേണ്ട ആവശ്യമില്ല.സാമാന്യയുക്തിമാത്രം മതി.എന്നാല്‍ ഇത്തരം യുക്തികള്‍ക്കൊന്നും വര്‍ഗീയ വികാരം തിളച്ചുമറയുന്ന കൊക്രാജറില്‍ ഇന്ന് ഇടമില്ല.ബോഡോ ഗോത്ര വര്‍ഗ്ഗക്കാര്‍ മാത്രം താമസിക്കുന്ന ബാവ് ക്രൂന്‍ഗി ഗ്രാമത്തിലെ ഗ്രാമപ്രമുഖന്‍ ബങ്കിം പ്രസാദിന്റെ പ്രതികരണത്തില്‍ ജ്വലിച്ചത് വര്‍ണവെറി
‘ന്യായാന്യായങ്ങള്‍ക്കൊന്നും ഇവിടെ കാര്യമില്ല.പൗരത്വപട്ടികയില്‍ പേരില്ലാത്ത കുട്ടികളെയെല്ലാം ബംഗ്ലാദേശിലേയ്ക്ക് അയയ്ക്കണം.ബംഗ്ലാദേശില്‍ നിന്ന് വന്ന ഹിന്ദുക്കള്‍ക്ക് ഇവിടെ താമസിക്കാം. എന്നാല്‍ മുസ്‌ളിംങ്ങള്‍ മടങ്ങിപ്പോയേ തീരൂ’

പൗരത്വപ്രശ്‌നത്തിന്റെ ചരിത്രവും വര്‍ത്തമാനവും

—————————————————————-
പലായനം ,കുടിയേറ്റം,പൗരത്വം,നാടുകടത്തല്‍…..സ്വാതന്ത്ര്യാനന്തര അസമിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍
ഏറ്റവും ഉപയോഗിക്കപ്പെടുന്ന വാക്കുകള്‍ ഇവയാണ്. ബംഗ്‌ളാദേശുകൂടി ഉള്‍പ്പെടുന്നാണ് പഴയ ഇന്ത്യ.സ്വാതന്ത്ര്യത്തിന് ശേഷം അന്നത്തെ കീഴക്കന്‍ പാകിസ്ഥാനില്‍ നിന്ന് അസമിലേയ്ക്ക്
വന്‍തോതില്‍ പലായനം ഉണ്ടായിട്ടുണ്ട്.

പലായനം ചെയ്തവരെ തിരിച്ചയയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുളള പ്രക്ഷോഭങ്ങളാണ്ഇന്നും പുകഞ്ഞുകൊണ്ടിരിക്കുന്ന അസം സ്വത്വ രാഷ്ട്രീയത്തിന് വിത്ത് പാകിയത്.1985ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാന്നിധ്യത്തില്‍ കേന്ദ്രസര്‍ക്കാറും അന്ന് സമരത്തിന് നേതൃത്വം നല്കിയിരുന്ന അസമിലെ വിദ്യാര്‍ത്ഥി സംഘടനകളും പ്രസിദ്ധമായ അസം കരാറില്‍ ഒപ്പുവെച്ചു.

1971ന് മുമ്പ് കുടിയേറിയവര്‍ക്കെല്ലാം ഇന്ത്യന്‍ പൗരത്വം നല്കും.71ന് ശേഷം കുടിയേറിയവരെയെല്ലാം ബംഗ്‌ളാദേശിലേയ്ക്ക്തിരിച്ചയക്കും..കരാര്‍ ഉണ്ടായെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. സാമുദായിക ധ്രുവീകരണം ഉണ്ടാക്കി വോട്ട് ബാങ്കുകള്‍ സൃഷ്ടിക്കാനുളള എളുപ്പവഴിയായിരുന്നു എക്കാലത്തും ഈ പൗരത്വ പ്രശ്‌നം.

സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലായ് കരട് പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നു. കുല്‍സം ബീവിയുടേയും രഹാനയുടേയും കുട്ടികള്‍ ഉല്‍പ്പെടെ 40 ലക്ഷം പേര്‍ പട്ടികയ്ക്ക് പുറത്താണ്. ഇവര്‍ക്ക് ഇന്ത്യന്‍ പൗരനെന്ന് തെളിയിക്കാനുളള
ഒരു അവസംകൂടി നല്കും അന്തിമ പട്ടിക ഡിസംമ്പര്‍ 31 ന് പ്രസിദ്ധീകരിക്കും. അതിലും ഉള്‍പ്പെട്ടില്ലെങ്കില്‍ ഇവരെല്ലാം ബംഗ്‌ളാദേശിലേയ്ക്ക് മടങ്ങണം.

മാനുഷിക പരിഗണനയോടെ സമീപിക്കേണ്ട ഒരു പ്രശ്‌നമാണിത്.ഹിന്ദുവികാരവും അസംവികാരവും വളരെ എളുപ്പത്തില്‍ ആളികത്തിക്കാന്‍
ഈ പ്രശ്‌നത്തിനാകും. 22ല്‍ ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പ്രസംഗത്തിലെ ചില വാചകങ്ങള്‍;
‘ ചിലര്‍ ചിതലുകളെപ്പോലെ നമ്മുടെ സ്വത്തെല്ലാം ഊറ്റിയെടുക്കുന്നു.നമ്മള്‍ അവരെ ബംഗ്‌ളാദേശിലേയ്ക്ക് തിരിച്ചയ്ക്കും’

സാമുദായിക ചേരിതിരിവിന്റെ ഇരകള്‍ കുഞ്ഞുങ്ങളാണ്

ബംഗ്‌ളാദേശിലേയ്ക്ക് സ്വന്തം മക്കള്‍ നാടുകടത്തപ്പെടരുതെങ്കില്‍ അവരുടെ അമ്മമാര്‍ മക്കളുടെ പൗരത്വം തെളിയിക്കണം. അതിനാവശ്യമായ രേഖകള്‍ ഹാജരാക്കണം.ഇതിനെല്ലാം ആഴ്ച്ചകളോളം ഓഫീസുകള്‍ കയറി ഇറങ്ങണം. പണിക്ക് പോകാതെ രേഖകള്‍ തേടി ഇറങ്ങിയാല്‍
ഈ കുട്ടികള്‍ പട്ടിണിയിലാകും.

കരട് പട്ടികയില്‍ ഇടം പിടിക്കാനാകാത്ത, അഥവാ ബംഗ്‌ളാദേശിലേയ്ക്ക് തിരിച്ചയക്കേണ്ടവരായ 40 ലക്ഷം പേരില്‍ എത്ര കുട്ടികള്‍ ഉണ്ട്? റജിസ്റ്റാര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് പോലും വ്യക്തമായ കണക്ക് മുന്നോട്ട് വെക്കാനാവുന്നില്ല.

3 മുതല്‍ 4 ലക്ഷം വരെ കുട്ടികള്‍ ഉണ്ടായേക്കാമെന്നാണ് അനൗദ്യോഗികമായുളള അനുമാനം.പട്ടിണിയും ദാരിദ്ര്യവും സംഘര്‍ഷവുമാണ് പലായനങ്ങളുടെ അടിസ്ഥാനകാരണങ്ങള്‍.ഇത്തരം വിഷയങ്ങളെ മാനുഷികമായി സമീപിച്ചില്ലെങ്കില്‍ െഎലാന്‍ കുര്‍ദ്ദിയെപോലെ നിരവധി പേരെ അസമില്‍ കാണേണ്ടിവരും.

സഹിഫുള്‍ ഷെയ്ഖ് എങ്ങനെ പണിക്കാരനായി?
———————————————————–
പൗരത്വപ്രശ്‌നം ആളികത്തിച്ച് സാമൂദായിക ധ്രൂവീകരണം ലക്ഷ്യമിടുന്നവര്‍ പൊദയഗുരി ഗ്രാമത്തിലെ സഹിഫുള്‍ ഷെയ്ക്കിന്റെ ജീവിതം കാണണം. കൊക്രാജര്‍ കലാപം സൃഷ്ടിച്ച സാമൂഹ്യ പ്രത്യാഘാതത്തിന്റെ പരിച്ഛേദമാണ് ഈ ബാലന്‍.

2012ലെ കലാപത്തില്‍ കുടുംബം തകര്‍ന്നു. വിദ്യാഭ്യാസം മുടങ്ങി.ജീവിത പ്രാരാബ്ധങ്ങള്‍ സഹിഫുള്‍ ഷെയ്ഖിനെ എത്തിച്ചത് ബാല വേല കമ്പോളത്തിലായിരുന്നു. 9ാം വയസ്സില്‍ തൊഴിലാളിയായി. ഇപ്പോള്‍ പ്രായം 14.കൂട്ടുകാരെല്ലാം സ്‌ക്കൂളിലേയ്ക്ക് പോകുമ്പോള്‍ നിരാശയോടെ അവന്‍ നോക്കിനില്ക്കും

‘പഠിക്കാന്‍ ആഗ്രഹമുണ്ട്.സാധിക്കില്ല. കുടുംബത്തില്‍ അത്രയ്ക്ക് കഷ്ടപ്പാടാണ്’

സഹിഫുള്‍ ഷെയ്ഖ്-കലാപത്തിന് മുമ്പ് വിദ്യാര്‍ത്ഥി. കലാപശേഷം തൊഴിലാളി

കൊക്രാജാര്‍ കലാപത്തില്‍ ഏറ്റവും നഷ്ടമുണ്ടായത് മുസ്‌ളിംങ്ങള്‍ക്കാണ്.എന്നാല്‍ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ ബോഡോ ഗ്രാമങ്ങളിലും ഉണ്ടായി.ലോകേഘര്‍ ഗ്രാമത്തിലെ വിദ്യാലയം അഗ്‌നിക്കിരയായതോടെ കുട്ടികളില്‍ പലരും പഠനം നിര്‍ത്തി.ഇവിടുത്തെ 16 കുട്ടികളാണ്
തൊഴില്‍ തേടി നഗരങ്ങലിലേയ്ക്ക് ചേക്കേറിയത്.

ഗ്രാമത്തില്‍ കണ്ടുമുട്ടിയ ബസുമുട്ടേരി തന്റെ മകന്‍ ദില്ലിയിലേയ്ക്ക് വണ്ടികയറാനുളള കാരണം പറഞ്ഞതിങ്ങനെ;
‘ കലാപത്തോടെ തൊഴിലില്ലായ്മ രൂക്ഷമായി.കൃഷിയെമാത്രം ആശ്രയിച്ച് ഇക്കാലത്ത് ജീവിക്കാനാകില്ല.കൊക്രാജാര്‍ നഗരവും സമീപ പ്രദേശങ്ങളും പ്രധാന തൊഴില്‍ കേന്ദ്രമായിരുന്നു.നഗരജീവിതം സ്തംഭിച്ചതോടെ തൊഴിലവസരങ്ങള്‍ ഇല്ലാതായി.പഠനം മുടങ്ങി വീട്ടിലിരിക്കുകയായിരുന്ന എന്റെ മകന്‍ ദില്ലിയിലേയ്ക്ക് പോവുകയാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വിലക്കിയില്ല’.

കലാപത്തെ തുടര്‍ന്ന് പഠനം ഉപേക്ഷിച്ച് ബോഡോ ഗ്രാമമായലോകേഘറില്‍
നിന്ന് തൊഴില്‍ തേടി പലായനം ചെയ്തത് 16 കുട്ടികള്‍

കൊക്രാജാറിലെ കലാപ ബാധിതമേഖലയിലെ ഒരു സര്‍ക്കാര്‍ സ്‌ക്കൂള്‍

പ്രതിരോധ മരുന്നുകള്‍ പോലും കിട്ടിയില്ല

പൊദയഗുരിയില്‍ ഒരു വിദ്യാലയമുണ്ട്. മുളകൊണ്ട് കെട്ടിയുണ്ടാക്കിയ താല്‍കാലിക മുറിയില്‍ അഞ്ച് ക്‌ളാസുകളിലെ അറുപതോളം കുട്ടികള്‍ പഠിക്കുന്നു. രണ്ട് അധ്യാപകര്‍ ഉണ്ട്.അവര്‍ക്ക് വല്ലപ്പോഴുമെ ശബളം ലഭിക്കുന്നുളളൂ.

സ്‌ക്കൂളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒന്നുമില്ല.കുട്ടികളെല്ലാം ദരിദ്രരായ മുസ്ലിം കുടുംബങ്ങലില്‍ നിന്നുളളവരാണ്.കൊക്രാജാര്‍ കലാപത്തെ തുടര്‍ന്ന് ഗ്രാമങ്ങളില്‍ നിന്ന് പലായനം ചെയ്ത്
അഭയം തേടി പൊദയഗുരിയില്‍ എത്തിയവരുടെ കുഞ്ഞുങ്ങളാണ് മിക്കവരും.

പലരുടേയും പേരുകള്‍ പൗരത്വപട്ടികയില്‍ ഇല്ല. ഉച്ച ഭക്ഷണമാണ് അവരെ സ്‌ക്കൂളിലേയ്ക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

വിദ്യാഭ്യാസത്തിലുമുപരി കുട്ടികളെ ആകര്‍ഷിക്കുന്നത് ഉച്ചഭക്ഷണമാണ്

അധ്യാപകനായ അബ്ദുള്‍ സലാം ശോചനീയാവസ്ഥ
വിവരിച്ചത് ഇങ്ങനെ:

‘കുട്ടികള്‍ക്ക് രോഗ പ്രതിരോധ മരുന്നുകളൊന്നും ഇവിടെ ലഭിക്കുന്നില്ല. രാജ്യത്ത് രോഗപ്രതിരോധ തുളളിമരുന്നുകള്‍ കുട്ടികള്‍ക്ക് നല്കുന്നതായി കേല്‍ക്കുന്നുണ്ട്.മറ്റ് സ്‌ക്കൂളുകളില്‍ ഇത് നടക്കുന്നുണ്ട്.ഡോക്ടര്‍മാര്‍ വരുമോ എന്ന് കുട്ടികള്‍ ചോദിക്കാറുണ്ട്.പക്ഷെ ഇവിടെ ഇതൊന്നും
നടക്കുന്നില്ല’

പൊദയഗുരി സ്‌ക്കൂളിലെ ബ്‌ളാക്ക് ബോര്‍ഡ്

പൊദയഗുരി ഗ്രമത്തിലെ പകുതിയോളം കുട്ടികള്‍ മാത്രമേ സ്‌കൂളില്‍ എത്തുന്നുളളൂ.സമീപത്തുളള മുളയുടെ മുകളില്‍ തൂങ്ങിയാടി പലകുട്ടികളും പകല്‍ സമയം തള്ളിനീക്കും.

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഇവര്‍ക്കാരും പറഞ്ഞ് കൊടുക്കുന്നില്ല. കളിപ്രായം തീരുന്നതിന് മുമ്പുതന്നെ ഇവര്‍ ബാലവേലാ വിപണിയിലെ വില്പന വസ്തുക്കളാകും.

പകല്‍ ജീവിതം സ്‌ക്കൂളിന് പുറത്ത്.അടുത്ത ഘട്ടം ബാലവേല

മഴ പെയ്യുമ്പോഴും ജലക്ഷാമം നേരിടുന്ന കുട്ടികള്‍
———————————————————-

പൊദയഹിരിയില്‍ നിന്ന് 25 കിലോമീറ്റര്‍ യാത്ര ചെയ്താണ് ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തിയിലെ ചിരാംഗ് വനത്തിലെത്തിയത്.ഈ വനമേഖല അടുത്ത കാലം വരെ ഭീകര സംഘടനയായഎന്‍ ഡി എഫ് ബി സോഗ്ബിജിത് വിഭാഗത്തിന്റെ ശക്തി കേന്ദ്രമായിരുന്നു.

സംഘടന ദൂര്‍ബലമായതോടെ കൊക്രാജാറിനെ ഭൂട്ടാനുമായി ബന്ധിപ്പിക്കുന്ന വനപാത സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു.
ഈ വനത്തില്‍ മിക്കസമയത്തും മഴപെയ്തുകൊണ്ടിരിക്കും.

സന്ധ്യകളില്‍ അപൂര്‍വ്വയിനം പൂമ്പാറ്റകളെ കാണാം. എന്നാല്‍ മനസാക്ഷിയുളളവര്‍ക്കൊന്നും വനസൗന്ദര്യം ആസ്വദിക്കാനാവില്ല.കനത്ത മഴയിലും പത്ത് കിലോമീറ്റര്‍ വരെ അകലെ നിന്ന് സൈക്കിളില്‍ വെളളം കൊണ്ടുവരുന്ന ഗോത്രവര്‍ഗ്ഗക്കാരെ കാണാം.

ഇവരില്‍ പലരും കുട്ടികളാണ്.കളിക്കാനും പഠിക്കാനുമെല്ലാം ചെലവഴിക്കേണ്ട സമയം
വെളളം തേടിയുളള സൈക്കിള്‍ യാത്രകള്‍ക്കായി ഈ കുട്ടികള്‍ വിനിയോഗിക്കുന്നു.

പഠിക്കാനും കളിക്കാനും സമയം ചെലവഴിച്ചാല്‍ വീട്ടിലെ ദാഹം തീരില്ല

ഒപ്പമുണ്ടായിരുന്ന അസമീസ് മാധ്യമ പ്രവര്‍ത്തകനും കൊക്രാജര്‍ സ്വദേശിയുമായ റിനീഷ് വനമധ്യത്തിലെ വൈരുദ്ധ്യ കാഴ്ച്ചകളെ വിലയിരുത്തിയതിങ്ങനെ; ‘ നന്നായി മഴ പെയ്യുന്ന ഈ പ്രദേശം നേരിടുന്ന കുടിവെളള ക്ഷാമത്തിന്റെ കാരണം വികസനമില്ലായ്മയാണ്.

എന്നാല്‍ അടിസ്ഥാന വികസന പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിട്ട് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളും സ്വത്വാധിഷ്ഠിത സംഘടനകളും ജനങ്ങളില്‍ വര്‍ഗീയവും വംശീയവുമായ വികാരം ആളികത്തിക്കുന്നു. ഇതിന്റെ ഇരകളാണ് ഈ കുട്ടികള്‍’

കൊക്രാജര്‍ ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്നു. സ്‌കൂളുകളില്‍ പോകാത്തവര്‍, ബാലവേലയെടുക്കുന്നവര്‍, ശൈശവ കാല പ്രതിരോധ മരുന്നുകള്‍ ലഭിക്കാത്തവര്‍ ബംഗ്ലാദേശിലേയ്ക്ക് നാടുകടത്തപ്പെടുമോ എന്നോര്‍ത്ത് ഭയന്നു വിറയ്ക്കുന്നവര്‍.കുറെ കരിവാളിച്ച മുഖങ്ങളോടാണ് കൊക്രാജറില്‍ യാത്ര പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here