ഇപ്പോഴും അത്ഭുതമാണ്; എങ്ങനെയാണ് പോലീസ് ക്ഷമയുടെ ഹിമാലയൻ പ്രതിരോധം തീർക്കുന്നതെന്ന്

അക്രമത്തെ കരുത്തു കൊണ്ട് ജയിക്കേണ്ട സേന വിവേകപൂർവ്വമായ ക്ഷമ കൊണ്ട് ഒരു തുള്ളി ചോര പൊടിയാതെ യുദ്ധം ജയിക്കുന്നത് ലോകമാതൃകയാണ്.

മറു ചെകിട് കാണിച്ചു കൊടുത്ത മഹാത്മാവിനെ ഞാൻ കണ്ടിട്ടില്ല. എന്നാൽ ടൗണിൽ കാണുന്ന ഒരോ പോലീസുകാരനെയും ഇന്ന് ഞാൻ നെഞ്ചോട് ചേർക്കാറുണ്ട്.

പോലീസിൽ എന്റെ സുഹൃത്തുക്കളുള്ളത് അഭിമാനമായി കരുതുന്നു. ദാസനും വിജയനും കേസ് അന്വേഷണത്തിന് അമേരിക്കയിൽ പോയത് പഴങ്കഥയാകാം.

എന്നാൽ കേസ് തെളിയിക്കാൻ അന്യരാജ്യങ്ങൾ ക്ഷണിക്കുന്നതും പരീശീലനത്തിന് വിദേശത്തുള്ളവർ എത്തുന്നതും രാജ്യത്തിന്റെ ചെറുവിരൽ വലിപ്പമുള്ള സംസ്ഥാനത്തെ പോലീസ് സേനക്ക് അതിവിദൂരമല്ലാതെ കൈവരുമെന്ന് നേർസാക്ഷ്യങ്ങളാണ്.

പരമോന്നത കോടതിയുടെ വിധി പരിഗണിക്കാത്ത, സ്ത്രീകളെ വെറും മൃഗമായി കാണുന്ന പുരുഷുരും അവരുടെ വളർത്തു സ്ത്രീകളും നേതാക്കൾ കുത്തിവെച്ചു പേയിളകി തെരുവിൽ കലിയിളകി തുള്ളുമ്പോൾ സംയമനം പാലിച്ച് ഭൂമിയോളം താഴ്ന്ന് രാപ്പകൽ സമാധാന പാലനത്തിനായി അദ്ധ്വാനിക്കുകയാണ് നിയമ പാലകർ.

അതും ശുദ്ധ വിശ്വാസികൾ പാവനമായി കരുതുന്ന സന്നിധിയിൽ. ഇവിടെ അവരെ സഹായിക്കാൻ പാർട്ടിയോ സംഘടനയോ നാട്ടുകാരോ ഇല്ല. പ്രളയത്തിൽ എല്ലാവരുടെയും സഹായമുണ്ടായിരുന്നു. കലാപകാലത്ത് അവർ തനിച്ചാണ്.

ഹർത്താൽ ദിനത്തിൽ കണ്ടതാണ്, വാഹനങ്ങൾ തടഞ്ഞു നിർത്തി വിചാരണ നടത്തിയും കടകൾ ബലമായി അടപ്പിച്ചും റോഡ് ബ്ലോക്കാക്കിയും ആക്രോശിച്ച് മുമ്പൊന്നും കാണാത്ത വിധം ഭീകരാന്തരീഷം സൃഷ്ടിക്കുമ്പോഴും അവർ സംയമനം പാലിച്ചത്.

നിർദേശിച്ചിടത്ത് നിന്ന് ഒരടി മുന്നോട്ട് ബൈക്ക് നിർത്തിയതിന് കൊടിവടി കൊണ്ട് അടിക്കാനായി പാഞ്ഞടുത്ത് അട്ടഹസിച്ചതും നിങ്ങളുടെ മൂക്കിന്റെ തുമ്പത്തായിരുന്നു. സോഷ്യൽ മീഡിയയിൽ മാത്രമല്ല, ക്ഷമയുടെ കാര്യത്തിൽ കാക്കിക്കാർ ന്യൂയോർക്ക് പോലീസിനെയും വെല്ലും.

ഇടക്ക് യുദ്ധമില്ലെങ്കിൽ സൈനികരുടെ മാനസിക പിരിമുറുക്കം കൂടുമെന്ന് പറയാറുണ്ട്. ഇവരുടെ കാര്യത്തിലോ? വിഷം കയറ്റിയവർക്ക് അത് തിരിച്ചെടുക്കാനറിയില്ല, അവർ വാക്കുകൾ മാറ്റി കൊണ്ടിരിക്കും.

നമ്മൾ അവർക്ക് കിട്ടാ മുന്തിരിയാണ്. പുളിമുന്തിരി. നൂറ്റാണ്ടുകളായുള്ള ശരണാലയം തീവ്ര ആശയക്കാരുടെ ഭരണകേന്ദ്രമായി കൂടാ.

വിശ്വാസികൾക്കിടയിൽ നിന്ന് കലാപകാരികളെ വേർത്തിരിക്കണം. ദൂരെ നിന്ന് നേതാക്കളും ദേശാടനത്തിന് വരും. ആളുകൾ ചേരി മാറുമ്പോൾ വോട്ടു നഷ്ടപ്പെടുന്ന ആധിയിൽ വിറളി പിടിച്ചവർ വാർത്തയിൽ ഇടമുണ്ടാക്കാൻ അവസരമാക്കും – ഇവരെയും സ്വീകരിക്കേണ്ടി വരും.

ഹെൽമിറ്റട്ടവർക്ക് പൂവ് നൽകിയും രാത്രിയാത്രക്കാർക്ക് കട്ടൻ ചായ നൽകിയുമുള്ള അതെ ചിരി ചിരിക്കേണ്ടി വരും. ഇവർ സ്ഥിരം ഒരു പാർട്ടിയുടെ സേവകരല്ല, ഭരണം മാറിയുമ്പോഴും എല്ലാ പാർട്ടിക്കാർക്കുമുള്ള പോലീസ്. കുടുംബവും നാടും വീടുമുള്ള വിശ്വാസികൾ.

ക്ഷമയുടെ നെല്ലിപ്പടികൾ കണ്ട ഇവരുടെ നിയന്ത്രണം അറ്റുപോകുമോ എന്ന് ഞാൻ ഭയക്കുന്നു. ബസിലൊന്നു ദൂരേക്ക് പോകാനോ കുട്ടിയെ സ്കൂളിൽ വിടാനോ പേടിയാണ്.

എപ്പോഴാണ് ഹാർത്തൽ വരുന്നതെന്ന് പറയാനൊക്കില്ല. നോട്ടു നിരോധനം പോലെ പുലർച്ചെ മൂത്രൊഴിക്കാൻ എണീക്കുമ്പോഴാകും നേതാക്കളുടെ ഹർത്താൽ പ്രഖ്യാപനം.

ഇനി ഹർത്താൽ വന്നാൽ അത് കലാപമാണ്. പിന്നീട് നാടുണ്ടാകുമോ എന്ന് പറയാനാവില്ല. നിങ്ങളുടെ സംയമനത്തിലാണ് ഞങ്ങൾ സ്വാതന്ത്യം ആസ്വദിക്കുന്നത്.

നിങ്ങൾ ക്ഷമിക്കുന്നതുകൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്. നിങ്ങൾ ഉണർന്നിരിക്കുന്നതുകൊണ്ടാണ് ഞങ്ങൾ സ്വസ്തരായി ഉറങ്ങുന്നത്.
So big salute
Kerala Police

– ബാലൻ വേങ്ങര

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News