ശബരിമല: കോണ്‍ഗ്രസ് നിലപാട് ആത്മഹത്യാപരമെന്ന് കെപി ഉണ്ണികൃഷ്ണന്‍; ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അതിന്റെ ഗൗരവം മനസിലാക്കണം

കോഴിക്കോട്: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റെ നിലപാട് ആത്മഹത്യാപരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് കെപി ഉണ്ണികൃഷ്ണന്‍.

ശബരിമലവിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ഇതുവരെ കോണ്‍ഗ്രസ്സ് ഉണ്ടാക്കിയ നേട്ടങ്ങള്‍ ഇല്ലാതാക്കുന്ന നിലപാടാണെന്നും കെപി ഉണ്ണികൃഷ്ണന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

നിരോധനാജ്ഞ ലംഘിച്ച് ശബരിമല കയറാന്‍ പോയ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അതിന്റെ ഗൗരവം മനസ്സിലാക്കണമെന്നും കെപി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സുപ്രീം കോടതി ഭരണഘടനാബഞ്ചിന്റെ വിധി നടപ്പിലാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ബാധ്യസ്ഥരാണ്.

അല്ലെങ്കില്‍ അത് കോടതി അലക്ഷ്യമാവും. ബിജെപിക്ക് വഴി തുറന്നുകൊടുക്കാന്‍ സഹായിക്കയല്ല കോണ്‍ഗ്രസ്സ് ചെയ്യേണ്ടത്.അത് ആപത്കരമായ വഴി തുറന്ന് കൊടുക്കലാവും.

1931ല്‍ കോണ്‍ഗ്രസ്സിന്റെ കറാച്ചി സമ്മേളനം മുതല്‍ സ്ത്രീക്കും പുരുഷനും തുല്യനീതിയെന്ന ആശയം നമ്മള്‍ മുന്നോട്ട് വച്ചതാണ്. കാര്യം മനസ്സിലാകാതെ ആരെങ്കിലും ബിജെപി വാദത്തിന് പിറകെ പോകുന്നെങ്കില്‍ വസ്തുത ബോദ്യപ്പെടുത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ്സ് നടത്തേണ്ടേത്.

തൊട്ടുകൂടായ്മയെക്കാള്‍ വല്യവിപത്തായി ഗാന്ധിജി ചൂണ്ടിക്കാട്ടിയത് ലിംഗ വിവേചനമാണ്. ഗുരുവായൂര്‍ വൈക്കം സത്യാഗ്രഹങ്ങള്‍ വന്‍വിജയമായിരുന്നു. ഇതെല്ലാം ജോല്‍സ്യന്മാരും തന്ത്രിമാരും ഉണ്ടാക്കി തന്നതല്ല. കോണ്‍ഗ്രസ്സ് ഇപ്പോഴെടുത്ത നിലപാട് ആത്മഹത്യാപരമാണ്.

ആചാരങ്ങളുടെ പേരിലാണ് യുവതീപ്രവേശത്തെ എതിര്‍ക്കുന്നതെങ്കില്‍ ഈ ആചാരങ്ങള്‍ എപ്പോള്‍ തുടങ്ങി എങ്ങനെ തുടങ്ങി എന്നതെല്ലാം കോണ്‍ഗ്രസ് നേതൃത്വം പഠിക്കണമെന്നും കെപി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഈ ആചാരങ്ങള് ചില ഹൈക്കോടതി ജഡ്ജിമാരുടെ ഫോര്‍മുലകളായി വന്നതാണെങ്കില്‍ തിരസ്‌ക്കരിക്കേണ്ടതുണ്ടെന്നും ജനങ്ങളെ ഇപ്പോള്‍ യുവതീപ്രവേശനത്തിനായി ബോധവല്‍ക്കരിക്കയാണ് കോണ്‍ഗ്രസ്സ് നിര്‍വ്വഹിക്കേണ്ട രാഷ്ട്രീയ ലക്ഷ്യമെന്നും കെപി ഉണ്ണികൃഷ്ണന്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here