പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന് പൊന്‍ രാധാകൃഷ്ണന്‍; ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്ന് യതീഷ് ചന്ദ്ര; ഒടുവില്‍ മന്ത്രിയുടെ യാത്ര കെഎസ്ആര്‍ടിസി ബസില്‍; വൈറലായ ആ സംഭാഷണം ഇങ്ങനെ

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ട മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഒടുവില്‍ കെഎസ്ആര്‍ടിസി ബസിലാണ് നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് പോയത്.

നിലയ്ക്കലില്‍ ഡ്യൂട്ടിയുണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്രയോട് മന്ത്രി ഇതിനെച്ചൊല്ലി തര്‍ക്കിക്കുകയും ചെയ്തു.

പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ കടത്തിവിടുന്നുണ്ട്, എന്തുകൊണ്ട് സ്വകാര്യ വാഹനങ്ങള്‍ വിടുന്നില്ല എന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

സ്വകാര്യ വാഹനങ്ങള്‍ പോയാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നും അങ്ങനെയായാല്‍ അതിന്റെ ഉത്തരവാദിത്വം മന്ത്രി ഏറ്റെടുക്കുമോ എന്നും എസ് പി ചോദിച്ചു. എന്നാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.

ഇതോടെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ എസ്പിയോട് കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങി. കേന്ദ്രമന്ത്രി ഉത്തരവിട്ടാല്‍ ഗതാഗതം അനുവദിക്കാമെന്നും താന്‍ തന്റെ ഡ്യൂട്ടിയാണ് ചെയ്യുന്നതെന്നും എസ്പി പറഞ്ഞു.

ഇതോടെ മന്ത്രിയും സംഘവും ബസില്‍ കയറി പമ്പയിലേക്ക് പോകുകയായിരുന്നു.

ഇരുവരും തമ്മിലുള്ള സംഭാഷണം ഇങ്ങനെ:

മന്ത്രി പൊന്‍: ”നിങ്ങള്‍ പമ്പയിലേക്ക് സ്റ്റേറ്റ് ബസുകള്‍ പോകാന്‍ അനുവദിക്കുന്നുണ്ടോ” ?

യതീഷ് : ”യെസ് സാര്‍”

പൊന്‍: ”എങ്കില്‍ പ്രൈവറ്റ് വാഹനങ്ങളും പോകാന്‍ അനുവദിക്കണം”

യതീഷ്: ”സാര്‍ മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ പ്രളയത്തില്‍” ….

പൊന്‍: ”അതൊക്കെ എനിക്കറിയാം.പക്ഷെ”,

യതീഷ്: ”സാര്‍ ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാണോ? പ്രപളയത്തില്‍ പാര്‍ക്കിങ് സൗകര്യങ്ങളെല്ലാം തകര്‍ന്നിരിക്കുന്നു. അതിനാല്‍ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കാനാവില്ല”.

പൊന്‍: ”പിന്നെ നിങ്ങള്‍ കെഎസ്ആര്‍ടിസിക്ക് അനുമതി നല്‍കുന്നതോ” ?

യതീഷ്: ”സാര്‍ അതവിടെ പാര്‍ക്ക് ചെയ്യുന്നില്ലല്ലോ. പോയി തിരികെ വരികയല്ലേ”.

പൊന്‍: ”അതൊന്നും പറയണ്ട, നിങ്ങള്‍ പ്രൈവറ്റ് വാഹനങ്ങള്‍ പോകാന്‍ അനുവദിക്കണം”.

യതീഷ്:”ഓക്കേ സാര്‍, ഞാന്‍ അനുവദിക്കാം, പക്ഷെ അവിടെ ഉണ്ടാകുന്ന ട്രാഫിക്ക് പ്രശ്‌നങ്ങള്‍ക്കും, മറ്റു ബുദ്ദിമുട്ടുകള്‍ക്കും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ താങ്കള്‍ തയ്യാറാണോ, എങ്കില്‍ ഞാന്‍ ഈ നിമിഷം മുതല്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാം”.

പൊന്‍: ”ബ ബ ബ അതെങ്ങനെ ഞാന്‍ ഏറ്റെടുക്കും”?.

യതീഷ്: ”അതാണ് സാര്‍ കാര്യം, സാര്‍ പറഞ്ഞിട്ട് പോകും. ഉത്തരവാദിത്വം ആരും ഏല്‍ക്കില്ല. ഞാന്‍ ഉത്തരം പറയണം”.

മന്ത്രി ഉത്തരം മുട്ടി നില്‍ക്കുന്ന സമയം, അടുത്തു നിന്ന എ.എന്‍ രാധാകൃഷ്ണന്‍ ചാടി വീണു, ”നിങ്ങള്‍ മര്യാദക്ക് സംസാരിക്കണം.. നിങ്ങളുടെ പണി ചെയ്യാതെ ഞങ്ങളുടെ മന്ത്രിയെ ചോദ്യം ചെയ്യുന്നോ. മന്ത്രിയോട് മര്യാദക്ക് സംസാരിക്കണം”.

യതീഷ് ചന്ദ്ര രാധാകൃഷ്ണനെ ഒന്ന് നോക്കി.

പൊന്‍: ”അപ്പോള്‍ നിങ്ങള്‍ എന്റെ വാഹനവും അനുവദിക്കില്ല”.

യതീഷ് ചന്ദ്ര: ”തീര്‍ച്ചയായും സാര്‍, സിറ്റിങ് മന്ത്രിമാരുടെ വാഹങ്ങള്‍ അനുവദിക്കും”.

പൊന്‍: ”നിങ്ങള്‍ അതുപോലെ എല്ലാ വാഹനങ്ങളും പോകാന്‍ അനുവദിക്കണം”.

യതീഷ് ചന്ദ്ര: ”പറ്റില്ല സാര്‍, അതല്ലങ്കില്‍ ഇപ്പോള്‍ താങ്കള്‍ ഓര്‍ഡര്‍ തരു ഞാന്‍ വാഹനങ്ങള്‍ വിടാം”.

പൊന്‍: ”ഞാനെങ്ങനെ ഓര്‍ഡര്‍ നല്‍കും. എനിക്കതിനുള്ള അധികാരമില്ല”.

യതീഷ് ചന്ദ്ര: ”അതാണ് സാര്‍ കാര്യം. അധികാരമുള്ള സര്‍ക്കാര്‍ ഏല്‍പ്പിച്ച നടപടിയായാണ് ഞാന്‍ ചെയ്യുന്നത്”.

പൊന്‍ : ”ശരി, ഞാന്‍ പോയി സന്ദര്‍ശിക്കട്ടെ”.

യതീഷ് ചന്ദ്ര: ”തീര്‍ച്ചയായും സാര്‍, കാര്യങ്ങള്‍ താങ്കള്‍ക്ക് നേരിട്ട് ബോധ്യപ്പെടും. താങ്ക്യു സാര്‍”.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News