ശബരിമലയില്‍ പോകുന്നവര്‍ക്ക് എന്തിനാണ് പരിശീലനം? സാധനങ്ങള്‍ എന്ന് ഉദ്ദേശിക്കുന്നത് എന്ത്? ബിജെപിയുടെ സര്‍ക്കുലറിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: ശബരിമലയിലേക്ക് പ്രത്യേകം പരിശീലനം ലഭിച്ചവര്‍ സാധനസാമഗ്രികളുമായി എത്തണമെന്ന ബിജെപിയുടെ സര്‍ക്കുലറിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

ശബരിമലയില്‍ പോകുന്നവര്‍ക്ക് എന്തിനാണ് പരിശീലനമെന്നും സാധനങ്ങള്‍ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തേണ്ടതല്ലേയെന്നും കോടതി ചോദിച്ചു. ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണമില്ലെന്നും ഒരുലക്ഷത്തി അറുപത്തിരണ്ടായിരം പേര്‍ ഇതുവരെ ദര്‍ശനം നടത്തിയതായും സര്‍ക്കാര്‍ അറിയിച്ചു.

ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഭക്തര്‍ക്ക് തടസ്സമാണെന്ന് ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെ നല്‍കിയ വിവിധ ഹര്‍ജികളിലാണ് ഹൈക്കോടതി നിര്‍ണായകമായ പരാമര്‍ശങ്ങള്‍ നടത്തിയത്.

നിരോധനാജ്ഞ ഭക്തരെ തടയാന്‍ ഉദ്ദേശിച്ചുളളതല്ലെന്ന് വിശദീകരിച്ച സര്‍ക്കാര്‍ ഒരു ലക്ഷത്തി അറുപത്തി രണ്ടായിരം പേര്‍ ഇതുവരെ ദര്‍ശനം നടത്തിയതായി വ്യക്തമാക്കി. പ്രശ്‌നക്കാരായ 34 പേര്‍ക്ക് മാത്രമാണ് നോട്ടീസ് നല്‍കിയിട്ടുളളത്.

ക്രമസമാധാനപാലനത്തിന് വേണ്ടിയാണ് നിരോധനാജ്ഞയെന്നും അഡ്വക്കെറ്റ് ജനറല്‍ അറിയിച്ചു. തുലാമാസ പൂജകള്‍ക്കും ചിത്തിര ആട്ട വിശേഷ പൂജകള്‍ക്കുമായി നട തുറന്നപ്പോള്‍ വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടായി.

മണ്ഡലകാലത്തും സംഘര്‍ഷസാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പുണ്ടെന്നും ഇത് വ്യക്തമാക്കുന്ന ബിജെപിയുടെ സര്‍ക്കുലറും എജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനും ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും പ്രവര്‍ത്തകര്‍ക്ക് നല്‍കിയ സര്‍ക്കുലറാണ് ഹാജരാക്കിയത്.

സര്‍ക്കുലര്‍ പരിശോധിച്ച ഹൈക്കോടതി ശബരിമലയില്‍ പോകാന്‍ എന്തിനാണ് ട്രെയ്‌നിംഗ് എന്ന് ചോദിച്ചു. സാധനസാമഗ്രികള്‍ കരുതണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

ഇരുമുടിയല്ലാതെ എന്തിനാണ് മറ്റ് സാധനങ്ങള്‍. സാധനങ്ങള്‍ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. അതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കേണ്ടതല്ലേയെന്നും കോടതി ചോദിച്ചു.

പ്രാര്‍ത്ഥനായജ്ഞത്തിന് പ്രതിഷധത്തിന്റെ സ്വഭാവമുണ്ടെന്നും കോടതി പരാമര്‍ശിച്ചു. കഴിഞ്ഞ ദിവസം നടപ്പന്തലില്‍ നടത്തിയ പ്രതിഷേധത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ഹാജരാക്കണമെന്ന് ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോനും ജസ്റ്റിസ് എന്‍ അനില്‍കുമാറും ഉള്‍പ്പെട്ട ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.

ശബരിമലയില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ ആധാരമാക്കിയ രേഖകളും റിപ്പോര്‍ട്ടുകളും അടങ്ങിയ ഫയല്‍ ഹാജരാക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടറോട് നിര്‍ദേശിച്ച കോടതി കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News