സ്ത്രീക്കും പുരുഷനും വ്യത്യസ്ത ദൈവങ്ങളുണ്ടോ? ജനങ്ങളെ വിഭജിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സിദ്ധരാമയ്യ

ബംഗളുരു: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ വിവാദമാക്കി ബിജെപി കേരളത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ.

ഇത്തരം വൈകാരിക വിഷയങ്ങള്‍ കത്തിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനും ജനങ്ങളെ തമ്മില്‍ വിഭജിപ്പിക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. ഒരുവിധത്തിലുമുള്ള സാമൂഹ്യനീതിയും ബിജെപി മുന്നോട്ടുവെയ്ക്കുന്നില്ല.

മുത്തലാഖിനെതിരായ സുപ്രീംകോടതി വിധിയെ മഹത്തായ നേട്ടമെന്ന് പറഞ്ഞവരാണ് ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതിനെതിരെ പ്രതിഷേധിക്കുന്നത്.

ക്ഷേത്രങ്ങളില്‍ പോകാനും ആരാധിക്കാനും സ്ത്രി പുരുഷ ഭേദമെന്യേ എല്ലാവര്‍ക്കും അവകാശമുണ്ട്. സ്ത്രീക്കും പുരുഷനും വ്യത്യസ്ത ദൈവങ്ങളുണ്ടോയെന്നും സിദ്ധരാമയ്യ ചോദിച്ചു

ശബരിമല സ്ത്രീ പ്രവേശനം പോലുള്ള വൈകാരിക വിഷയങ്ങളില്‍ വിവാദങ്ങള്‍ പടര്‍ത്തി ജനങ്ങള്‍ക്കിടയില്‍ ഭീതിയും ഭിന്നതയും സൃഷ്ടിച്ച് എന്തെങ്കിലും നേട്ടമുണ്ടാക്കാമെന്നാണ് ബിജെപി കരുതുന്നത്.

ശബരിമലയുടെ പേരില്‍ ഇത്രയും പ്രശ്നങ്ങള്‍ കേരളത്തിലവര്‍ ഉണ്ടാക്കിയിട്ടും ഇതൊന്നും അറിഞ്ഞില്ലെന്ന് നടിച്ച് കേന്ദ്രം അനങ്ങാതിരിക്കുകയാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here