ശബരിമലയില്‍ 52കാരിയെ ആക്രമിച്ചസംഭവം; കെ.സുരേന്ദ്രനെതിരെ വധശ്രമം ഉള്‍പ്പെടുത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; വത്സന്‍ തില്ലങ്കേരി, വിവി രാജേഷ്, പ്രകാശ് ബാബു എന്നിവര്‍ക്കെതിരെയും ഗൂഢാലോചനക്കുറ്റത്തിന് കേസ്

പത്തനംതിട്ട: ശബരിമല ആക്രമണവുമായി ബന്ധപ്പെട്ട് നാലു ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ചിത്തിര ആട്ട വിശേഷസമയത്ത് 52കാരിയായ തൃശൂര്‍ സ്വദേശിനി ലളിതാ ദേവിയെ തടഞ്ഞസംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് തെളിഞ്ഞതോടെയാണ് കേസെടുത്തത്.

കെ. സുരേന്ദ്രന്‍, വത്സന്‍ തില്ലങ്കേരി, വിവി രാജേഷ്, പ്രകാശ് ബാബു എന്നിവര്‍ക്കെതിരെയാണ് ഗൂഢാലോചനക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഗൂഢാലോചന നടത്തിയതിന് തെളിവുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേസ്.

ലളിതാ ദേവിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സൂരജ് ഇലന്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് ഗൂഢാലോചനയുണ്ടെന്ന കാര്യം വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു.

സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച കേസില്‍ അറസ്റ്റിലായ സുരേന്ദ്രന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ വാറണ്ടുള്ളതിനാല്‍ പുറത്തിറങ്ങാനായില്ല.

ശബരിമലയും നിലയ്ക്കലും അടങ്ങുന്ന റാന്നി താലൂക്കില്‍ 2 മാസത്തേക്ക് പ്രവേശിക്കരുതെന്ന ഉപാധിയിലാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. ഇതിനിടയിലാണ് പുതിയ കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News