കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍സില്‍ ബംഗാളിനെതിരെ രഞ്ജി ട്രോഫിയില്‍ കേരളത്തിന് ചരിത്ര ജയം. ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയുള്‍പ്പെട്ട ടീമിനെ 9 വിക്കറ്റിന് തോല്‍പ്പിച്ച് കേരളം സീസണിലെ തുടര്‍ച്ചായായ രണ്ടാം ജയം സ്വന്തമാക്കി.
സ്കോര്‍ ബംഗാള്‍ ഒന്നാം ഇന്നിങ്ങ്സില്‍ 147, രണ്ടാം ഇന്നിങ്ങ്സില്‍ 184 റണ്‍സ്, കേരളം ഒന്നാം ഇന്നിങ്ങ്സില്‍ 291, രണ്ടാം ഇന്നിങ്ങ്സില്‍ ഒരു വിക്കറ്റിന് 44 റണ്‍സ്. കളി തീരാന്‍ ഒന്നര ദിവസം ബാക്കിനില്‍ക്കെയായിരുന്നു കേരളത്തിന്‍റെ ജയം.
അർധസെഞ്ചുറിയുമായി കേരളത്തിന്‍റെ ബൗളിങ് ആക്രമണത്തെ ചെറുത്തുനിന്ന ക്യാപ്റ്റൻ മനോജ് തിവാരിയാണ് രണ്ടാം ഇന്നിങ്സിൽ ബംഗാളിന്റെ ടോപ് സ്കോറർ.
75 പന്തിൽ 12 ബൗണ്ടറി സഹിതം 62 റൺസെടുത്താണ് തിവാരി പുറത്തായത്. സുദീപ് ചാറ്റര്‍ജിയും (39) വിവേക് സിങ്ങും (25) അനുസ്തൂപ് മജുംദാറും (23) പിടിച്ചുനിന്നെങ്കിലും മറ്റുള്ളവര്‍ രണ്ടക്കം കാണാതെ പുറത്തായതോടെ ബംഗാളിന്‍റെ തകര്‍ച്ച പൂര്‍ണമായി.
കേരളത്തിന് വേണ്ടി 21.5 ഓവറില്‍ 33 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരാണ് ബംഗാളിനെ തകര്‍ത്തത്. ബേസില്‍ തമ്പി മൂന്ന് വിക്കറ്റ് വീഴ്ത്തി.
സെഞ്ച്വറിയോടെ കേരളത്തിന് ആദ്യ ഇന്നിങ്ങ്സില്‍ മികച്ച സ്കോർ സമ്മാനിച്ച ജലജ് സക്സേന രണ്ടാം ഇന്നിങ്ങ്സില്‍ 21 പന്തില്‍ നിന്ന് 26 റണ്‍സ് നേടി കേരളത്തിന്‍റെ വിജയം വേഗത്തിലാക്കി. ആന്ധ്രയ്ക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും സക്സേന സെഞ്ച്വറി നേടിയിരുന്നു.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് കേരളത്തിന് 13 പോയിന്‍റായി. തുമ്പ സെന്റ് സേവ്യേഴ്സ് മൈതാനത്ത് ഈ മാസം 28 മുതൽ മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്‍റെ അടുത്ത മൽസരം.
Get real time update about this post categories directly on your device, subscribe now.