തൊ‍ഴില്‍ കുടിയേറ്റങ്ങള്‍ കുട്ടികളെ നിരക്ഷരരാക്കുന്നു; മുന്നറിയിപ്പുമായി യുനസ്കൊ

ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നുളള തൊ‍ഴില്‍ കുടിയേറ്റങ്ങള്‍ കുട്ടികളിലെ നിരക്ഷരതയ്ക്ക് കാരണമാകുന്നതായി യുനസ്കൊയുടെ ആഗോള വിദ്യാഭ്യാസ റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു;

“2013ല്‍ തൊ‍ഴില്‍ തേടി അന്യസംസ്ഥാനങ്ങളിലേയ്ക്ക് കുടിയേറിയവരുളള വീടുകളില്‍ 6 വയസ്സിനും 14 വയസ്സിനും ഇടയില്‍ പ്രായമുളള 1 കോടി 7 ലക്ഷം കുട്ടികളാണ് ഉണ്ടായിരുന്നത്. ഇന്ന് ഇവരിലെ 28% പേര്‍ നിരക്ഷരരാണ്.”

രാജ്യത്തെ 7 പ്രമുഖ നഗരങ്ങളിലാണ് യുനസ്കൊ പഠനം നടത്തിയത്.തൊ‍ഴിലിനായി കുടിയേറുന്നവരിലെ ഒരുവിഭാഗം കുട്ടികളേയും ഒപ്പം കൊണ്ടുപോകുന്നു.

എന്നാല്‍ പുതിയ സ്ഥലത്തേക്ക് അച്ഛനമ്മമാരോടൊപ്പം ജീവിതം പറിച്ച് മാറ്റപ്പെടുന്ന കുട്ടികളിലെ 80% പേര്‍ക്കും
സമീപ പ്രദേശങ്ങളിലൊന്നും വിദ്യാഭ്യാസത്തിനായുളള അവസരം ലഭിക്കുന്നില്ല.

വിദൂര സ്ഥലങ്ങളിലെ വിദ്യാലയങ്ങളിലേയ്ക്ക് പോകാന്‍ അവര്‍ക്ക് സാമ്പത്തികവും ഭൗതികവുമായ സാഹചര്യമില്ല. ഇവരിലെ 40% കുട്ടികള്‍ പഠനം ഉപേക്ഷിച്ച് ബാലവേല ആരംഭിക്കുന്നു.

വിദ്യാഭ്യാസ അവകാശനിയമം നോക്കുകുത്തി
———————————————————

ബാലവേല തടയാന്‍ രാജ്യത്ത് നിയമങ്ങള്‍ പലതും ഉണ്ട്. എന്നാല്‍ ബാലവേല ഇപ്പോ‍ഴും മുഖ്യവിപത്തായി തുടരുകയാണ്. ഇതിന് യുനസ്കൊ ഉദാഹരിക്കുന്നത് പഞ്ചാബിലെ ഇഷ്ടിക ചൂളകളെയാണ്.

2015-16 കാലയളവില്‍ സംസ്ഥാനത്തെ 3000 ഇഷ്ടികചൂളകളില്‍ സര്‍വെനടത്തി. തൊ‍ഴിലാളികളിലെ 60% ഇതര സംസ്ഥാനങ്ങളില്‍ നിന്നുളളവരായിരുന്നു.

ഇവര്‍ കുടുംബ സമേതമാണ് തൊ‍ഴിലിനായി കുടിയേറിയത്. തൊ‍ഴിലാളികളിലെ 77% പേരും തങ്ങളുടെ കുട്ടികള്‍ക്ക് പ്രീ പ്രൈമറി, പ്രൈമറി, വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമല്ലെന്നാണ് അറിയിച്ചത്.

കുടിയേറ്റ തൊ‍ഴിലാളികളില്‍ ഒരു വിഭാഗം മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കുന്നതിനായി മക്കളെ ഗ്രാമത്തില്‍ തന്നെയാണ് പഠിപ്പിക്കാറുളളത്.

ഇങ്ങനെയുളള 5 വയസ്സിനും 8 വയസ്സിനും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ ഇവരുടെ പഠന നിലവാരം മോശമാണെന്ന് കണ്ടെത്തി.വിദ്യാഭ്യാസ കാലഘട്ടത്തില്‍ അച്ഛന്‍റെ നിരിക്ഷണമോ പ്രോത്സാഹനമോ ഇവര്‍ക്ക് ലഭിക്കുന്നില്ല.

ഇന്ത്യന്‍ ഭരണ ഘടനയിലെ 86ാം ദേദഗതി അനുസരിച്ച് വിദ്യാഭ്യാസം മൗലിക അവകാശമാണ്. നിയമ ഭേദഗതി കൊണ്ട് ഏറ്റവും പ്രയോജനം ചെയ്യേണ്ടത് കുടിയേറ്റ തൊ‍ഴിലാളികളുടെ കുട്ടികള്‍ക്കാണ്.

ഇവരുടെ വിദ്യാഭ്യാസ അവകാശം ഉറപ്പുവരുത്തണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇവര്‍ക്കായുളള പ്രവേശന നടപടികള്‍ സുഗമമാക്കണം, യാത്രാ സൗകര്യം, മൊബൈല്‍ സ്കൂള്‍,ഹോസ്റ്റല്‍ സൗകര്യം എന്നിങ്ങനെ നിയമം നടപ്പിലായാല്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുമെന്ന് പറഞ്ഞിരുന്നതൊന്നും കുടിയേറ്റ തൊ‍ഴിലാളികളുടെ മക്കള്‍ക്ക് ലഭ്യമായിട്ടില്ല.

രാജസ്ഥാന്‍ പാരാജയം; കേരളം വിജയം
————————————————
ഇഷ്ടികകളങ്ങളില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊ‍ഴിലാളികളുടെ മക്കള്‍ക്കായി രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രത്യേക വിദ്യാഭ്യാസ പദ്ധതി ആരംഭിച്ചിരുന്നു.

2010-2011 കാലയളവില്‍ കൊട്ടിഘോഷിച്ച് ആരംഭിച്ച പദ്ധതി പക്ഷെ തുടക്കത്തിലെ പാളി. കുട്ടികള്‍ മാത്രമല്ല, അദ്ധ്യാപകരും ക്ളാസുകളില്‍ എത്തിയിരുന്നില്ലെന്ന് യുനസ്കൊ റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു.

അതേസമയം ഇതര സംസ്ഥാന തൊ‍ഴിലാളികളുടെ കുട്ടികള്‍ക്കായി എറണാകുളം ജില്ലയില്‍ ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും, എസ്.എസ്.എയും സന്നദ്ധസംഘടനകളും ചേര്‍ന്ന് നടത്തുന്ന റോഷ്ണി പദ്ധതി വന്‍ വിജയമായിരുന്നു.

ഇതരസംസ്ഥാന തൊഴിലാളികളുടെ രണ്ടായിരത്തോളം കുട്ടികള്‍ ജില്ലയിലെ 18 സ്‌കൂളുകളിലായി പഠിക്കുന്നുണ്ട് കൊഴിഞ്ഞ്‌പോക്ക് തടയുക എന്നതാണ് പ്രധാന ലക്ഷ്യം. കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാനുളള പരിശ്രമവും റോഷ്ണി പദ്ധതിയുടെ ഭാഗമായി നടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News