ലൈഫ് പദ്ധതിക്ക് റെക്കോര്‍ഡ് നേട്ടം; പൂര്‍ത്തിയാക്കിയത് അരലക്ഷം വീടുകള്‍; എല്ലാ ജില്ലയിലും ഓരോ ഭവനസമുച്ചയത്തിന്റെ നിർമാണം ഫെബ്രുവരിയിൽ ആരംഭിക്കും

തിരുവനന്തപുരം: വിവിധ പദ്ധതികളിൽനിന്ന് വായ്പയെടുത്ത് നിര്‍മാണം ആരംഭിക്കുകയും ഇടയ‌്ക്ക‌് മുടങ്ങിപ്പോവുകയും ചെയ്ത 48,197 വീടുകള്‍ ലൈഫ് മിഷന്റെ ഭാഗമായി പൂർത്തിയാക്കി.

സംസ്ഥാനത്ത് ഇത്തരത്തില്‍ നിര്‍മാണം മുടങ്ങിയതായി കണ്ടെത്തിയ 54,036 വീടുകളില്‍ 89.2 ശതമാനം പൂര്‍ത്തിയാക്കി ലൈഫ് പദ്ധതി കൈവരിച്ചത് റെക്കോർഡ‌് നേട്ടം.

അവശേഷിക്കുന്ന 5,839 വീട് താമസിയാതെ യാഥാർഥ്യമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു.

സ്വന്തമായി ഭൂമിയുണ്ടെങ്കിലും വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന സംരംഭത്തിലേക്ക് 1,84,255 ഗുണഭോക്താക്കളെയാണ് തെരഞ്ഞെടുത്തത്.

ഇതില്‍ രേഖകൾ സമർപ്പിച്ച 78,565 പേർ ധനസഹായത്തിന് അർഹതനേടി. 59,600 വീടുകളുടെ നിർമാണം തുടങ്ങി. നാലുലക്ഷം രൂപ വീതമാണ് ഗുണഭോക്താവിന‌് അനുവദിക്കുന്നത‌്. ബാക്കിയുളളവർക്ക് രേഖകൾ ഹാജരാക്കാൻ ആവശ്യമായ സഹായം ചെയ്തുകൊടുക്കും.

തീരദേശസംരക്ഷണനിയമം, തണ്ണീർത്തടനിയമം എന്നിവയനുസരിച്ച് വീടിന് അനുമതി ലഭിക്കാത്തവരുടെ കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കാൻ കലക്ടർമാരെ ചുമതലപ്പെടുത്തും.

2019 മേയ് മാസത്തോടെ ബാക്കിയുളള വീടുകളും പൂർത്തിയാക്കും. ഭൂരഹിത ഭവനരഹിതർക്കുളള ഭവനസമുച്ചയങ്ങൾ പണിയുന്നതിന് 580 ഏക്കർ വിവിധ ജില്ലകളിൽ കണ്ടെത്തി.

എല്ലാ ജില്ലയിലും ഓരോ ഭവനസമുച്ചയത്തിന്റെ നിർമാണം ഫെബ്രുവരിയിൽ ആരംഭിക്കും. വാസയോഗ്യമല്ലാത്ത വീടുകളുടെ നവീകരണം അവസാനഘട്ടമായാണ് ഏറ്റെടുക്കുക.

യോഗത്തിൽ മന്ത്രിമാരായ എ കെ ബാലൻ, ഡോ. തോമസ് ഐസക്, കെ കെ ശൈലജ, ജെ മേഴ്സിക്കുട്ടിയമ്മ, എം എം മണി, ടി പി രാമകൃഷ്ണൻ, എ സി മൊയ്തീൻ, ആസൂത്രണബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News